Friday, August 26, 2011

റീമേക്കുകൾക്ക് പിന്നാലെ പായുന്ന മലയാള സിനിമകൾ


നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ - സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്.

പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ മകനില്‍ മാറുമ്പോള്‍ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം എയര്‍ക്രാഫ്‌റ്റ് സ്വന്തമായുള്ള കൊമേഴ്‌സ്യല്‍ പൈലറ്റാണ്. ആദ്യ സിനിമ തമ്പി കണ്ണന്താനം തന്നെയാണ് നിര്‍മ്മിച്ചതെങ്കില്‍ പുതിയ രാജാവിന്റെ മകന്‍ മോഹന്‍ലാലാണ് നിര്‍മ്മിക്കുക. നായിക കഥാപാത്രമായ ആന്‍സിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച അംബികയ്ക്ക് പകരം പുതിയ നായികയായി ആദ്യ പരിഗണന അസിന്‍ ആണ് ഒപ്പം വിദ്യാ ബാലനേയും പരിഗണിക്കുന്നുണ്ട്.ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥ,സംവിധായകന്‍ തമ്പി കണ്ണന്താനവും മോഹന്‍ലാലും സുരേഷ് ഗോപിയും അംഗീകരിച്ചു കഴിഞ്ഞു. ഒപ്പം അതേ സംവിധായകനും തിരക്കഥാകൃത്തും ഒത്തുചേരുന്ന അപൂര്‍വ സംഗമവും ഈ ചിതത്തിൽ കാണാം.


എം.ടിയുടെ തിരക്കഥയില്‍ തയ്യാറായ നീലത്താമര വീണ്ടുമെത്തിയതോടെയാണ് മലയാളത്തില്‍ റീമേക്ക് തരംഗം തുടങ്ങിയത്. തൊട്ടുപിന്നാലെ രതിനിര്‍വേദം എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് കൊടുങ്കാറ്റുയര്‍ത്തിയ സിനിമയാണ് ഭരതന്റെ 'രതിനിര്‍വ്വേദം'. പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടുമൊരുക്കിയത് രേവതി കലാമന്ദിര്‍ ആയിരുന്നു. ആദ്യ ചിത്രത്തിൽ ജയഭാരതി അഭിനയിച്ച വേഷം വീണ്ടുമവതരിപ്പിച്ചത് ശ്വേതാമേനോനാണ്. കൗമാരക്കാരനായ പപ്പുവിന്റെ മനസ്സില്‍ രതിയുടെ കടന്നുവരുന്ന രതിച്ചേച്ചിയുടെ കഥ സൂപ്പര്‍ഹിറ്റായിത്തന്നെ ഓടികൊണ്ടിരിക്കുകയാണിപ്പോഴും.


ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സുരേഷ് കുമാർ വീണ്ടും വരുന്നുണ്ട് മറ്റൊരു റീമേക്കുമായി.മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ഥ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിക്കാണ് സുരേഷ്‌കുമാര്‍ വീണ്ടും അഭ്രപാളിയിലെത്തിക്കുവാൻ ശ്രമിക്കുന്നത്.ലക്ഷ്മിയായിരുന്നു ചട്ടക്കാരിയിലെ നായിക.ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നായിക ലക്ഷ്മി തന്നെയായിരുന്നു. അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിത ശൈലിയാണ് ഈ ചിത്രം കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ളീവ്ലെസ് ഫ്രോക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ജൂലി എന്ന ആംഗ്‌ളോ ഇന്‍ഡ്യന്‍ പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു ചട്ടക്കാരിയുടെ ഇതിവൃത്തം. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനെയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.


'ഒരു സി ബി ഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സി ബി ഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുരാമയ്യരെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് കെ മധുഎസ് എന്‍ സ്വാമി ടീം. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഒരു കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന അത്യപൂര്‍വ്വ റിക്കാര്‍ഡാവും ഈ സി ബി ഐ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ ടീം ഒന്നിക്കുന്ന 'ദ കിംഗ് ആന്റ് കമ്മീഷണറാ'ണ് മറ്റൊരു ചിത്രം. മെഗാഹിറ്റായ 'ദ കിംഗി'നുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 'കിംഗി'ലെയും 'കമ്മീഷണറി'ലെയും സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെയും കമ്മീഷണര്‍ ഭരത് ചന്ദ്രനെയും ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വെടിക്കെട്ട് ഹിറ്റിനാണ് ഷാജി കൈലാസ് ശ്രമം നടത്തുന്നത്. കമ്മീഷണര്‍ റോളില്‍ പൃഥ്വി രാജ് അഭിനയിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കമ്മീഷണറായി എത്തുമെന്നാണ് അറിയുന്നത്.


അനന്തന്റെ മകന്‍ അര്‍ജ്ജുനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്ന 'നാടുവാഴികള്‍ '. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് ഷാജി കൈലാസ്. ലാല്‍ അഭിനയിച്ച കഥാപാത്രത്തെ യുവസൂപ്പര്‍താരം പൃഥി രാജാണ് അവതരിപ്പിക്കുന്നത്. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കോമഡി ചിത്രമായ 'മൂക്കില്ലാരാജ്യത്ത്' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. മുകേഷ്, സിദ്ധിഖ്, തിലകന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ താഹ.


തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണ്. തുളസീദാസ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'മലപ്പുറം ജോജി മഹാനായ ഹാജി' എന്നാണ് പേര്. രാജന്‍ കിരിയത്ത് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത മനോഹര ചിത്രമായ 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' വീണ്ടും ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം വിദേശ മലയാളികളാണ് ഈ ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഖറിയയെ ആര് അവതരിപ്പിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. പഴയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഖറിയയെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ലഭിച്ചില്ലെങ്കില്‍ പൃഥ്വിരാജോ, റഹ്മാനോ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. രഞ്ജിത്തായിരിക്കും സംവിധായകന്‍ .


മുപ്പത് വർഷം മുൻപ് ഭരതന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു 'നിദ്ര'. മനുഷ്യ മനസ്സുകളുടെ ഉള്‍പ്പടര്‍പ്പുകളിലേക്ക് സഞ്ചരിച്ച ഈ ചിത്രം വീണ്ടുമൊരുക്കാന്‍ തയ്യാറെടുക്കുന്നത് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ്. ഒരു കച്ചവട സിനിമ എന്നതിനപ്പുറം ഏറെ വേറിട്ട കാഴ്ചകളൊരുക്കിയ ചിത്രം കൂടിയായിരുന്നു 'നിദ്ര'. ഇതേ പേരില്‍ തന്നെയാണ്‌ ഈ ചിത്രം വീണ്ടുമൊരുക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വിവാഹവും തുടര്‍ന്നുള്ള കുടുംബജീവിതവുമായിരുന്നു നിദ്രയിലെ കഥ.


കൂടാതെ ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ആദ്യമായി നായകനായ 'തൃഷ്ണ' എന്ന ചിത്രം പുനര്‍നിര്‍മ്മിക്കുന്നു.പൃ­ഥ്വി­രാ­ജി­നെ നാ­യ­ക­നാ­ക്കി തൃ­ഷ്ണ വീ­ണ്ടും നിര്‍­മി­ക്കാ­നു­ള്ള നീ­ക്കം നട­ന്നിരുന്നു. ഇത­റി­ഞ്ഞ ­മ­മ്മൂ­ട്ടി­ തനി­ക്കു തന്നെ ആ കഥാ­പാ­ത്ര­ത്തെ ചെ­യ്യാ­നു­ള്ള താ­ല്പ­ര്യം നിര്‍­മാ­താ­ക്ക­ളെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്.മ­മ്മൂ­ട്ടി­ക്കു വള­രെ പ്രി­യ­പ്പെ­ട്ട കഥാ­പാ­ത്ര­മാ­ണു തൃഷ്ണ­യി­ലേ­ത്. ഈ കഥാ­പാ­ത്ര­ത്തെ ഒരി­ക്കല്‍­ക്കൂ­ടി ചെ­യ്യാന്‍ അവ­സ­രം കി­ട്ടി­യി­രു­ന്നെ­ങ്കി­ലെ­ന്ന് പല­വ­ട്ടം അദ്ദേ­ഹം പറ­ഞ്ഞി­ട്ടു­മു­ണ്ട്. ആദ്യം ബാ­ബു നമ്പൂ­തി­രി അഭി­ന­യി­ച്ചു­ തു­ട­ങ്ങിയ ആ വേ­ഷം സവിധായകനായ ഐ. വി.ശശി­ക്കു തൃ­പ്തി­യാ­കാ­തെ മറ്റൊ­രു നട­നെ തേ­ടി­യ­പ്പോ­ഴാ­ണ് മമ്മൂ­ട്ടി­ക്കു നറു­ക്കു­വീ­ണ­ത്.


റീമേക്കുകളാണെങ്കിലും പഴയ ചിത്രത്തിന്റെ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌ക്കരിക്കും. എളുപ്പ വഴിയില്‍ സൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഈ പാഠം നന്നായി പഠിക്കണം. 'ഇരുപതാം നൂറ്റാണ്ടി'ലെ ജാക്കിയെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡ്' ആയി വീണ്ടുമവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കും പാഠമാവണം. 'ജൂനിയര്‍ മാന്‍ഡ്രേക്കി'ന്റെ തുടര്‍ച്ചയായി വന്ന 'സീനിയര്‍ മാന്‍ഡ്രേക്കി'നും 'കാസര്‍ക്കോട് കാദര്‍ഭായി'യുടെ തുടര്‍ച്ചയായ 'എഗെയ്ന്‍ കാസര്‍ക്കോട് കാദര്‍ഭായി'ക്കും ഇതേ അനുഭവം തന്നെയായിരുന്നു.അതുപോലെ പതിനെട്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് വീണ്ടും വന്നപ്പോൾ പഴയ വിജയം കാണുവാനുമായില്ല.'ഇന്‍ ഹരിഹര്‍ നഗറി'ലെ നാല്‍വര്‍ സംഘം 'ഇന്‍ഗോസ്റ്റ് ഹൗസി'ലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നു.

അതു പോലെ ഇരുപത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത 'ആഗസ്റ്റ് 1'. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാളായി തിളങ്ങിയത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തെയാണ് ഷാജി കൈലാസ് വീണ്ടും അവതരിപ്പിച്ചത്. പുതിയൊരു ദൗത്യവുമായെത്തുന്നെ പെരുമാളിനെ 'ആഗസ്റ്റ് 15' എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കണ്ടു. 'ദ്രോണ' എന്ന പരാജയത്തിന് ശേഷം ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് എം മണിയുടെയും പ്രതീക്ഷയോടെ എടുത്ത ഈ ചിത്രവും പരാജയമായിരുന്നു.മോഹന്‍ലാലും പ്രിയയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'നിന്നിഷ്ടം എന്നിഷ്ടം 2' ന്റെ സംവിധാനം ആലപ്പി അഷ്‌റഫ് ആയിരുന്നു. ഈ ചിത്രത്തില്‍ സുരേഷ് നായര്‍ , സുനിത, അച്ചൂട്ടി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.ഈ ചിത്രവും പരാജയമായിരുന്നു.അതുപോലെ 'കീര്‍ത്തി ചക്ര'യിലെ മേജര്‍ മഹാദേവന് 'കാണ്ഢഹാറി'ല്‍ നല്ല സ്വീകരണമല്ല കിട്ടിയത്.

പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.

Tuesday, August 16, 2011

ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍സംഘത്തിലെ പ്രധാനിയായ കോളേജ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു. റാന്നി സെന്റ്‌തോമസ് കോളേജിലെ മൂന്നാംവര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനി റാന്നി മുണ്ടപ്പുഴ വടവുപറമ്പില്‍ മിത്രാ സൂസന്‍ എബ്രഹാം എന്ന പത്തൊമ്പതുക്കാരിക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. റാന്നിയിലും എറണാകുളത്തുള്ള ബന്ധുവീട്ടിലും മിത്രയ്ക്കായി പത്തനംതിട്ട സി.ഐ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നീര്‍ക്കര പ്രക്കാനം കോയിപ്‌ളാക്കല്‍ ലിജോ (25), ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളില്‍ വീട്ടില്‍ ജിതേഷ് (25), മറ്റ് മൂന്നുപേര്‍ എന്നിവരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്.

റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനെ (25) മാരകമായി വെട്ടും മര്‍ദ്ദനവുമേറ്റ് ആഗസ്റ്റ് അഞ്ചിനുരാവിലെ ഓമല്ലൂര്‍ ചാലിനുസമീപം റോഡരികില്‍ കാണപ്പെട്ടതാണ് കേസ്. സംഭവത്തില്‍ റാന്നി സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്തുമുക്ക് ഡേവിഡ് (20), നാരങ്ങാനം കണമുക്ക് പൊട്ടന്‍മലയില്‍ അരുണ്‍ (19) എന്നിവരെയും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച റാന്നി പഴവങ്ങാടി ചെല്‌ളനാട്ട് മുറിവഞ്ചിക്കാലായില്‍ ദിലീപി (25) നെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു. സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ ഡേവിഡിനെയും അരുണിനെയും മറ്റുസുഹൃത്തുക്കളെയും ഒന്നരമാസം മുന്‍പ് കോളേജിലെ പാര്‍ക്കിങ് ഷെഡ്ധിന് സമീപംവച്ച് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കോളേജിന് പുറത്തുനിന്നുവന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ഉള്‍പ്പെട്ടിരുന്നു.

ഡേവിഡിന്റെ സുഹൃത്തായ ലിജോയെ കൂട്ടുപിടിച്ച് പ്രതികാരം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിനായി ഇവരുടെ സുഹൃത്തായ മിത്രാ സൂസന്റെ സഹായം തേടി. ലിജുവിനെ പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിക്കാന്‍ പദ്ധതിയിട്ടു. നാലിന് രാത്രി പദ്ധതി തയ്യാറാക്കാനായിരുന്നു തീരുമാനിച്ചത്. ലിജുവിനെ വിളിച്ചുവരുത്താനായി ദിലീപ് മിത്രയ്ക്ക് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും നല്കി. ലിജുവിനെ പലപ്രാവശ്യം ഫോണില്‍ വിളിച്ച് പരിചയപ്പെട്ട മിത്ര സംഭവദിവസം രാത്രി വിളിച്ച് താന്‍ വീട്ടുതടങ്കലിലാണെന്നും തന്റെ കൈവശമുള്ള രണ്ടുപവന്റെ ആഭരണം പണയംവച്ച് പണം തരണമെന്നും അപേക്ഷിച്ചതനുസരിച്ചാണ് ലിജു എത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞുകൊണ്ടായിരുന്നു അവസാനത്തെ വിളി. മഞ്ഞിനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. സുഹൃത്ത് സിറിലിന്റെ ബൈക്കിനുപിന്നിലാണ് ലിജു മഞ്ഞിനിക്കരയിലേക്ക് വന്നത്.

പള്ളിയുടെ സമീപത്തെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കംവരാന്‍ മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍നിന്ന് ഇറങ്ങിനടന്ന ലിജുവിനെ ക്വട്ടേഷന്‍സംഘം ആക്രമിക്കുകയായിരുന്നു. ലിജു കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജുവിനെ മര്‍ദ്ദിക്കുന്നതുകണ്ട് സിറില്‍ ബൈക്കുമായി രക്ഷപ്പെട്ടു. ലിജുവിന്റെ ശരീരത്ത് 18 മുറിവുണ്ടായിരുന്നു. കൈകള്‍ക്കും കാലിനും പൊട്ടലുണ്ട്. സുഹൃത്തുക്കളും കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളുമായ ദിലീപ് മാത്യു, ഡേവിഡ്, അരുണ്‍ എന്നിവര്‍ പോലീസ് പിടിയിലായ ദിവസം മുതല്‍ മിത്രയെ മാതാപിതാക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മിത്രയുടെ രക്ഷിതാക്കള്‍ നടത്തുന്ന ഇട്ടിയപ്പാറയിലെ വടവുപറമ്പില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ആദ്യം എറണാകുളത്തുള്ള മാതൃസഹോദരിയുടെ വീട്ടിലുണ്ട് മിത്ര എന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ അവിടെ അന്വേഷിച്ചു ചെന്നെങ്കിലും കിട്ടിയില്ല.

ഇതിനിടെ മിത്ര കോട്ടയം, ചിങ്ങവനം ഭാഗങ്ങളില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മിത്രയുടേയും രക്ഷിതാക്കളുടേയും ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്യാനും പോലീസിന് കഴിയുന്നില്ല. ഇന്നലെ റാന്നിയിലെ വീട്ടില്‍വച്ച് മിത്രയെ പോലീസിനു നല്‍കാമെന്ന് മാതാപിതാക്കള്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ രാധാകൃഷ്ണപിളള അവിടെ ചെന്നെങ്കിലും വീടു പൂട്ടി കുടുംബസമേതം ഇവര്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. അപാരമായ ചങ്കൂറ്റമാണ് മിത്രയ്ക്ക് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഈ കൊച്ചു പെണ്‍കുട്ടി തയാറായിരുന്നുവത്രേ. അതേസമയം വെട്ടേറ്റ ലിജുവും നിസാരക്കാരനല്ല.

റാന്നിയില്‍ കൊടുത്തതിനാണ് ലിജുവിന് ഓമല്ലൂരില്‍ കിട്ടിയത്. റാന്നിയെ വിറപ്പിച്ചിരുന്ന ഗുണ്ടാനേതാവിനെ ഒടുവില്‍ പെണ്‍ബുദ്ധി ശരശയ്യയില്‍ വീഴുകയായിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളായ ഡേവിഡിനേയും അരുണിനേയും മറ്റ് സുഹൃത്തുക്കളേയും ഒന്നരമാസം മുമ്പ് കോളജിലെ പാര്‍ക്കിംഗ് ഷെഡിന് സമീപം വച്ച് കോളജിലെ ബി.എ വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ അമ്പിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കോളജിന് പുറത്തു നിന്നെത്തിയ ലിജുവും ഇവരെ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നു. സാരമായി പരുക്കേറ്റ ഡേവിഡും അരുണും ആയുര്‍വേദ ചികിത്സയ്ക്കും തിരുമ്മിനുംശേഷമാണ് പൂര്‍വസ്ഥിതി പ്രാപിച്ചത്. ഡേവിഡിന്റെ കുടുംബ സുഹൃത്തും ക്വട്ടേഷന്‍ നേതാവുമായ ദിലീപ് മാത്യു ഇതിന് പകരമായി ലിജുവിനെ കൈകാര്യം ചെയ്യാന്‍ പദ്ധതിയിട്ടു.

പെണ്ണുവിഷയത്തില്‍ തല്‍പരനായ ലിജുവിനെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചു വരുത്താനായിരുന്നു നീക്കം. അരുണിന്റെയും ഡേവിഡിന്റെയും ക്ലാസില്‍ പഠിക്കുന്ന മിത്ര ഇതിന് തയ്യാറായി. 4ന് രാത്രി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. 1ന് ഉച്ചയ്ക്ക് 2 മണിയോടെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നാലുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി. ലിജുവിനെ വിളിച്ചു വരുത്തുന്നതിനായി ഒരു മൊബൈല്‍ ഫോണ്‍ ദിലീപ് മിത്രയ്ക്ക് കൈമാറുകയും ചെയ്തു. 4ന് രാത്രി എട്ടുമണിയോടെ ഇതില്‍ നിന്നും ലിജുവിനെ വിളിച്ചു. അയാളുടെ കാമുകിയാണ് നമ്പര്‍ തന്നതെന്നും താന്‍ ഒരാപത്തിലാണെന്നും പറഞ്ഞാണ് മിത്ര ലിജുവിനെ പരിചയപ്പെട്ടത്. തനിക്ക് കാമുകനൊപ്പം ഒളിച്ചോടണമെന്നും കഴുത്തില്‍ രണ്ടുപവന്റെ മാല കിടപ്പുണ്ടെന്നും അത് പണയംവച്ച് ആറായിരം രൂപ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷം 11 തവണ ലിജുവിന്റെ ഫോണിലേക്ക് മിത്രയുടെ വിളി ചെന്നിരുന്നു. 9 മണിയോടെ അലറിക്കരഞ്ഞു കൊണ്ടാണ് മിത്ര ലിജുവിനെ വിളിച്ചത്. ഉടന്‍ വന്നില്ലെങ്കില്‍ എന്റെ ഭാവി അവതാളത്തിലാകുമെന്ന് മിത്ര നന്നായി അഭിനയിച്ച് ഫലിപ്പിച്ചു. ഇതില്‍ ലിജു വീണു.

മഞ്ഞനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. വീടിന്റെ രണ്ടാംനിലയിലാണ് തന്നെ പൂട്ടിയിട്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു. ഇതിന്‍പ്രകാരം സുഹൃത്ത് സിറിലിന്റെ ബൈക്കിനു പിന്നിലാണ് ലിജു ഓമല്ലൂരിലേക്ക് പോയത്. ഇവരുടെ ഓരോ നീക്കവും അരുണും ദിലീപും പിന്തുടര്‍ന്ന് നിരീക്ഷിച്ച് കൂട്ടുപ്രതികള്‍ക്ക് നല്‍കിയിരുന്നു. പള്ളിക്ക് സമീപമെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കം വരാനും മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍ നിന്നും ഇറങ്ങി ഫോണില്‍ സംസാരിച്ച് പിന്നാക്കം വന്ന ലിജുവിനെ ക്വട്ടേഷന്‍ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ലിജു ഗുരുതരമായ പരുക്കുകളോടെ കോട്ടയംമെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്കയുടെ പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചിരിക്കുകയാണ്. ഇയാള്‍ ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ല. 8 പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത് എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മര്‍ദ്ദനം തുടങ്ങിയപ്പോള്‍ തന്നെ ലിജു മുന്നറിയിപ്പ് നല്‍കിയതിനാല്‍ സിറില്‍ ബൈക്കുമായി രക്ഷപെടുകയായിരുന്നു. ഇയാള്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ ചെന്ന് കാര്യം ധരിപ്പിച്ചെങ്കിലും പോലീസുകാര്‍ പെണ്ണുകേസാണെന്ന് പറഞ്ഞ് തളളുകയായിരുന്നു. ജിതേഷിന്റെ ഉടമസ്ഥതയിലുള്ള ഐ.എല്‍. 3 എഫ് 6262 സൈലോ കാറിലാണ് ക്വട്ടേഷന്‍ സംഘം എത്തിയത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണ്. ഇതേ നമ്പരില്‍ ഒരു ബൈക്ക് ഓമല്ലൂരിലുണ്ട്.