Monday, November 28, 2011

വിജയശ്രീയുടെ ആത്മഹത്യ കൊലപാതകമോ?ജയരാജിന്റെ നായിക വിവാദമാകുന്നു!.



മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെടുന്ന വിജയശ്രീ മരണമടഞ്ഞിട്ട് കഴിഞ്ഞ മാര്‍ച്ച് 17ന് 35 വര്‍ഷങ്ങൾ കഴിഞ്ഞു. നടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇതുവരെയുള്ള പ്രചാരണമെങ്കില്‍ നടിയെ കൊന്നതാരെന്ന ചോദ്യമാണ് ഇപ്പോള്‍ മലയാളികള്‍ ഉന്നയിക്കുന്നത്. അതിനുകാരണമാകട്ടെ ജയറാം നായകനായി പുറത്തിറങ്ങിയ നായിക എന്ന ജയരാജ് ചിത്രവും. വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ സിനിമയെന്നാണ് ഒരു വിഭാഗം ഈരോപിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്.



ജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ 'നായിക'യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു.



മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ 'നായിക'യില്‍ പറയുന്നത്. ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന്‍ സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു.



സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും. പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് 'നായിക'യില്‍ പറയുന്നത്.



നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.



പൊന്നാപുരം കോട്ടയുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്‍കി വരുന്ന പരസ്യംതന്നെ. 1974 മാര്‍ച്ച് 17നാണ് വിജയശ്രീ മരണമടയുന്നത്.



കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. ഗ്‌ളാമര്‍ നര്‍ത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവരുടെ ദുരൂഹമരണം. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്. നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍വിജയശ്രീ ജോഡി ഒന്നിച്ചു.



ജയരാജിന്റെ ചിത്രമാകട്ടെ ഗ്രേസി (ശാരദ) എന്ന പഴയകാല നായിക ഇന്ന് മനോനില തന്നെ താറുമാറായി വീട്ടില്‍ ആരാലും ഓര്‍മിക്കപെടാതെ ഏകാന്തവാസത്തില്‍ കഴിയുന്നിടത്തുനിന്നാണ് തുടങ്ങുന്നത്. സഹായികളായി പഴയ ഡാന്‍സ് മാസ്റ്റര്‍ രംഗപാണിയും (ജഗതി ശ്രീകുമാര്‍) സീസ്റ്റയും (കെ.പി.എ.സി ലളിത)യും മാത്രമാണുള്ളത്. ഇപ്പോഴും 70 കളിലോ എണ്‍പതുകളിലോ ആണ് ഗ്രേസിയമ്മയുടെ ഓര്‍മകള്‍, അതിനുമപ്പുറം കാലം സഞ്ചരിച്ചതോ തന്റെ ഇന്നത്തെ അവസ്ഥയോ അവര്‍ക്ക് തിട്ടവുമില്ല. ഈയവസരത്തിലാണ് അലീന (മമ്ത മോഹന്‍ദാസ്) ഗ്രേസിയെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മിക്കാനായി എത്തുന്നത്. അങ്ങനെ പറഞ്ഞ് ചെന്നാല്‍ സമ്മതിക്കില്ലെന്ന് മനസിലാക്കി പുതിയ സിനിമ സംവിധാനം ചെയ്യുകയാണെന്നും ഗ്രേസിയാണ് നായികയെന്നും പറയുന്നു. പിന്നീടങ്ങോട്ട് ഗ്രേസിയുമായി അടുത്ത് അവരുടെ ഓര്‍മകള്‍ ഉണര്‍ത്തി അറിയാത്തതും പറയാത്തതുമായ പഴയ കഥകളും രഹസ്യങ്ങളും തെരയുകയാണ് അലീന.



കൃത്യമായ ഒരു ദിശാബോധം ഒരിക്കലും 'നായിക'ക്ക് നല്‍കാന്‍ ദീദി ദാമോദരന്റെ തിരക്കഥക്കായിട്ടില്ല. ഗ്രേസിയെന്ന നായികയുടെ പഴയകാലവും ജീവിതദുരന്തവുമാണ് പ്രധാന പ്രമേയമെങ്കിലും ഈ കഥകള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കഴിയുന്നില്ല. ഗ്രേസിയുടെ കാമുകനായ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ആനന്ദിന്റെ (ജയറാം) ജീവിതദുരന്തവും കാഴ്ചക്കാരില്‍ ഒരു ചലനവുമുണ്ടാക്കില്ല. ഇതിനിടയിലാണ് ഗ്രേസിയുടെ വളര്‍ത്തുമകള്‍ വാണി (സരയു)യുടെ മരണത്തിന്റെ ഉപകഥ. അലസമായ തിരക്കഥയും സംവിധാനവും മൂലം ഒരുഘട്ടത്തിലും കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ 'നായിക'ക്കാവുന്നില്ല. ശാരദ ഒരിടവേളക്ക് ശേഷം മലയാളത്തില്‍ പ്രധാന കഥാപാത്രമായെത്തിയെങ്കിലും അവരുടെ കഴിവുകള്‍ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയമാണ്.



ജയറാമിന് ഫ്‌ലാഷ് ബാക്കുകളില്‍ വന്ന് നസീറിനെ അനുസ്മരിപ്പിക്കുന്ന മിമിക്രി പ്രകടനം നടത്താനേ അവസരം നല്‍കിയിട്ടുമുള്ളൂ. രൂപം കൊണ്ട് ശാരദയുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പത്മപ്രിയ നല്ല തെരഞ്ഞെടുപ്പായിരുന്നെങ്കിലും അവര്‍ക്കും കാര്യമായി ചെയ്യാനൊന്നുമില്ല. ആദ്യാവസാനം ഗ്രേസി എന്ന കഥാപാത്രത്തിനൊപ്പമുണ്ട് എന്നതാണ് മമ്തയുടെ അലീന എന്ന കഥാപാത്രത്തിനുള്ള പ്രത്യേകത. സംവിധായക പത്‌നിയായ സബിതയും അലീനയുടെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്. രൂപം കൊണ്ട് പഴയ കാല നിര്‍മാതാവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി മാറാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍ ശ്രീകമാരന്‍ തമ്പി ടീം ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തില്‍ പറയാനുള്ള മികവ്. ഇതേ ടീമിന്റെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ..' 'നായിക'യില്‍ പുനരവതരിപ്പിച്ചിട്ടുമുണ്ട്.


കടപ്പാട് : ഡെയ്ലി മലയാളം