Sunday, April 19, 2009

പുസ്തദിനത്തിന്റെ ഓര്‍മക്കായ്

പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയപോലെ വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസമാണ് ഏപ്രില്‍ 23 എന്ന ലോകപുസ്തകദിനം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ ഈ പുസ്തകദിനം വിപുലമായി തന്നെ ആഘോഷിക്കുന്നു.

വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുയും ഒപ്പം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്.എന്നാല്‍ നാം എത്ര പേര്‍ ഈ ദിവസം ഓര്‍ക്കുന്നുണ്ടിന്ന് എന്നുകൂടി ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നല്ലതാണ്.

പ്രശസ്ത ആംഗലകവി വില്യം വേഡ്സ് വര്‍ത്തിന്‍റെയും ആദ്യകാല നോവലിസ്റ്റും ഡോണ്‍ ക്വിക്സോട്ടിന്‍റെ കര്‍ത്താവുമായ മിഗ്വല്‍ ഡി സെര്‍വന്‍റസ്സിന്‍റെയും ചരമദിനവും അതു പോലെ
ആംഗലകവി റൂപര്‍ട്ട് ബ്രൂക്ക്, ജൊസെപ്പ് പ്ളാ മൗറി ഡ്രുവോന്‍, കെ ലാക്സ്നെസ് വ്ലാഡ്മിര്‍ നബൊകോവ് തുടങ്ങിയവരുടെ ജനന മരണ ദിനങ്ങളും ഈ തീയതിയാണ് എന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം!

ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.

ആശയ വിനിമയത്തിന്‍റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.

1996 ലെ യുനെസ്കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്കോ സമ്മേളനം ആഹ്വാനം ചെയ്തു.

പക്ഷേ, ബ്രിട്ടനില്‍ ലോക പുസ്തക ദിനമായി ആചരിക്കുന്നത് മാര്‍ച്ച് മൂന്നിനാണ്.
വായന പുസ്തക പ്രസാധനം എന്നിവയോടൊപ്പം ബൗദ്ധിക സ്വത്തവകാശവും പകര്‍പ്പവകാശവും സംരക്ഷിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം

പുസ്തകം മനുഷ്യന്‍റെ ഉത്തമസുഹൃത്തും വഴികാട്ടിയുമാണ്. മനുഷ്യസഹജമായ വികാരമാണ് വായന. ദുഖിതനെ അത് ആശ്വസിപ്പിക്കുന്നു. ആനന്ദ ഹൃദയനെ കൂടുതല്‍ ആഹ്ളാദചിത്തനാക്കി മാറ്റുന്നു.

പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന പുസ്തകങ്ങള്‍ ആയുധം കൂടിയാണെന്നത് പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്. വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്.

പുസ്തകം ആയുധമാക്കിയായിരുന്നു പുതിയ ചീനയുടെ വളര്‍ച്ച. ഇന്ത്യയില്‍ പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുണ്ടായ കാലതാമസം വളര്‍ച്ചയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കേരളത്തിന്‍റെ അപ്രതിരോധ്യമായ വളര്‍ച്ചയുടെ പ്രധാനനിദാനവും പുസ്തകങ്ങളാണ്.

വായിക്കുക വായിപ്പിക്കുക എന്നത് ജീവിത ദൗത്യമാക്കിയ പി എന്‍ പണിക്കരെ നമുക്ക് സ്മരിക്കാം.മലയാളിയുടെ വായന സജീവമായി നിലനിര്‍ത്തിയ പൈങ്കിളി സാഹിത്യകാരന്മരേയും ഈ ദിനത്തില്‍ ഓര്‍മ്മിക്കണം.

ലോകപുസ്തകദിനാചരണം എന്ന ഗൗരവപൂര്‍ണമായ ഈ ആശയം അവതരിപ്പിച്ചത് അന്തര്‍ദേശീയ പുസ്തക സംഘടനയാണ്. അവര്‍ ഈ നിര്‍ദേശം സ്പാനിഷ് സര്‍ക്കാരിന് നല്‍കി. സ്പാനിഷ് സര്‍ക്കാര്‍ യുനെസ്കോയില്‍ ഒരു പ്രമേയരൂപത്തില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. യുനെസ്കോയുടെ ആഹ്വാനമനുസരിച്ചാണ് ലോകമാകെ ഈ ദിനം കൊണ്ടാടുന്നത്.

ഗ്രാമീണ ഗ്രന്ഥശാലകളുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം മലയാളികളുടെ മാതൃഭൂമിയായി തീര്‍ന്നതിന്‍റെ പിന്നില്‍ പുസ്തകങ്ങള്‍ ചെലുത്തിയ പ്രേരണ അതുല്യമാണ്. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാസ്കാരികാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വായനശാലകളും ഗ്രന്ഥശാലകളും മുഖ്യപങ്ക് വഹിക്കുന്നുണ്ട്.