Friday, January 23, 2009

ശ്രീശാന്ത് തന്റെ ആദ്യപ്രണയത്തെ കുറിച്ച്

ശ്രീശാന്ത്:ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയെ നിങ്ങള്‍ അറിയില്ല. അവള്‍ സിനിമാതാരമൊന്നുമല്ല. പേരു ചോദിക്കരുത്. പറയില്ല അവള്‍ ബാംഗൂരിലെ ഫ്ളോറന്‍സ് സ്കൂളില്‍ എന്റെയൊപ്പം പഠിച്ചതാണ്. എട്ടാം ക്ളാസിലാണു ഞാന്‍ ഫ്ളോറന്‍സില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. കൊച്ചിയില്‍ നിന്നു ബാംഗൂര്‍ പോലെയൊരു നഗരത്തിലേക്കു ചെന്നതിന്റെ പരിഭ്രമം തുടക്കത്തില്‍ ഉണ്ടായിരുന്നു.

ക്രിക്കറ്റില്‍ മികച്ച പരിശീലനം നേടുകയെന്ന ലക്ഷ്യവുമായാണു ഞാന്‍ ബാംഗൂരില്‍ എത്തിയത്. പക്ഷേ അവളെ ഇഷ്ടപ്പെടാന്‍ അതൊന്നും തടസമായിരുന്നില്ല. ആദ്യം കണ്ടപ്പോള്‍ തന്നെ അവളുടെ രൂപം എന്റെ മനസില്‍ പതിഞ്ഞു. എന്റെ സ്കൂളിലെ ഏറ്റവും സുന്ദരിയായ കുട്ടി. അവളെ ആകര്‍ഷിക്കാനുള്ള വകുപ്പൊന്നും അന്ന് ഇല്ല. അവളുടെ അംഗീകാരം പരിഗണിക്കാതെ ഞാന്‍ അവളെ സ്നേഹിച്ചു. സ്നേഹിക്കുക എന്നാല്‍ സ്നേഹത്തിന്റെ പരമാവധി.

ചെറിയ പ്രായമല്ലേ ഇപ്പോളാണെങ്കില്‍ വന്നാല്‍ സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ സംസാരിക്കാം. അന്നതു പറ്റില്ലല്ലോ. അക്കാലത്തു മനസ് ഓരോ നിമിഷവും മുള്‍മുനകളിലൂടെയാണു നീങ്ങുന്നത്. ഞാന്‍ ഇഷ്ടമാണെന്നു പറയുമ്പോള്‍ അവള്‍ക്കു നിരസിക്കാനാവാത്ത ഉയരത്തില്‍ ഞാനെത്തും. അവളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസില്‍ അങ്ങനെ പറഞ്ഞു. പ്രാക്ടീസ് ചെയ്യുമ്പോള്‍ പോലും ആ വാശി എന്നെ ഉത്തേജിപ്പിച്ചു.

ഏഴു വര്‍ഷം ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കണ്ടിട്ട്, എത്ര പൊക്കംവച്ചെ ന്നോ എത്ര വണ്ണമുണ്ടെന്നോ ഇപ്പോള്‍ അവള്‍ എങ്ങനെയായിരിക്കുമെന്നോ പോലും ഞാന്‍ ചിന്തിച്ചില്ല. അവളുടെ വീട്ടില്‍ ചെല്ലണം. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയണം. അതുമാത്രമായിരുന്നു ചിന്ത.

പരമ്പരാഗത ബ്രാഹ്മിണ്‍ കുടുംബമായിരുന്നു അവളുടേത്. ഞാന്‍ ചെന്നപ്പോള്‍ അവള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. അവളുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു.

Wednesday, January 7, 2009

അ‌റിഞ്ഞില്ലേ?നിങ്ങളുടെ 2009ലെ നക്ഷത്രഫലം

1. അശ്വതി:അശ്വതി നക്ഷത്രക്കാര്‍ക്ക് വ്യാഴവും, രാഹുവും ഒരുമിച്ചു കര്‍മ്മ സ്ഥാനത്തും, സെപ്റ്റംബര്‍ 9 മുതല്‍ ശനി ആറിലും, നവംബര്‍ 17 മുതല്‍ രാഹു ഭാഗ്യസ്ഥാനത്തും, കേതു സോദര ഭാവത്തിലും വരികയാണ്. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും, താമസം മാറ്റവും, ചിലപ്പോള്‍ ജോലി മാറ്റവും, കര്‍മ്മത്തില്‍ ചില പിഴവുകള്‍ വന്നു അതിജീവിക്കാനും സാദ്ധ്യതയുണ്ട്. ജാതകത്തില്‍ ഗ്രഹാനുകൂല്യമുണ്ടെങ്കില്‍ അപ്രതീക്ഷിതമായ ധനാഗമവും, ശത്രുവിരോധ കുറവും ഉണ്ടാകാം അല്ലെങ്കില്‍ മറിച്ചും സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിള്ളലുണ്ടാകാം. രാഹുദശ അനുഭവിക്കുന്ന അശ്വതിക്കാര്‍ പരമാവധി ഈശ്വരാധീനം വരുത്തണം. സര്‍പ്പപ്രീതി, സെന്റ് ജോര്‍ജ്- ഗീവര്‍ഗീസ് പുണ്യവാളന്മാരെ പ്രാര്‍ത്ഥിക്കുക തുടങ്ങിയവകൊണ്ട് രാഹുമാറ്റം ഗുണകരമാക്കുക. ജാതകത്തില്‍ രാഹുകേതുക്കള്‍ ബലമില്ലെങ്കില്‍ കര്‍മ്മരംഗത്തിന് നഷ്ടവും, ഭാഗ്യക്കേടും സംഭവിക്കാം. മുന്‍കൂര്‍ ശ്രദ്ധിച്ചാല്‍, പരിഹരിച്ചാല്‍ ബുദ്ധിമുട്ടില്‍ നിന്നും ഒഴിവാക്കാം. ഓപ്പറേഷന്‍, ജീവിതപങ്കാളിയുമായുള്ള അകല്‍ച്ച ഇവയും ദോഷമായി ഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യാഴദശ അശ്വതിക്കാര്‍ ആയുരാരോഗ്യവും പ്രത്യേകം ശ്രദ്ധിക്കണം.

2. ഭരണി:ഭരണിക്കും മേല്‍പറഞ്ഞതു തന്നെയാണ് ഗ്രഹസ്ഥിതി. വ്യാഴ, ചൊവ്വ, രാഹു, ശനി ദശക്കാര്‍ക്ക് പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വ ദശ ഭരണിക്കാര്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതെയും, രാഹുദശക്കാര്‍ ഓരോ ചുവടുവയ്പിലും, സാമ്പത്തികകാര്യമുള്‍പ്പെടെ ശ്രദ്ധിച്ചും, ശനിദശ ഭരണിക്കാര്‍ കേസ്വഴക്ക് ആരോപണം വരാതെയും, വ്യാഴദശക്കാര്‍ ജീവിതപങ്കാളി ആയൂരാരോഗ്യം ശ്രദ്ധിച്ചും നീങ്ങണം. ഗ്രഹനില ബലമുള്ളതുകൊണ്ട് നിക്ഷേപ വര്‍ധന, ഭൂമി സ്വത്ത് ലാഭം, വിദ്യാഭ്യാസ വിജയം എന്നിവ ഉണ്ടാകും. ബലമില്ലാത്തവര്‍ക്ക് ഈ മേഖലകളിലെല്ലാം തടസ്സവും നഷ്ടവും സ്ഥിതിചെയ്യുന്ന സ്ഥലം വിട്ട് മനപ്രയാസത്തോടെ ഒഴിഞ്ഞുപോകേണ്ടതായും വരാം. മേല്‍പറഞ്ഞ ഗ്രഹങ്ങളുടെ പ്രീതിക്കായി പൂജാ, പ്രാര്‍ത്ഥനകള്‍ അനുഷ്ഠിച്ചാല്‍ ദോഷം കുറഞ്ഞ് ഗുണം വര്‍ദ്ധിക്കാം.

3. കാര്‍ത്തിക:കാര്‍ത്തികക്ക് കുംഭം രണ്ട് മേടവും, ഇടവും. മേടക്കൂറുകാര്‍ക്ക് വര്‍ഷം ഗുണകരമാണെങ്കില്‍, അത്രയും ഗുണം ഇടവക്കൂറുകാര്‍ക്ക് പ്രതീക്ഷിക്കാന്‍ വഴിയില്ല. മേടക്കൂറുകാര്‍ക്ക് അശ്വതി, ഭരണിക്ക് പറഞ്ഞ ഏറെക്കുറെ അനുഭവങ്ങളും, അതിനുതകുന്ന രീതിയില്‍ പരിഹാരങ്ങളും നടത്തുക. ഇടവക്കൂറുകാര്‍ക്ക്, അഞ്ചിലെ ശനിയും, എട്ടിലെ രാഹുവും, രണ്ടിലെ കേതുവും, അവിചാരിതമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കര്‍മ്മതടസ്സം, രോഗം, എന്നിവയ്ക്കു സാദ്ധ്യതയുണ്ട്. ഗ്രഹനിലയില്‍ രാഹുകേതുക്കളും, ശനി വ്യാഴവും അനുകൂലമാണെങ്കില്‍ കാര്‍ത്തികയ്ക്ക് അവിചാരിതമായ നേട്ടങ്ങള്‍ ഉണ്ടാകും. ഗ്രഹബലമില്ലെങ്കില്‍ ദോഷപരിഹാരം നടത്തി വര്‍ഷത്തെ അനുകൂലമാക്കുക.

4. രോഹിണി:രോഹിണിക്ക് വ്യാഴം അനുകൂലമാണെങ്കിലും രാഹു കേതു ശനിയുടെ മാറ്റം അതിഭദ്രമല്ല. അതിനാല്‍ 2009 സെപ്തംബര്‍ മുതല്‍ രോഹിണി നക്ഷത്രക്കാര്‍ കൂടുതല്‍ ശ്രദ്ധയോടെ നീങ്ങണം. രോഹിണിയ്ക്ക് ഏറെക്കുറെ യൌവനത്തില്‍ രാഹുദശയും, മദ്ധ്യവയസ്സിനോടടുത്തു ശനിദശയുമാണ്. രാഹുദശ നടപ്പുള്ള രോഹിണി ചെറുപ്പക്കാര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ട പല സംഭവങ്ങളും ഉണ്ടാകാം. കുടുംബത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകാം. ശനിദശ അനുഭവിക്കുന്ന രോഹിണിക്കാര്‍ മന്ദതയും, മനപ്രയാസവും, മക്കളെക്കൊണ്ട് ബുദ്ധിമുട്ടുവരാതിരിക്കാനും വാതം, ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാതെയും വന്നു ബുദ്ധിമുട്ടിക്കാതെയും ശ്രദ്ധിക്കണം. വ്യാഴദശയുള്ള രോഹിണിക്കാര്‍ക്ക് ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാല്‍ ഗ്രഹബലമുണ്ടെങ്കില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാം.

5. മകയിരം:മകയിരവും ഇടവം മിഥുനം കൂറിലായി നില്‍ക്കുന്ന നക്ഷത്രങ്ങളാണ്. ഇടവക്കൂറുകാര്‍ക്ക് മിഥുനക്കൂറുകാരെക്കാള്‍ 2009 ഗുണപ്രദമാണ്. മിഥുനക്കൂറുകാര്‍ രാഹു, കേതു, ശനി, വ്യാഴ ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യണം. ശനി, രാഹു, വ്യാഴ ദശ അനുഭവിക്കുന്ന മകയിരംകാര്‍ അതത് ദശാനാഥന്‍മാര്‍ക്ക് പ്രീതികരമായ വ്രതവും, ദോഷ പരിഹാരവും നടത്തണം. മൃത്യുഞ്ജയ മന്ത്ര ജപവും മൃത്യുഞ്ജയ ഹോമവും നന്നായിരിക്കും. വീട്ടില്‍ ഗണപതിഹോമം, ഭഗവതി പൂജ, വെഞ്ചരിക്കല്‍ ഇവ നടത്തുക. ബന്ധങ്ങളും, കര്‍മ്മരംഗവും കുഴപ്പത്തിലാകാതെ ശ്രദ്ധിക്കണം. മുന്‍കൂര്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കണ്ണില്‍ കൊള്ളാതെ പുരികത്ത് കൂടി കടന്നുപോകും.

6. തിരുവാതിര:തിരുവാതിരയ്ക്ക് ഏറ്റവും പ്രശ്ന സങ്കീര്‍ണ്ണമായ ഒരു വര്‍ഷമായിരിക്കും 2009. വ്യാഴത്തിന്റെ വിപരീതാവസ്ഥ, രാഹുകേതുക്കളുടെ ഇപ്പോഴത്തെ നിലയും മാറ്റവു. ശനി കണ്ടകനായി വരുന്നതും എല്ലാം. ശനി, വ്യാഴം, രാഹു, കേതു പ്രീതി വരുത്തണം. നവഗ്രഹ പ്രീതിയും വരുത്തണം. വിവാഹാദി മംഗളകര്‍മ്മങ്ങളിലും, കുടുംബകാര്യങ്ങളിലും വളരെ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം. വിവാഹം കഴിഞ്ഞവര്‍ ദീര്‍ഘമംഗല്യ ഭാഗ്യത്തിന് പ്രാര്‍ത്ഥനയും പൂജകളും നടത്തുക. ഒരുവര്‍ഷം ചിപ്പിക്കകത്തുപെട്ട മഞ്ഞുതുള്ളിപോലെ പരമാവധി ഒരുങ്ങി ജീവിക്കുക. ശനി, വ്യാഴ ദശ നടപ്പുള്ളവരും കേതു ആദിത്യ ദശ നടക്കുന്ന തിരുവാതിരക്കാരും ആവും വിധം ഈശ്വരാധീനം നേടുക. അത്രമാത്രമേ ഒരു ഉപായമുള്ളൂ.

7. പുണര്‍തം:പുണര്‍തവും രണ്ട് കൂറുള്ള നക്ഷത്രമാണ്. മിഥുനക്കൂറും, കര്‍ക്കിടകക്കൂറും, ഇതില്‍ മിഥുനക്കൂറുകാര്‍ക്ക്, തിരുവാതിരയോട് ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ വായിച്ച് അതുപോലെ ജാഗ്രതയോടെ 2009 തള്ളിനീക്കുക. കര്‍ക്കിടകക്കൂറുകാര്‍ക്ക് വിവാഹം, മംഗള കര്‍മ്മങ്ങള്‍, ഇവയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്. പക്ഷേ, വ്യാഴത്തിന് ബലമില്ലാത്തതിനാലും രാഹുബന്ധമുള്ളതിനാലും ഗുണം പരമാവധി ലഭിക്കണമെങ്കില്‍ നല്ലവണ്ണം ഈശ്വരപ്രീതികൂടി നേടണം. ശനിദശ അനുഭവിക്കുന്ന പുണര്‍തം കാര്‍ മൃത്യുഞ്ജയ അര്‍ച്ചന, ജപം, പൂജ നടത്തുന്നത് കുറെക്കൂടി ഗുണകരമാണ്.

8. പൂയം:പൂയത്തിനും പ്രത്യക്ഷത്തില്‍ ഗുണകരമായ വര്‍ഷമെന്ന് തോന്നിയാലും, അനുഭവിക്കുന്ന ദശയ്ക്കനുസരിച്ചു ഗുണദോഷം കൂടിയും കുറഞ്ഞും വരുമെന്നതിനാല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കേതു, ആദിത്യന്‍, ദശ അനുഭവിക്കുന്നവര്‍ ഗണപതി, ദുര്‍ഗ്ഗ, ചാമുണ്ടി പ്രീതി കേതുവിനും ആദിത്യന് ശിവ, സൂര്യപ്രീതിയും നേടുക. സര്‍പ്പപ്രീതിയും നേടണം, ദിവ്യമാതാവിനേയും, സെന്റ് ജോര്‍ജ്, ഗീവര്‍ഗീസ് പുണ്യവാളനേയും അവരുടെ വിശ്വാസമനുസരിച്ച് പ്രാര്‍ത്ഥിച്ച് ഈശ്വരീയത വര്‍ദ്ധിപ്പിച്ചാല്‍ അനേക വര്‍ഷമായി സ്വപ്നം കാണുന്ന ജീവിതോദ്ദേശ്യം സഫലീകരിക്കാം. ശുക്രദശ അനുഭവിക്കുന്നവര്‍ ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വരാതെയും സ്വഭാവദൂഷ്യം വരാതെയും ശ്രദ്ധിക്കണം. വിഷ്ണുപ്രീതി, ആര്‍ജിച്ചാല്‍ ഭാഗ്യകടാക്ഷം വര്‍ദ്ധിക്കും.

9. ആയില്യം:ആയില്യത്തിനും ഗുണകരമായ വര്‍ഷമാണ് . എന്നാല്‍ ഗുണഫലം പൂര്‍ണ്ണ അളവില്‍ ലഭിക്കണമെങ്കില്‍ ഈശ്വരീയത വര്‍ദ്ധിപ്പിക്കണം. ഭൂമിലാഭം, ഗൃഹലാഭം, എന്നിവ ഉണ്ടാകാവുന്ന വര്‍ഷമാണ്. കുറച്ചുകാലമായി നിലനിന്ന അശാന്തിയ്ക്ക് ഒരു അയവ് വരും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കേതു. ആദിത്യന്‍, ചൊവ്വാ ദശ ആയില്യക്കാര്‍ക്ക് അതത് ഗ്രഹങ്ങള്‍ക്ക് പ്രീതികരമായ പ്രാര്‍ത്ഥനയും, പൂജയും എടുക്കുന്നത് നല്ലതാണ്. ചന്ദ്രദശക്കാര്‍ക്ക്, ജാതകത്തില്‍ ചന്ദ്രന് ബലമുണ്ടെങ്കില്‍ വിപുലമായ ഗുണങ്ങള്‍ ഉണ്ടാകാം. വിദേശത്തു നിന്ന് ആദായം, വിദേശയാത്ര, എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. അന്നദാനം പാവങ്ങള്‍ക്ക് നല്‍കുന്നതും ഉത്തമമാണ്.

10. മകം:മകരത്തിന് വ്യാഴവും, ശനിയും, രാഹുകേതുക്കളും അത്ര ഗുണകരമല്ല. മാറ്റങ്ങള്‍ പോലും ഇടത്തേ കാലിലെ മജ് വലത്തേകാലിലായി എന്ന മട്ടിലാണ്. അതിനാല്‍ മൃത്യുഞ്ജയ മന്ത്രജപം, പൂജയും മേല്‍ പറഞ്ഞ ഗ്രഹങ്ങള്‍ക്ക് ശാന്തി പൂജകളും ചെയ്യുന്നതു നല്ലതാണ്. രാഹു, ചൊവ്വ, വ്യാഴം, ശനി ദശ നടപ്പുള്ള മകം നക്ഷത്രക്കാര്‍ വളരെ ശ്രദ്ധിക്കണം. ശുക്രദശയുള്ള യുവതീ യുവാക്കളും ആദിത്യ ദശയുള്ള വരും വിവാഹം തുടങ്ങിയ മംഗളകാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നതിന് മുന്‍പ് ഗുണദോഷം ശരിയാം വണ്ണം വിലയിരുത്തണം. സാമ്പത്തിക കാര്യത്തിലും നല്ല നിയന്ത്രണം വേണ്ടിവരും.

11. പൂരം:പൂരത്തിനും മകരത്തിന്റെ അവസ്ഥയാണ്. മൃത്യുഞ്ജയ മന്ത്രജപം, മൃത്യുഞ്ജയ അര്‍ച്ചന, വിഷ്ണുപ്രീതി, രാഹുപ്രീതി, ശനിപ്രീതി, കേതു പ്രീതി വരുത്തണം. ഭവനത്തില്‍ ഒരു ഗണപതി ഹോമവും, ഭഗവതി പൂജയും, അല്ലെങ്കില്‍ വിശ്വാസമനുസരിച്ച് വെഞ്ചരിക്കലും നടത്തുന്നത് നന്ന്. ദേഹരക്ഷ ധരിക്കുന്നതും കൊള്ളാം. രാഹു, വ്യാഴം, ശനി ദശക്കാര്‍ വളരെ ശ്രദ്ധിക്കണം. ഒന്ന് ഒതുങ്ങിയും പതുങ്ങിയും സത്യസന്ധമായി കര്‍മ്മം ചെയ്തും, വാഗ്വാദങ്ങളില്‍ ഇടപെടാതെ കഴിച്ചു കൂട്ടണം.

12. ഉത്രം:2009 സെപ്റ്റംബര്‍ വരെയുള്ളത്ര ഈശ്വരാധീനം സെപ്റ്റംബര്‍ കഴിഞ്ഞാല്‍ ഉത്രത്തിന് ലഭിക്കില്ല. ഉത്രത്തിന് രണ്ട് കൂറുണ്ട്. ചിങ്ങക്കൂറുകാര്‍ക്ക് മകം, പൂരത്തിന്റെ അവസ്ഥയും, കന്നിക്കൂറ് ഉത്രത്തിന് സെപ്തംബര്‍ വരെ കൂടുതല്‍ ദൈവാധീനം, അതുകഴിഞ്ഞാല്‍ ദൈവാധീന കുറവും വരാം. ചൊവ്വ, രാഹു, വ്യാഴം, ശനി, കേതു പ്രീതി വരുത്തുകയും, മൃത്യുഞ്ജയ മന്ത്രജപവും, അര്‍ച്ചനയും പൂജയും നടത്തുകയും, ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്‍പായസം നടത്തുകയും ചെയ്യുക. യേശുദേവനേയും, അമ്മമാതാവിനേയും ഉപാസിക്കുന്നതും ഗുണകരമാണ്.

13. അത്തം:അത്തത്തിന് 2009 സെപ്തംബര്‍ വരെയുള്ളതിനേ ദൈവാധീനക്കുറവ് സെപ്തംബറിന് ശേഷം വരാം. രാഹുദശയനുഭവിക്കുന്ന യുവതീ യുവാക്കളും, ശനിദശയനുഭവിക്കുന്നവരും വളരെ ശ്രദ്ധിക്കണം. പരമാവധി സര്‍പ്പപ്രീതിയും, ശനിപ്രീതിയും നേടുക. അങ്ങേയറ്റം ആത്മനിയന്ത്രണം പാലിച്ചു 2009 തള്ളിവിടുക. എന്നാല്‍ സന്താനങ്ങള്‍ക്ക് സൌഭാഗ്യം, വിദ്യ, വിവാഹം, വിദേശയാത്ര, ജോലി എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ശനിയാഴ്ച വ്രതമെടുക്കുന്നതും, വീട്ടില്‍ ഈശ്വരീയത വര്‍ദ്ധിപ്പിക്കാനുതകുന്ന പ്രാര്‍ത്ഥനയും പൂജകളും ചെയ്യുന്നതും ഗുണകരമാണ്.

14. ചിത്തിര:ചിത്തിര, കന്നി, തുലാം എന്നീ രണ്ട് കൂറുള്ള നക്ഷത്രമാണ്. വെവ്വേറെ രീതിയിലാണെങ്കിലും ചിത്തിരക്ക് ഏകദേശം തുല്യ ഫലമാണ്. രാഹു ദശയുള്ള ചിത്തിര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിലും, ശനിദശയുള്ള ചിത്തിരക്കാര്‍ക്ക് ജീവിതസൌഭാഗ്യത്തിനും പ്രത്യേകം ഈശ്വരീയത വരുത്തണം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനും സന്താനങ്ങള്‍ക്കും ഗുണംവരാനും സാദ്ധ്യതയുണ്ട്. ചിത്തിര പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. 54 ചൊവ്വാഴ്ച ഭദ്രകാളി, ദുര്‍ഗ്ഗാ, മുരുക ക്ഷേത്രത്തിലേതിലെങ്കിലും നെയ്ദീപം കത്തിക്കുകയോ, വേളാങ്കണ്ണി മാതാവ് പോലുള്ള മാതാക്കള്‍ക്ക് മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുന്നതും ഗുണകരമാണ്.

15. ചോതി:ജന്മദശാധിപന്‍ രാശിമാര്‍ പതിനൊന്നില്‍ വരുന്ന വര്‍ഷമാണ്. ജീവിതത്തിന് തന്നെ അടിസ്ഥാനപരമായ പുരോഗതിക്ക് തുടക്കം കുറിക്കുന്ന വര്‍ഷം. വിവാഹം, ജോലി, പരീക്ഷാ വിജയം, നിക്ഷേപം, ഗ്രഹനിര്‍മ്മാണം, പുതുക്കള്‍, വാഹനം തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്. എന്നാല്‍ ശനി ദശയും, ബുധദശയും, കേതുദശയും അനുഭവിക്കുന്ന ചോതി നക്ഷത്രക്കാര്‍ അതത് ഗ്രഹ പ്രീതിക്ക് വേണ്ടത് ചെയ്യണം.

16. വിശാഖം:തുലാം വൃശ്ചികം കൂറുകളിലായി നില്‍ക്കുന്ന നക്ഷത്രമാണ് വിശാഖം. വൃശ്ചികക്കൂറിന് സെപ്തംബറിന് ശേഷം കുറെക്കൂടി ഗുണകരമാണ്. ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചാല്‍ വിദ്യാ വിജയം, കര്‍മ്മ ഗുണം, ഭൂമിലാഭം, ഗൃഹനിര്‍മ്മാണം തുടങ്ങി പല നല്ല കാര്യങ്ങളും നടക്കാവുന്ന വര്‍ഷം. രാഹു, ശനി, കേതു പ്രീതികരങ്ങളായ പ്രാര്‍ത്ഥനകളും പൂജകളും ചെയ്യുന്നത് ഗുണം വര്‍ദ്ധിക്കാന്‍ ഉപകരിക്കും.

17. അനിഴം:അനിഴത്തിനും ശ്രദ്ധിച്ചാല്‍ നന്മയുടെ വര്‍ഷമാണ്. എന്നാല്‍ ബുധദശയനുഭവിക്കുന്ന യുവാക്കള്‍ പഠനത്തില്‍ ജാഗ്രതകാണിക്കണം. സന്താന ലാഭം, സന്താനങ്ങളെക്കൊണ്ടു ഗുണം, ദാമ്പത്യ ഗുണം, ഗൃഹലാഭം, കര്‍മ്മ ഗുണം എന്നിവ അനുഭവത്തില്‍ വരാം. ആദിത്യന്‍, കേതു. ബുധ ദശക്കാര്‍ പ്രത്യേക ഈശ്വരാധീനം വരുത്തണം. സഹോദര ഗുണവും, സൌഹൃദവര്‍ദ്ധനയും, വിദേശയാത്രയും ഗുണവും ഉണ്ടാകാം.

18. കേട്ട:കേട്ടയ്ക്കും 2009 സെപ്റ്റംബര്‍ മുതല്‍ കൂറെക്കൂടി നല്ല കാലമാണ്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ചില അവിചാരിത പ്രയാസങ്ങളും മറ്റും ഉണ്ടാകാം. എന്നിരുന്നാലും രാഹു, ചൊവ്വ ദശ ഒഴികെയുള്ള കേട്ടക്കാര്‍ക്ക് വിവിധ രീതിയിലുള്ള ഗുണാനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് അപ്രതീക്ഷിത ഗുണം ഉണ്ടായി സന്തോഷിക്കാനും ഇടവരും.

19. മൂലം:മൂലത്തിനും ഏറെക്കുറെ നല്ല വര്‍ഷമാണ്. ബന്ധുവര്‍ധന, ധനം. സുഖം, കര്‍മ്മം, ഗൃഹം, വാഹന ഗുണം ഉണ്ടാകാം. 2009 സെപ്റ്റംബര്‍ മുതല്‍ ശരീരത്തിന് പീഢയും രാഹുദശയാണെങ്കില്‍ ഓപ്പറേഷനോ വരെ ഉണ്ടാകാം. ജീവിതപങ്കാളിക്കും ചില അരിഷ്ടതകള്‍ വരാം. ചൊവ്വ. രാഹു, ശനി ദശ മൂലംകാര്‍ അതത്. ദശാനാഥന്‍മാരെ പ്രീതിപ്പെടുത്തണം.

20. പൂരാടം:പൂരാടത്തിനും ഉയര്‍ച്ചയുടെ വര്‍ഷമാണ്. സല്‍പേരിന് കളങ്കവും, ധനനഷ്ടവും, മറ്റുള്ളവരില്‍നിന്നും വഞ്ചനയും വരാതെ ശ്രദ്ധിക്കുന്നത് നന്ന്. എല്ലാരംഗത്തും, ധനം, കര്‍മ്മം, ഗൃഹം, സൌഹൃദത്തിലെല്ലാം ഉയര്‍ച്ചയും നന്മയുമുള്ള വര്‍ഷം. രാഹു. ചൊവ്വ, ശനി ദശ പൂരാടക്കാര്‍ക്ക് അതത് ദശാനാഥന്‍മാര്‍ക്ക് പ്രീതികരമായത് ചെയ്യണം.

21. ഉത്രാടം:ഉത്രാടം ധനു മകരം കൂറുകളില്‍ നില്‍ക്കുന്ന നക്ഷത്രമാണ്. ധനു ആദ്യ ഉത്രാടക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കുമ്പോള്‍, മകരക്കൂറുകാര്‍ക്ക് മനഃപ്രയാസത്തിന്റെ വര്‍ഷമാണ്. പ്രത്യേകിച്ചും ചൊവ്വ, രാഹു, ശനി ദശക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നിരുന്നാലും ദീര്‍ഘകാലമായി ആഗ്രഹിച്ച ഗൃഹനിര്‍മ്മാണം, സന്താനങ്ങളുടെ നന്മ, കര്‍മ്മഗുണം എന്നിവ ഉണ്ടാകും. ആയുരാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധിക്കണം.

22. തിരുവോണം:ഈശ്വരാധീനം കുറഞ്ഞും അഷ്ടമ ശനിയുമായാണ് തിരുവോണം നക്ഷത്രക്കാര്‍ക്ക് വര്‍ഷാരംഭം. എന്നാല്‍ 2009 സെപ്തംബറില്‍ അഷ്ടമ ശനിമാറുകയും, നവംബറില്‍ രാഹു പന്ത്രണ്ടിലേക്ക് മാറുകയും ചെയ്യുമ്പോള്‍ ശനിദോഷം മാറിയാലും, വ്യാഴ, രാഹു ദേഷം നിലനില്‍ക്കും. അതിനാല്‍ പരമാവധി ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചും രാഹു, വ്യാഴ, ശനി പ്രീതി വരുത്തിയും നീങ്ങുക. രാഹു, വ്യാഴ ദശയുള്ളവരും ശനിദശ തിരുവോണക്കാര്‍ക്കും കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഒരു നിശ്ചലാവസ്ഥയ്ക്ക് മാറ്റം വന്ന് പുരോഗതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി അനുഭവത്തില്‍ വരും.

23. അവിട്ടം:അവിട്ടം മകര കൂറും കുംഭകൂറുമുണ്ട്. മകരക്കൂറിന് തിരുവോണത്തിന്റെ അതേ അവസ്ഥയും, എന്നാല്‍ കുംഭക്കൂറുകാര്‍ക്ക് വെള്ളം വറ്റിയ സ്ഥലത്തെ വള്ളം തുഴയുന്നതുപോലെ ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ വരാവുന്നതാണ്. വ്യാഴവും കൂടി വ്യയ ദുരിതസ്ഥാനത്തെത്തി കയറുക ശനി സ്വാഗതം ചെയ്തു അഷ്ടമശനിയില്‍ എത്തിക്കുന്ന വര്‍ഷം. ആയുരാരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. മൃത്യുഞ്ജയ മന്ത്രജപം, അര്‍ച്ചന, ഹോമവും, വിഷ്ണുപ്രീതിയും, സര്‍പ്പപ്രീതിയും, ദേഹരക്ഷയും, വാസസ്ഥാനത്ത് ഭൂമി പൂജയും, വാസ്തു ദോഷം തീര്‍ക്കലും, ഗ്രഹ ഐശ്വര്യത്തിന് പൂജാദികള്‍ നടത്തുന്നതും ഉത്തമമാണ്.

24. ചതയം:അവിട്ടം കുംഭക്കൂറിന്റെ അതേ അവസ്ഥയാണ് ചതയത്തിനും. എന്നാല്‍ ചതയത്തിന്റെ ജന്മദശാ നാഥന്‍ വര്‍ഷാന്ത്യ്രം ലാഭ സ്ഥാനത്ത് വരുന്നത് ഗുണപ്രദമാണ്. അവിട്ടം കുംഭക്കൂറിന് പറഞ്ഞ പരിഹാരങ്ങളും ഒപ്പം ധനക്രയവിക്രയത്തില്‍ ശ്രദ്ധയും, വാഹനം, രാത്രിയാത്ര ഇവയില്‍ നിന്ന് ബുദ്ധിമുട്ട് വരാതെയും ശ്രദ്ധിക്കണം. ശനി, ബുധ ദശ അനുഭവിക്കുന്ന ചതയംകാര്‍ അതീവ ജാഗ്രതയോടെ ജീവിക്കണം.

25. പൂരുരുട്ടാതി:പൂരുരുട്ടാതി കുംഭം മീനം കൂറുകളിലായാണ് നില. കുംഭക്കൂറുകാര്‍ക്ക് അവിട്ടം, കുംഭക്കൂറിന്റെയും, ചതയത്തിന്റേയും അവസ്ഥയാണ്. കേതു, ശുക്ര ആദിത്യ എന്നീ ദശയും, ഗ്രഹനിലയില്‍ ബുധന്‍ ബലമില്ലാതെ നില്‍ക്കുന്ന പൂരുരുട്ടാതിക്കാരും പരമാവധി ഈശ്വരാധീനം വരുത്തണം. മീനക്കൂറ് പൂരുരുട്ടാതിക്ക് അല്പം കൂടി ഈശ്വരാധീനം ഉണ്ട്. ശ്രദ്ധിച്ചാല്‍ എല്ലാ മേഖലയിലും നല്ല മുന്നേറ്റം നടത്താവുന്ന വര്‍ഷമായി മാറും. ശനി, രാഹു, ചൊവ്വ പൂരുരുട്ടാതിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈശ്വരാധീനം വരുത്താന്‍ അമാന്തിക്കരുത്.

26. ഉത്രട്ടാതി:വ്യാഴം അനുകൂലം, 2009 സെപ്തംബര്‍ ആകുമ്പോള്‍ കണ്ടകശനി, വര്‍ഷാന്ത്യം രാഹുവും വിപരീതമാകും. ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാല്‍ അല്പ സ്വല്പ ബുദ്ധിമുട്ടുകള്‍ തടസ്സ രൂപേണ വന്നാലും ധാരാളം നേട്ടങ്ങളുടെ വര്‍ഷമായി മാറും. എന്നാല്‍ കര്‍മ്മ രംഗത്ത് ഒരു പ്രത്യേക കണ്ണ് വേണം. അല്ലെങ്കില്‍ ജോലി നഷ്ടം, തുടങ്ങി പലകോട്ടങ്ങളും ഉണ്ടാകാം.

27. രേവതി:രേവതിയ്ക്കും ഉത്രട്ടാതിയുടെ ഗോചരാന്‍ അവസ്ഥയാണ്. ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ ഗുണകരമാണെങ്കില്‍ നല്ല മുന്നേറ്റവും, അല്ലെങ്കില്‍ വര്‍ഷ മദ്ധ്യം കഴിഞ്ഞാല്‍ മനഃപ്രയാസവും, പുരോഗതിക്കുറവും വരാം. രേവതിയില്‍ രാഹു, ചൊവ്വ, ആദിത്യ ദശ നടപ്പുള്ളവര്‍ സര്‍പ്പപ്രീതി, ദേവിമുളക പ്രീതി- ആദിത്യ, ശിവ പ്രീതിയും, സെപ്തംബറിന് ശേഷം ശനീശ്വര- അയ്യപ്പ പ്രീതിയും നേടുക. ശനിയാഴ്ചകളില്‍ ശ്രീയേശുവിന് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും, സെന്റ് ജോര്‍ജ്, ഗ്രീഗോറിയോസ് പുണ്യവാളന്മാരെ ഭജിക്കുന്നതും നല്ലതാണ്.

പ്രഫ. ദേശികം രഘുനാഥന്‍,
എം. ജി. കോളജ്,
തിരുവനന്തപുരം.