Friday, July 31, 2009

രാജന്‍ പി ദേവിന് കലാ കേരളത്തിന്റെ യാത്രാമൊഴി

അന്തരിച്ച പ്രമുഖ നടന്‍ രാജന്‍ പി ദേവിന് കലാ കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി . അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ അങ്കമാലി കറുകുറ്റി സെന്റ് സേവിയേഴ്സ് പളളി സിമിത്തേരിയില്‍ സംസ്കരിച്ചു.

കറുകുറ്റിയിലെ വീട്ടില്‍ നിന്നും വിലാപയാത്രയായാണ്‌ മൃതദേഹം സെന്റ്‌ സേവ്യേഴ്‌സ്‌ ദേവാലയത്തിന്റെസെമിത്തേരിയിലേക്ക്‌ കൊണ്ടുവന്നത്‌.

കറുകുറ്റിയിലെ സ്വവസതിയില്‍ രാവിലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നാട്ടുകാരും സിനിമാ, സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും എത്തി.

സാസ്കാരിക വകുപ്പു മന്ത്രി എം എ ബേബി, നിയമമന്ത്രി എം വിജയകുമാര്‍ എന്നിവര്‍ സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും രാജന്‍ പി ദേവിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എം എല്‍ എ മാരായ കെ ബാബു, ജോസ് തെറ്റയില്‍, വി ഡി സതീശന്‍, സിനിമാതാരങ്ങളായ ദിലീപ്, ലാലു അലക്സ്, മധുപാല്‍, ക്യാപ്റ്റന്‍ രാജു, ടി പി മാധവന്‍, കവിയൂര്‍ പൊന്നമ്മ, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നാടക നടന്‍ സിനിമ നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജന്‍ പി ദേവിന്റെ അന്ത്യം ഇന്നലെ രാവിലെ 6 മണിയോടെ കൊച്ചിയിലെ ലേകു ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു. 58 വയസ്സായിരുന്നു. രക്‌തം ഛര്‍ദിച്ച്‌ അവശനിലയില്‍ ഞായറാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കരള്‍ രോഗത്തിനൊപ്പം പ്രമേഹവും കലശലായതാണ്‌ മരണത്തിലേക്ക്‌ നയിച്ചത്‌.

അതിനിടെ താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തു നടക്കുമ്പോഴായിരുന്നു അങ്കമാലിയില്‍ ശവസംസ്കാര ചടങ്ങുകള്‍. പാലേരി മാണിക്യം, ഡീസന്റ് പാര്‍ട്ടീസ്, ഉത്തരാസ്വയംവരം തുടങ്ങിയ ചിത്രങ്ങളുടെയും ഷൂട്ടിംഗ് മുടക്കമില്ലാതെ നടന്നു. ഇതേസമയം, രാജന്‍ പി ദേവിനോടുള്ള ആദരസൂചകമായി അങ്കമാലിയില്‍ ഉച്ചവരെ കടകമ്പോളങ്ങള്‍ അടച്ചിരുന്നു. ഒരു കൊല്ലംമുന്‍പാണ് രാജന്‍ പി ദേവ് ഇവിടെ താമസത്തിന് എത്തിയത്. എന്നിട്ടുപോലും നാട്ടുകാര്‍ ഏറ്റവും മാന്യമായ യാത്ര അയപ്പാണ് അതുല്യനടന് കൊടുത്തത്. പക്ഷേ, സഹപ്രവര്‍ത്തകര്‍ ഞങ്ങളുടെ രാജേട്ടനെ മറന്നു എന്നാണ് ഒരു അടുത്ത ബന്ധു തെല്ല് അമര്‍ഷത്തോടെ പറഞ്ഞത്.

ബുധനാഴ്ച രാവിലെ രാജന്‍ പി ദേവിന്റെ മരണവാര്‍ത്ത അറിഞ്ഞ് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തുമ്പോഴും സമാനമായ കാഴ്ചയായിരുന്നു.

നടന്മാരായ ബാബുരാജ്, സ്ഫടികം ജോര്‍ജ്, സംവിധായകന്‍ വിനയന്‍ തുടങ്ങി കുറച്ചുപേരാണ് അവിടെ ഉണ്ടായിരുന്നത്. സഹപ്രവര്‍ത്തകരെ കാണാത്തതില്‍ അക്ഷമനായി ബാബുരാജ് അസ്വസ്ഥനാവുന്നതും കാണാമായിരുന്നു.

'അമ്മ' സെക്രട്ടറി ബാബുവിനെയും മറ്റും വിളിച്ചപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണ് ഉടന്‍ വരാനാവില്ലെന്ന മറുപടി കിട്ടിയതായിരുന്നു ബാബുരാജിനെ അസ്വസ്ഥനാക്കിയത്.

മൃതദേഹത്തെ അനുഗമിക്കാനോ രാജന്‍ പി ദേവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനോ സമയംകിട്ടാത്ത മിക്ക സഹപ്രവര്‍ത്തകരും പക്ഷേ, നേരിട്ടും വോയ്‌സ് ഓവറിലൂടെയും നല്ലവാക്കുകളുമായി ടിവി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

ഇന്നലെ വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച രാജന്‍ പി ദേവിന്റെ ഭൌതിക ശരീരത്തില്‍ സിനിമാ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.