നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ - സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്.
പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ മകനില്‍ മാറുമ്പോള്‍ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം എയര്‍ക്രാഫ്‌റ്റ് സ്വന്തമായുള്ള കൊമേഴ്‌സ്യല്‍ പൈലറ്റാണ്. ആദ്യ സിനിമ തമ്പി കണ്ണന്താനം തന്നെയാണ് നിര്‍മ്മിച്ചതെങ്കില്‍ പുതിയ രാജാവിന്റെ മകന്‍ മോഹന്‍ലാലാണ് നിര്‍മ്മിക്കുക. നായിക കഥാപാത്രമായ ആന്‍സിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച അംബികയ്ക്ക് പകരം പുതിയ നായികയായി ആദ്യ പരിഗണന അസിന്‍ ആണ് ഒപ്പം വിദ്യാ ബാലനേയും പരിഗണിക്കുന്നുണ്ട്.ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥ,സംവിധായകന്‍ തമ്പി കണ്ണന്താനവും മോഹന്‍ലാലും സുരേഷ് ഗോപിയും അംഗീകരിച്ചു കഴിഞ്ഞു. ഒപ്പം അതേ സംവിധായകനും തിരക്കഥാകൃത്തും ഒത്തുചേരുന്ന അപൂര്‍വ സംഗമവും ഈ ചിതത്തിൽ കാണാം.
എം.ടിയുടെ തിരക്കഥയില്‍ തയ്യാറായ നീലത്താമര വീണ്ടുമെത്തിയതോടെയാണ് മലയാളത്തില്‍ റീമേക്ക് തരംഗം തുടങ്ങിയത്. തൊട്ടുപിന്നാലെ രതിനിര്‍വേദം എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് കൊടുങ്കാറ്റുയര്‍ത്തിയ സിനിമയാണ് ഭരതന്റെ 'രതിനിര്‍വ്വേദം'. പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടുമൊരുക്കിയത് രേവതി കലാമന്ദിര്‍ ആയിരുന്നു. ആദ്യ ചിത്രത്തിൽ ജയഭാരതി അഭിനയിച്ച വേഷം വീണ്ടുമവതരിപ്പിച്ചത് ശ്വേതാമേനോനാണ്. കൗമാരക്കാരനായ പപ്പുവിന്റെ മനസ്സില്‍ രതിയുടെ കടന്നുവരുന്ന രതിച്ചേച്ചിയുടെ കഥ സൂപ്പര്‍ഹിറ്റായിത്തന്നെ ഓടികൊണ്ടിരിക്കുകയാണിപ്പോഴും.
ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സുരേഷ് കുമാർ വീണ്ടും വരുന്നുണ്ട് മറ്റൊരു റീമേക്കുമായി.മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ഥ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിക്കാണ് സുരേഷ്‌കുമാര്‍ വീണ്ടും അഭ്രപാളിയിലെത്തിക്കുവാൻ ശ്രമിക്കുന്നത്.ലക്ഷ്മിയായിരുന്നു ചട്ടക്കാരിയിലെ നായിക.ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നായിക ലക്ഷ്മി തന്നെയായിരുന്നു. അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിത ശൈലിയാണ് ഈ ചിത്രം കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ളീവ്ലെസ് ഫ്രോക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ജൂലി എന്ന ആംഗ്‌ളോ ഇന്‍ഡ്യന്‍ പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു ചട്ടക്കാരിയുടെ ഇതിവൃത്തം. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനെയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
'ഒരു സി ബി ഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സി ബി ഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുരാമയ്യരെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് കെ മധുഎസ് എന്‍ സ്വാമി ടീം. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഒരു കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന അത്യപൂര്‍വ്വ റിക്കാര്‍ഡാവും ഈ സി ബി ഐ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ ടീം ഒന്നിക്കുന്ന 'ദ കിംഗ് ആന്റ് കമ്മീഷണറാ'ണ് മറ്റൊരു ചിത്രം. മെഗാഹിറ്റായ 'ദ കിംഗി'നുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 'കിംഗി'ലെയും 'കമ്മീഷണറി'ലെയും സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെയും കമ്മീഷണര്‍ ഭരത് ചന്ദ്രനെയും ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വെടിക്കെട്ട് ഹിറ്റിനാണ് ഷാജി കൈലാസ് ശ്രമം നടത്തുന്നത്. കമ്മീഷണര്‍ റോളില്‍ പൃഥ്വി രാജ് അഭിനയിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കമ്മീഷണറായി എത്തുമെന്നാണ് അറിയുന്നത്.
അനന്തന്റെ മകന്‍ അര്‍ജ്ജുനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്ന 'നാടുവാഴികള്‍ '. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് ഷാജി കൈലാസ്. ലാല്‍ അഭിനയിച്ച കഥാപാത്രത്തെ യുവസൂപ്പര്‍താരം പൃഥി രാജാണ് അവതരിപ്പിക്കുന്നത്. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കോമഡി ചിത്രമായ 'മൂക്കില്ലാരാജ്യത്ത്' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. മുകേഷ്, സിദ്ധിഖ്, തിലകന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ താഹ.
തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണ്. തുളസീദാസ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'മലപ്പുറം ജോജി മഹാനായ ഹാജി' എന്നാണ് പേര്. രാജന്‍ കിരിയത്ത് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത മനോഹര ചിത്രമായ 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' വീണ്ടും ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം വിദേശ മലയാളികളാണ് ഈ ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഖറിയയെ ആര് അവതരിപ്പിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. പഴയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഖറിയയെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ലഭിച്ചില്ലെങ്കില്‍ പൃഥ്വിരാജോ, റഹ്മാനോ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. രഞ്ജിത്തായിരിക്കും സംവിധായകന്‍ .
മുപ്പത് വർഷം മുൻപ് ഭരതന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു 'നിദ്ര'. മനുഷ്യ മനസ്സുകളുടെ ഉള്‍പ്പടര്‍പ്പുകളിലേക്ക് സഞ്ചരിച്ച ഈ ചിത്രം വീണ്ടുമൊരുക്കാന്‍ തയ്യാറെടുക്കുന്നത് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ്. ഒരു കച്ചവട സിനിമ എന്നതിനപ്പുറം ഏറെ വേറിട്ട കാഴ്ചകളൊരുക്കിയ ചിത്രം കൂടിയായിരുന്നു 'നിദ്ര'. ഇതേ പേരില്‍ തന്നെയാണ് ഈ ചിത്രം വീണ്ടുമൊരുക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വിവാഹവും തുടര്‍ന്നുള്ള കുടുംബജീവിതവുമായിരുന്നു നിദ്രയിലെ കഥ.
കൂടാതെ ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ആദ്യമായി നായകനായ 'തൃഷ്ണ' എന്ന ചിത്രം പുനര്‍നിര്‍മ്മിക്കുന്നു.പൃഥ്വിരാജിനെ നായകനാക്കി തൃഷ്ണ വീണ്ടും നിര്‍മിക്കാനുള്ള നീക്കം നടന്നിരുന്നു. ഇതറിഞ്ഞ മമ്മൂട്ടി തനിക്കു തന്നെ ആ കഥാപാത്രത്തെ ചെയ്യാനുള്ള താല്‍പര്യം നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്.മമ്മൂട്ടിക്കു വളരെ പ്രിയപ്പെട്ട കഥാപാത്രമാണു തൃഷ്ണയിലേത്. ഈ കഥാപാത്രത്തെ ഒരിക്കല്‍ക്കൂടി ചെയ്യാന്‍ അവസരം കിട്ടിയിരുന്നെങ്കിലെന്ന് പലവട്ടം അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ആദ്യം ബാബു നമ്പൂതിരി അഭിനയിച്ചു തുടങ്ങിയ ആ വേഷം സവിധായകനായ ഐ. വി.ശശിക്കു തൃപ്തിയാകാതെ മറ്റൊരു നടനെ തേടിയപ്പോഴാണ് മമ്മൂട്ടിക്കു നറുക്കുവീണത്.
റീമേക്കുകളാണെങ്കിലും പഴയ ചിത്രത്തിന്റെ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌ക്കരിക്കും. എളുപ്പ വഴിയില്‍ സൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഈ പാഠം നന്നായി പഠിക്കണം. 'ഇരുപതാം നൂറ്റാണ്ടി'ലെ ജാക്കിയെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡ്' ആയി വീണ്ടുമവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കും പാഠമാവണം. 'ജൂനിയര്‍ മാന്‍ഡ്രേക്കി'ന്റെ തുടര്‍ച്ചയായി വന്ന 'സീനിയര്‍ മാന്‍ഡ്രേക്കി'നും 'കാസര്‍ക്കോട് കാദര്‍ഭായി'യുടെ തുടര്‍ച്ചയായ 'എഗെയ്ന്‍ കാസര്‍ക്കോട് കാദര്‍ഭായി'ക്കും ഇതേ അനുഭവം തന്നെയായിരുന്നു.അതുപോലെ പതിനെട്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് വീണ്ടും വന്നപ്പോൾ പഴയ വിജയം കാണുവാനുമായില്ല.'ഇന്‍ ഹരിഹര്‍ നഗറി'ലെ നാല്‍വര്‍ സംഘം 'ഇന്‍ഗോസ്റ്റ് ഹൗസി'ലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നു.
അതു പോലെ ഇരുപത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത 'ആഗസ്റ്റ് 1'. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാളായി തിളങ്ങിയത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തെയാണ് ഷാജി കൈലാസ് വീണ്ടും അവതരിപ്പിച്ചത്. പുതിയൊരു ദൗത്യവുമായെത്തുന്നെ പെരുമാളിനെ 'ആഗസ്റ്റ് 15' എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കണ്ടു. 'ദ്രോണ' എന്ന പരാജയത്തിന് ശേഷം ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് എം മണിയുടെയും പ്രതീക്ഷയോടെ എടുത്ത ഈ ചിത്രവും പരാജയമായിരുന്നു.മോഹന്‍ലാലും പ്രിയയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'നിന്നിഷ്ടം എന്നിഷ്ടം 2' ന്റെ സംവിധാനം ആലപ്പി അഷ്‌റഫ് ആയിരുന്നു. ഈ ചിത്രത്തില്‍ സുരേഷ് നായര്‍ , സുനിത, അച്ചൂട്ടി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.ഈ ചിത്രവും പരാജയമായിരുന്നു.അതുപോലെ 'കീര്‍ത്തി ചക്ര'യിലെ മേജര്‍ മഹാദേവന് 'കാണ്ഢഹാറി'ല്‍ നല്ല സ്വീകരണമല്ല കിട്ടിയത്.
പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.
2 comments:
പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.
രാജാവിന്റെ മകന്‍ വരുന്നു എന്ന് കേട്ടിരുന്നു. പിന്നെയും ചിലതൊക്കെ. ഇതിപ്പോ കുറേയുണ്ടല്ലോ...! എന്തായാലും സിനിമയോടുള്ള ഈ താല്‍പര്യം കൊള്ളാം ഇഷ്ട്ടപ്പെട്ടു. കൂടുതല്‍ പോരട്ടെ.
Post a Comment