കഥാപാത്രം ഒന്ന്
ശോഭാ ജോണ്‍.
കേസ്-തലസ്ഥാനത്തെ ഗുണ്ടാത്തലവന് ആല്‍ത്തറ വിനീഷ് വധക്കേസ്, വിവാദമായ തന്ത്രി പീഡന കേസ്
ഇപ്പോള്‍-റിമാന്‍ഡില്‍
ഒറ്റയ്ക്കു താമസം. തലസ്ഥാനത്തെ റിയല്‍ എസേ്റ്ററ്റ്-ബ്ളേഡ് മാഫിയയുടെ അടുത്തയാള്‍. പല ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം. ഉന്നത പൊലീസുദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമൊക്കെയായി അടുത്ത ബന്ധം. ഇഷ്ടം ബിക്കാര്‍ഡി റം. ഹോബി വിലകൂടിയ ആഡംബര കാറുകള്‍ അടിച്ചുപറത്തി ഡ്രൈവ് ചെയ്യുക. വിലയേറിയ കസവുള്ള കൈത്തറി സാരികളാണ് ഡിസൈനര്‍ വെയര്‍. കൊച്ചിയില്‍ തന്ത്രി താഴ്മണ്‍ കണ്ഠരര് മോഹനരെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി. തിരുവനന്തപുരത്തെ ആല്‍ത്തറ വിനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയെ സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു തൊട്ടടുത്തു നാട്ടുകാര്‍ കാണ്‍കെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലെ മുഖ്യ സൂത്രധാരക. പ്രതിയെന്നു സംശയിക്കുമ്പോഴും മറ്റു പ്രതികളുടെ കീഴടങ്ങലുമായി ബന്ധപ്പെട്ടു പൊലീസിലെ ഉന്‍
നതന്മാരുമായി വിലപേശിയവള്‍. ഒടുവില്‍ പൊലീസൊരുക്കിയ വലയില്‍ നാടകീയമായി കുരുങ്ങി, കോടതിയിലെത്തി, പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ പരസ്യമായി ന്യായാധിപനു വിലപറഞ്ഞു ശോഭ. എനിക്കെന്തായാലും ജാമ്യം കിട്ടിയേ തീരൂ. എത്ര പണം വേണമെങ്കിലും മുടക്കാം. അതല്ല എന്നെ റിമാന്‍ഡ് ചെയ്യാനാണു ഭാവമെങ്കില്‍ അതിനിട്ടു ഞാന്‍ പണി കൊടുക്കുമേ... എന്നാണു വിധിക്കായി കാത്തുനില്‍ക്കെ ശോഭ കോടതിയില്‍ പുലമ്പിയത്. ചുരുക്കത്തില്‍ ഗോഡ്മദര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശബാന ആസ്മി അവതരിപ്പിച്ചതു പോലെ ഒരു ഫീമെയ്ല്‍ ഡോണിന്റെ പ്രതിഛായ.
കഥാപാത്രം രണ്ട്
ഡോ.രമണി
കേസ്-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍
ഇപ്പോള്‍-സബ് ജയിലില്‍ റിമാന്‍ഡില്‍
എം.ബി.ബി.എസ്. ഡോക്ടര്‍. കേരളത്തെ ഞെട്ടിച്ച ശബരീനാഥ് എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസില്‍ ഏറെക്കാലം പൊലീസിന്റെ മൂക്കിനു താഴെ ഒളിവില്‍ കഴിഞ്ഞശേഷം സുപ്രീം കോടതിയിലും മു
ന്കൂര് ജാമ്യം കിട്ടാതെ നിവൃത്തിയില്ലാതെ കോടതിമുമ്പാകെ കീഴടങ്ങുകയായിരുന്നു ഡോ. രമണി. ടോട്ടല്‍ ഫോര്‍ യൂ കേസില്‍ മന്ത്രിപുത്രന്മാര്ക്കും പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ തുറന്നടിച്ചു സംസ്ഥാന പൊലീസിനെ വട്ടം ചുറ്റിച്ച സ്ത്രീ. തന്റെ മൊഴിക്കു തെളിവായി, മന്ത്രിപുത്രന്മാരുടെ പേരുകള്‍ ഒഴിവാക്കിയാല്‍, കേസില്‍ നിന്നു രക്ഷിക്കാമെന്നു ചില ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്യുന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്തു കോടതിക്കുമുന്നിലെത്തിച്ച് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. രഘുവിനെ സംശയത്തിന്റെ മുള്‍മുനയില്‍ കൊരുത്തവള്.
കഥാപാത്രം മൂന്ന്
ചന്ദ്രമതി
കേസ്-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍
ഇപ്പോള്‍-സബ് ജയിലില്‍ റിമാന്‍ഡില്‍
ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ വിവാദ നായിക. ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം. അര്‍ധസര്‍ക്കാര്‍ സാമ്പത്തി സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗം വരെയായി. ഉന്നതബന്ധം. ശബരീനാഥിന്റെ പണമിടപാടു സ്ഥാപനത്തിലേക്ക് നിക്ഷേപകരെ പിടിച്ചു കൊടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. സ്വയം വമ്പന്‍ നിക്ഷേപമിറക്കുകയും ചെയ്തു. ശബരിയുടെ മുഖ്യ ഉപദേഷ്ടാവ്. ശബരിയുമായി തെറ്റി നിക്ഷേപമൊട്ടാകെ പിന്‍വലിച്ച് സ്വന്തമായി മറ്റൊരു സമാനസ്ഥാപനം തുടങ്ങുകയായിരുന്നു അവര്‍. പിടികിട്ടാപ്പുള്ളിയെപ്പോലെ പൊലീസ് തെരഞ്ഞു നടക്കുമ്പോള്‍ പൊലീസ് ആസ്ഥാനത്തിനു തൊട്ടു മുന്നിലെ ഫ്ളാറ്റില്‍ നാല്പതോളം കേസുകളില്‍ പ്രതിയായ ആര്യനാട് ശ്യാം എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയില്‍ രണ്ടു മാസത്തോളം ആഡംബര ഒളിവു ജീവിതം നയിച്ചവര്‍.ഒടുവില്‍ ഗുണ്ടയെ കേസില്‍ നിന്നൊഴിവാക്കും എന്ന പൊലീസിന്റെ ഉറപ്പിന്റെ ബലത്തില്‍, പൊലീസുമായി ചേര്‍ന്ന് ഒരു കീഴടങ്ങല്‍ നാടകം.
കഥാപാത്രം നാല്
ഹേമലത
കേസ്-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍
ഇപ്പോള്‍- പൊലീസ് പിടിയിലായി. ജോലിയും നഷ്ടപ്പെട്ടു.
കേരളത്തെ ഞെട്ടിച്ച ശബരീനാഥ് എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പുകേസിലെ മുഖ്യപ്രതി ശബരീനാഥുമായി ചേര്‍ന്നു ജോലി ചെയ്തിരുന്ന ബാങ്കില്‍ ക്രമക്കേടു നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്ത ബാങ്കുദ്യോഗസ്ഥ. ഒടുവില്‍ പൊലീസ് പിടിയിലായി. ജോലിയും നഷ്ടപ്പെട്ടു.
ഈ കേസുകളിലെ വിവാദനായികമാരൊന്നും അപസര്‍പകനോവലുകളിലെ കഥാപാത്രങ്ങളല്ല; ഒരു കുറ്റാന്വേഷണ സിനിമയിലെ പ്രതിനായികമാരുമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചുകൊണ്ടു, തങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഈ സ്ത്രീകളുടെ പങ്കാളിത്തം കുറ്റവാളികളായ പുരുഷന്മാരെ പോലും പിന്നിലാക്കുന്നതരത്തിലുള്ളതാവുന്നു.
സമൂഹത്തില്‍ സ്ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പേരില്‍ അഭിമാനിക്കുമ്പോഴും മലയാളിക്കുമുന്നില്‍ ശോഭാജോണും ചന്ദ്രമതിയും ഡോ.രമണിയും ഹേമലതയുമെല്ലാം ചില കളങ്കങ്ങള്‍ ചാര്‍ത്തുന്നു, നിഴലുകള്‍ വീഴ്ത്തുന്നു. അതിലുപരി അവരുടെ ചെയ്തികള്‍ നമ്മെ ചിലതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ അനുദിനം കൂടിവരികയാണ്. സ്ത്രീകളില്‍ കുറ്റവാസന മുമ്പെന്നത്തേയുംകാള്‍ കൂടുതലാണ്. സ്ത്രീകളെ കുറ്റകൃത്യങ്ങളിലേക്കു പ്രലോഭിപ്പിക്കുന്ന ഘടകങ്ങളെന്താവും? സമൂഹത്തിന്റെ പൊതു സദാചാരബോധത്തെയും, നിയമവ്യവസ്ഥയേയും തന്നെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരത്തില്‍ സാഹസികമായ ജീവിതത്തിലേക്കു വഴിതെറ്റാന്‍ അവരെ പ്രേരിപ്പിക്കുന്ന വ്യവസ്ഥിതികളെന്തെല്ലാം? സ്ത്രീ കുറ്റവാളികളുടെ പെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ചൊരു അന്വേഷണത്തിനു കന്യക മുതിരുന്നത്.
ക്രിമിനല്‍ മനോഭാവം മനുഷ്യരില്‍ സഹജമായി എപ്പോഴുമുള്ളതാണെന്ന് പ്രശസ്ത മന:ശാസ്ത്രജ്ഞന് ഡോ. പി.എം. മാത്യു വെല്ലൂര്‍ പറയുന്നു. അതിജീവനത്തിനു വേണ്ടിമാത്രമേ അതു സമയാസമയങ്ങളില്‍ പ്രകടമാക്കുന്നുള്ളൂവെന്നതാണു യാഥാര്‍ഥ്യമെന്നും ഡോ. മാത്യു വെല്ലൂര്‍ വിശദമാക്കുന്നു.
ഇന്നലെ
മുമ്പൊക്കെ ആസൂത്രിത കുറ്റകൃത്യങ്ങളില്‍, സഹായിയുടെയോ പ്രേരകയുടെയോ റോളില്‍ മാത്രമായിരുന്നു സ്ത്രീസാന്നിദ്ധ്യം. 1980 വരെയുള്ള പൊലീസ് ക്രൈം റെക്കോര്‍ഡുകളില്‍ സ്ത്രീകള്‍ പ്രധാനമായി പിടിക്കപ്പെട്ടിട്ടുള്ളത് പോക്കറ്റടി, മോഷണം, കൂട്ടാളികളുമായി ചേര്‍ന്നുള്ള പിടിച്ചുപറി, വ്യാജവാറ്റ്, അപൂര്‍വം ചിലര്‍ സ്വയരക്ഷയ്ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിങ്ങനെയുള്ളവയ്ക്കാണ്.
എന്നാല്‍ 1980നു ശേഷം കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വിപുലമാകുന്നതായിട്ടാണ് തെളിവുകള്‍. വ്യാജവാറ്റ്, വ്യഭിചാരം, കള്ളക്കടത്ത്, ബ്ളാക്ക്മെയിലിംഗ്, തട്ടിക്കൊണ്ടുപോക്ക്, കൊലപാതകം എന്നിവയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം കൂടി. 1971 ല്‍ നിന്ന് 1990ലേക്കെത്തിയപ്പോള്‍ ഇന്ത്യയില്‍ പുരുഷന്മാരുടെ കുറ്റകൃത്യനിരക്കില്‍ 146.70 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ സ്ത്രീകുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന അവിശ്വസനീയവും ആശങ്കപ്പെടുത്തുന്നതുമാണ്- 362.53 ശതമാനം!
ഇന്ന്
കുറ്റകൃത്യങ്ങളുടെ ലോകത്തു സ്ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതായി ക്രൈം റെക്കോര്‍ഡ്സ് പരിശോധിച്ചാല്‍ മനസ്സിലാകും പ്രശസ്ത ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ രീതികളില്‍ കാലാനുസരണമായി ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കന്നുകാലി മോഷണത്തില്‍ നിന്നു വാഹനമോഷണത്തിലേക്കും വ്യഭിചാരത്തില്‍ നിന്ന് വന്‍കിട പെണ്‍വാണിഭത്തിലേക്കും കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ക്കു ഗ്ളാമറാകുന്നതോടെ സ്ത്രീകളും ആ മേഖലകളിലേക്കു കൂടുതല്‍ കൂടുതല്‍ തെന്നിവീഴുന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ ഗുണ്ടായിസത്തിലും മാഫിയാലോകത്തും മറ്റും സ്ത്രീകള്‍ കടന്നുവരുന്നത് മുമ്പില്ലാത്തവണ്ണം ശക്തമായിട്ടാണ്; അദ്ദേഹം പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പഠനത്തില്‍ മുന്‍ ലോക്സഭയിലെ സ്ത്രീ പ്രതിനിധികളില്‍ 14 ശതമാനംപേരും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവരാണ് എന്നു കണ്ടെത്തിയിരുന്നു. കണക്കുകള്‍ പറയുന്നത് എപ്പോഴും പിടിക്കപ്പെടുന്നവരുടെ എണ്ണം മാത്രമാണ്. പിടിക്കപ്പെടാതെ ദിവസേന നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നോര്‍ക്കണം.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അസം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളാണു സ്ത്രീകുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്. വിദ്യാസമ്പന്നരായ സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുറച്ചുവര്‍ഷം മുമ്പ്, ഭര്‍ത്താവിനെ കൊന്നു ശരീരം തുണ്ടം തുണ്ടമായി അരിഞ്ഞു ബ്രീഫ് കേസിലാക്കി റയില്‍വേ സേ്റ്റഷനിലുപേക്ഷിച്ചു ലോകം മുഴുവന്‍ കറങ്ങിനടന്ന് ഒടുവില്‍ ഊട്ടിയില്‍ വച്ചു പൊലീസ് പിടിയിലായ പയ്യന്നൂര്‍ക്കാരി ഡോ. ഓമനയെ മലയാളി മറന്നിട്ടുണ്ടാവില്ല. അതുപോലെ, സ്വന്തം സഹോദരി ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അയാളുമായി ചേര്‍ന്ന് ചേച്ചിയെ വകവരുത്താന്‍ പദ്ധതിയിട്ടു നടപ്പാക്കിയ, കുപ്രസിദ്ധമായ ജഗതി കൊലക്കേസിലെ പ്രതി, കണ്ണൂര്‍സ്വദേശിയേയും. അവര്‍ക്കൊപ്പമാണ്, ഭര്‍ത്താവിനു മദ്യത്തില്‍ വിഷം കലക്കിക്കൊടുത്തു കൊന്ന കൊല്ലത്തെ മധ്യവയസ്കയായ വീട്ടമ്മയ്ക്കും, കടം വാങ്ങിയ പണം തിരികെച്ചോദിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന് പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കെ ബഹളമുണ്ടാക്കിയ സ്വന്തം മകളെ ശ്വാസം മുട്ടിച്ചു കഴുത്തുഞെരിച്ചു കൊന്ന യുവതിക്കും ഇടമുണ്ടാവുക.
പുതിയതരം കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നുവരുന്നവരില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നു പ്രശസ്ത അഭിഭാഷകനായ അഡ്വ. വി.ജി. ഗോവിന്ദന് നായര്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ കുറ്റവാസന കൂടി വരുന്നതായാണ് അഭിഭാഷകവൃത്തിക്കിടെ തനിക്കു മനസ്സിലാക്കാനാവുന്നതെന്നും അദ്ദേഹം പറയുന്നു. പാശ്ചാത്യരാജ്യങ്ങളിലെ ക്രൈം റെക്കോര്‍ഡുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്. കേരളവും ആ രീതിയിലേക്കാണോ നീങ്ങുന്നതെന്നു സംശയം.
ഐ.ടി.മേഖലയിലെ കുറ്റവാളികളില്‍ സ്ത്രീകളുടെ എണ്ണം പെരൂകൂകയാണ്. ഇതു വിദ്യാഭ്യാസമുള്ള സ്ത്രീകളെ കുറ്റകൃത്യങ്ങളുടെ അത്യാധുനികവഴികള്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണെന്നു ഡോ. ജെയിംസ് വടക്കുംചേരി പറയുന്നു.
കൈക്കൂലി, അഴിമതി എന്നവയിലും കേരളത്തിലെ സ്ത്രീകള്‍ പിന്നിലല്ല എന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ കുറ്റവാളികള്‍ കൂടുന്നു എന്നു പറയുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കൂടിവരുന്നതു കണ്ടില്ലെന്നു നടിക്കരുതെന്നു പറയുന്നു സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷകൂടിയായ ജസ്റ്റിസ് ഡി. ശ്രീദേവി.
സ്ത്രീ കുറ്റവാളിയാകുമ്പോള്‍
അമ്മ, ഭാര്യ, സംരംക്ഷക, കുടുംബബന്ധത്തിന്റെ അച്ചാണി എന്നിങ്ങനെ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം വളരെ വലുതാണ്, കേരളത്തില്‍. സ്ത്രീ കുറ്റവാളികളുടെ എണ്ണം പെരൂകുമ്പോള്‍ നാലു തരത്തിലാണതു സമൂഹത്തെ ബാധിക്കുക. ആത്യന്തികമായി അത് അവളെത്തന്നെയാണ് ബാധിക്കുക. രണ്ടാമത് കുട്ടികളെ. പിന്നീട് കുടുംബത്തെയും അതുകഴിഞ്ഞു സമൂഹത്തെയും. അതുകൊണ്ടുതന്നെ സ്ത്രീ കുറ്റവാളികളുടെ എണ്ണം നിസ്സാരമെങ്കില്‍പ്പോലും അതിനെക്കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്ഥ അതിനെല്ലാമപ്പുറത്താണ്.
ഇരകള്‍
ഇന്നത്തെ സ്ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം. കോസ്മെറ്റിക്സുകളുടെയും ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും മറ്റും ആഡംബരവിപണി അവളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ പണം കണ്ടെത്താനായി വരുംവരായ്കകളോര്‍ക്കാതെ അവള് തെറ്റുകളുടെ ലോകത്തേക്കു കടന്നുചെല്ലുന്നു.വ്യഭിചാരവും പെണ്‍വാണിഭവും ഗുണ്ടായിസവും കൊലപാതകവും വാഹന-വായ്പാ മാഫിയയുമെല്ലാം റിസ്കുള്ളതാണെങ്കിലും അവള്‍ക്കു കൈനിറയേ പണം സമ്മാനിക്കുന്നതാണ്. (നിത്യേന കൂടുന്ന പോക്കറ്റ്മണിയുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളില്‍ മണിക്കൂറിനു വിലപറഞ്ഞു ശരീരം വില്‍ക്കുന്ന കൊച്ചിയിലെ സമ്പന്നകളും വിദ്യാസമ്പന്നകളുമായ വീട്ടമ്മമാരെക്കുറിച്ചു കന്യകയില്‍ നേരത്തേ ഫീച്ചര്‍ വന്നിട്ടുള്ളതോര്‍ക്കുക)അതുകൊണ്ടുതന്നെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവള് മടിക്കുന്നില്ല. പുരുഷന്മാരുടെ പ്രലോഭനങ്ങളാണു സ്ത്രീകളെ വഴിതെറ്റിക്കുന്നതും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതുമെന്നു ജസ്റ്റിസ് ശ്രീദേവി, താന്‍ കടന്നുവന്ന കേസ് ചരിത്രങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികം, സാമൂഹികം, ലൈംഗികം, മാനസികം,സാമൂഹികസ്ഥിതി, മാറിവരുന്ന സാമൂഹിക ചുമതലകള്‍, സാഹചര്യം, ആധുനികവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും സ്വാധീനം എന്നിവയെല്ലാം സ്ത്രീയെ കുറ്റകൃത്യങ്ങളിലേക്കു വലിച്ചിഴയ്ക്കുന്ന ഘടകങ്ങളാണ്.
നമ്മുടെ സംസ്കാരത്തിനു പൊതുവേ ഉണ്ടായ മൂല്യച്ച്യൂതിയുടെ ഭാഗമാണ് വര്‍ധിച്ചുവരുന്ന സ്ത്രീ കുറ്റവാളികളെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ അഡ്വ. വി.ജി.ഗോവിന്ദന് നായര്‍ നിരീക്ഷിക്കുന്നു. ആരും നിയമത്തിനതീതരല്ല എന്ന തിരിച്ചറിവു സമൂഹത്തിനുണ്ടായേ തീരു -അദ്ദേഹം പറയുന്നു.
അണുകുടുംബവ്യവസ്ഥിതിയില്‍ മാതാപിതാക്കള്‍ക്കു കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ പോകുന്നതുമൂലം പലപ്പോഴും കുട്ടികളിലെ കുറ്റവാസനകള്‍ കണ്ടെത്താനോ തിരുത്താനോ കഴിയാതെ പോകുന്നു. പണ്ടെല്ലാം പെണ്‍കുട്ടികളെ പ്രായമാകുന്നതു മുതല്‍ നേര്‍വഴി ചൊല്ലിക്കൊടുത്തു വളര്‍ത്തുന്ന ഉത്തരവാദിത്തം അമ്മയുടേതായിരുന്നു.
ഇന്ന്, ജോലിത്തിരക്കിനിടെ അമ്മമാര്‍ക്ക് അതിനാവാതെ പോകുന്നു. ഒടുവില്‍ മകള്‍ ക്രിമിനലായി മാറിക്കഴിയുമ്പോഴാണു പലപ്പോഴും അവരതു തിരിച്ചറിയുന്നത്-ബാഹ്യലോകത്തോടൊപ്പം. അപ്പോഴേക്കു നേര്‍വഴിയില്‍ നിന്ന് വേറിട്ട് അവര്‍ ഒരുപാടു ദൂരം മുന്നേറിക്കഴിഞ്ഞിരിക്കും.
പിടിക്കപ്പെടുന്ന സ്ത്രീ കുറ്റവാളികളുടെ, ആരെയും മോഹിപ്പിക്കുന്ന ആഡംബരജീവിതത്തെക്കുറിച്ചും കോടികളുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ചുമൊക്കെ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന നിറംപിടിപ്പിച്ചതും അല്ലാത്തതുമായ കഥകള്‍ യുവത്വത്തെ കുറച്ചൊന്നുമല്ല പ്രലോഭിപ്പിക്കുന്നത്. ശോഭാജോണിനെയും ചന്ദ്രമതിയെയും ഡോ.രമണിയേയും ആരാധിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചാവും ഒരുപക്ഷേ നാളെ മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടി വരിക. സിനിമ കണ്ടു ഹോസ്റ്റല്‍ വിട്ടു ചാടിപ്പോയി കറങ്ങി നടന്ന പെണ്‍കുട്ടികളുടെ കൂടി നാടാണ് കേരളമെന്നോര്‍ക്കണം -പേരു വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയില്‍ ഉന്നതനായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് കന്യകയോടു പറഞ്ഞു.
സമൂഹത്തെ നിയന്ത്രിക്കുന്ന മതം, ഈശ്വരവിശ്വാസം, സദാചാരബോധം, നീതിന്യായവ്യവസ്ഥകളോടുള്ള ഭയബഹുമാനങ്ങള്‍ എന്നിവയെല്ലാമാണ് ഒരാളെ കുറ്റവാസനകളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇന്ന് ആ രംഗങ്ങളിലെല്ലാം വന്ന അപചയങ്ങള്‍ കൂടുതല്‍ കുറ്റവാളികളുണ്ടാകാന്‍ പ്രേരണയായതായി ഡോ.മാത്യു വെല്ലൂര്‍ നിരീക്ഷിക്കുന്നു.
പണവും സ്വാധീനവുമുണ്ടെങ്കില്‍ പൊലീസിനെ കയ്യിലെടുക്കാമെന്നും കേസുകള്‍ അട്ടിമറിക്കാമെന്നുമുള്ള വിശ്വാസം വ്യാപകമായതാണു കൂടുതല്‍ പേര് കുറ്റങ്ങളിലേക്കു തിരിയാനുള്ള പ്രധാന കാരണം.
ഉന്നത സ്വാധീനം നിലനിര്‍ത്താന്‍ ശോഭാജോണ്‍ തന്റെ താവളത്തില്‍ ഉന്നതര്‍ക്കായി കാഴ്ചവച്ചിരുന്ന മാംസസല്‍ക്കാരത്തില്‍ അവരുമായി കിടക്കപങ്കിടാനെത്തിയവരില്‍ സിനിമാനടിമാര്‍വരെയുണ്ടായിരുന്നുവെന്നാണ് മാധ്യമവാര്‍ത്തകള്‍ എന്നോര്‍ക്കുമ്പോഴാണ് ഡോ.മാത്യുവിന്റെ നിരീക്ഷണത്തിന് മറ്റൊരു മാനം കൈവരുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരില് മാത്രമല്ല സമ്പന്നരില്‍ നിന്നു പോലും വനിതാ കുറ്റവാളികള്‍ ഏറെ ഉടലെടുക്കുന്നുവെന്നതിനുദാഹരണമാണ് ഡോ. രമണിയും ചന്ദ്രമതിയുമെല്ലാം.
സ്ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന് അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക് അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.
10 comments:
സ്ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന് അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക് അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.
പണമാണല്ലോ എല്ലാ കുറ്റകൃത്യങ്ങൾക്കും കാരണം.എന്തു കുറ്റം ചെയ്താലും ഒരിക്കൽ പിടിക്കപ്പെടും എന്ന ബോദ്ധ്യം സ്വയം ഉണ്ടാകണം. നല്ല പോസ്റ്റ് സ്മിജ
പിടിക്കപ്പെട്ടാലും രണ്ടുമാസം കഴിയുമ്പോൾ പുറത്തു വിലസാം എന്ന ഉറപ്പുകൂടിയ്ണ്ടല്ലോ? അതാണു പ്രശ്നം!
പെണ്ണൊരുമ്പെട്ടാൽ...
ഇതെന്നല്ല; ഇന്നത്തെ എതു പ്രശ്നത്തിന്റെ കാരണം തപ്പിയിറങ്ങിയാലും എത്തിച്ചേരുക; കുടുംബങ്ങളിലുണ്ടായിരിക്കുന്ന ശൈധില്യത്തിലായിരിക്കും.
അതാണു പിന്നീടു സമൂഹത്തിലേക്കു വ്യാപിക്കുന്നതു.
എന്തിനിനിയും നമ്മൾ കാതിരിക്കണം; അവസാന തിരിനാലവും അണയുന്നതു വരെയോ..
Nice article. Looks like you have done lots of research on this topic.
i don't agree with one point : "ഇന്നത്തെ സ്ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം.
ഇതിനെപ്പറ്റി നമ്മള് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു..
അകത്തുപോകുന്നവരൊക്കെ അവരവരുടെ വീട്ടിലേതിനേക്കാള്‍ സൗകര്യത്തില്‍ കഴിയുന്നു എന്നതുകൂടി കൂട്ടിവായിക്കണം! പ്രസക്തമായ പോസ്റ്റ്, ആശംസകള്‍!
നല്ലയൊരു പോസ്റ്റ്
സ്ത്രീകള്‍ കുറ്റവാളികളാകുന്നതില് ആഗോളവത്ക്കരണത്തിന്തു കാര്യമെന്ന കമെന്റിന്-
ആഗോളവത്കരണം മുഴുവന്‍ അബദ്ധമാണൊന്നും കരുതുന്നില്ല. പക്ഷെ അതു മാര്‍കെറ്റിങ്ങ് ആണു പാഥമികമായി ലക്ഷ്യം വക്കുന്നത്- മാര്‍കെറ്റിങ്ങ് ആകട്ടെ നിങ്ങള്ക്കാവശ്യമില്ലാത്തത് ആവശ്യമാണെന്ന ധാരണ വളര്‍ത്തുകയും ആവശ്യമാക്കുകയും ചെയ്യുന്ന തന്ത്രമാണ്. അപ്പോള്‍ ഉപഭോഗ പ്രലോഭനം കടന്നു വരുന്നു.
അവിടെ വാങ്ങലിന്നാവശ്യമായ വസ്തു -പണം- എങ്ങിനെയെങ്കിലുമുണ്ടാക്കാനാവശ്യപ്പെടുന്നു. അതാണിന്നും പെണ്ണിനും ആവശ്യമായി വരുന്നു.
അതിന്നാണ് പെണ്ണിനെ കുടുമ്പത്തില്‍ നിന്നും പുറത്തു കൊണ്ടു വന്ന് ഒരു വ്യക്തിയിലേക്കു ചുരുക്കാനുള്ള ശ്രമത്തിന്റെ കാതല്‍.
എല്ലാം ഒരു വലപോലെ കെട്ടിപ്പിണഞ്ഞു കിടക്കുന്നു.
അവസാനം വലയിലാവുകയും ചെയ്യുന്നു.
കാട്ടുപരുത്തി ചേട്ടാ,
സ്ത്രീ കുറ്റവാളികള്‍ പണ്ടും ഉണ്ടായിരുന്നു. അന്നു, ആകാലത്തെ വസ്തുകള്‍ ആകാലത്തെ മനുഷേരെ പ്രലോബിപിച്ചു. ഇന്നു, ഈകാലത്തെ വസ്തുകള്‍ നമ്മളെ പ്രലോഭിപ്പിക്കുന്നു.
eg: പണ്ട് കുട്ടികാലത്ത് മയില്‍പീലി കിട്ടാന്‍ തല്ല് ഉണ്ടാകി, ഇന്ന് വീഡിയോ ഗെയിം കിട്ടാന്‍ തല്ല് ഉണ്ടാക്കുന്നു
അന്നും, ഇന്നും റൂട്ട് കോസ് ഒന്ന് തന്നെ അല്ലെ ? നമ്മുടെ ആശ / ആഗ്രഹങള് നമ്മെ നടത്തിക്കുന്നു
Post a Comment