Thursday, October 8, 2009

മര്യാദകള്‍ മറക്കുന്ന മലയാളി













കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.

"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,
'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''

ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.
പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്.

സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.

തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.

തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന
ഒരു മരണവീട്. അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.

ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!

തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും!

ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.
കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം.

ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.

വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?

സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.
നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍
ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!

റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.
എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു.

Thursday, September 17, 2009

ഇവള്‍ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി



കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി.

പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി.. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌.

യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌.. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'ഒപ്പം'നാസ' ശുപാര്‍ശയും.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ആം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.

ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ.. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നില്‍ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ കഴിയുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറഞ്ഞു നിറുത്തി.


കടപ്പാട്:സിസി ജേക്കബ്ബ്
(മാതൃഭൂമി-സെപ്റ്റമ്പര്‍ 14)

Saturday, September 5, 2009

പെണ്‍ കുറ്റവാളികള്‍ വാഴുന്ന കേരളം

കഥാപാത്രം ഒന്ന്‌

ശോഭാ ജോണ്‍.

കേസ്‌-തലസ്‌ഥാനത്തെ ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ്‌ വധക്കേസ്‌, വിവാദമായ തന്ത്രി പീഡന കേസ്‌

ഇപ്പോള്‍-റിമാന്‍ഡില്‍

ഒറ്റയ്‌ക്കു താമസം. തലസ്‌ഥാനത്തെ റിയല്‍ എസേ്‌റ്ററ്റ്‌-ബ്‌ളേഡ്‌ മാഫിയയുടെ അടുത്തയാള്‍. പല ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം. ഉന്നത പൊലീസുദ്യോഗസ്‌ഥരും രാഷ്‌ട്രീയക്കാരുമൊക്കെയായി അടുത്ത ബന്ധം. ഇഷ്‌ടം ബിക്കാര്‍ഡി റം. ഹോബി വിലകൂടിയ ആഡംബര കാറുകള്‍ അടിച്ചുപറത്തി ഡ്രൈവ്‌ ചെയ്യുക. വിലയേറിയ കസവുള്ള കൈത്തറി സാരികളാണ്‌ ഡിസൈനര്‍ വെയര്‍. കൊച്ചിയില്‍ തന്ത്രി താഴ്‌മണ്‍ കണ്‌ഠരര്‌ മോഹനരെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി. തിരുവനന്തപുരത്തെ ആല്‍ത്തറ വിനീഷ്‌ എന്ന കുപ്രസിദ്ധ ഗുണ്ടയെ സംസ്‌ഥാന പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടടുത്തു നാട്ടുകാര്‍ കാണ്‍കെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലെ മുഖ്യ സൂത്രധാരക. പ്രതിയെന്നു സംശയിക്കുമ്പോഴും മറ്റു പ്രതികളുടെ കീഴടങ്ങലുമായി ബന്ധപ്പെട്ടു പൊലീസിലെ ഉന്
നതന്മാരുമായി വിലപേശിയവള്‍. ഒടുവില്‍ പൊലീസൊരുക്കിയ വലയില്‍ നാടകീയമായി കുരുങ്ങി, കോടതിയിലെത്തി, പൊലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ പരസ്യമായി ന്യായാധിപനു വിലപറഞ്ഞു ശോഭ. എനിക്കെന്തായാലും ജാമ്യം കിട്ടിയേ തീരൂ. എത്ര പണം വേണമെങ്കിലും മുടക്കാം. അതല്ല എന്നെ റിമാന്‍ഡ്‌ ചെയ്യാനാണു ഭാവമെങ്കില്‍ അതിനിട്ടു ഞാന്‍ പണി കൊടുക്കുമേ... എന്നാണു വിധിക്കായി കാത്തുനില്‍ക്കെ ശോഭ കോടതിയില്‍ പുലമ്പിയത്‌. ചുരുക്കത്തില്‍ ഗോഡ്‌മദര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശബാന ആസ്‌മി അവതരിപ്പിച്ചതു പോലെ ഒരു ഫീമെയ്‌ല്‍ ഡോണിന്റെ പ്രതിഛായ.

കഥാപാത്രം രണ്ട്‌

ഡോ.രമണി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

എം.ബി.ബി.എസ്‌. ഡോക്‌ടര്‍. കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസില്‍ ഏറെക്കാലം പൊലീസിന്റെ മൂക്കിനു താഴെ ഒളിവില്‍ കഴിഞ്ഞശേഷം സുപ്രീം കോടതിയിലും മു
ന്‍കൂര്‍ ജാമ്യം കിട്ടാതെ നിവൃത്തിയില്ലാതെ കോടതിമുമ്പാകെ കീഴടങ്ങുകയായിരുന്നു ഡോ. രമണി. ടോട്ടല്‍ ഫോര്‍ യൂ കേസില്‍ മന്ത്രിപുത്രന്മാര്‍ക്കും പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ തുറന്നടിച്ചു സംസ്‌ഥാന പൊലീസിനെ വട്ടം ചുറ്റിച്ച സ്‌ത്രീ. തന്റെ മൊഴിക്കു തെളിവായി, മന്ത്രിപുത്രന്മാരുടെ പേരുകള്‍ ഒഴിവാക്കിയാല്‍, കേസില്‍ നിന്നു രക്ഷിക്കാമെന്നു ചില ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്യുന്ന സംഭാഷണം റെക്കോര്‍ഡ്‌ ചെയ്‌തു കോടതിക്കുമുന്നിലെത്തിച്ച്‌ ക്രൈം ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി പി. രഘുവിനെ സംശയത്തിന്റെ മുള്‍മുനയില്‍ കൊരുത്തവള്‍.

കഥാപാത്രം മൂന്ന്‌

ചന്ദ്രമതി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ വിവാദ നായിക. ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം. അര്‍ധസര്‍ക്കാര്‍ സാമ്പത്തി സ്‌ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്‌ അംഗം വരെയായി. ഉന്നതബന്ധം. ശബരീനാഥിന്റെ പണമിടപാടു സ്‌ഥാപനത്തിലേക്ക്‌ നിക്ഷേപകരെ പിടിച്ചു കൊടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. സ്വയം വമ്പന്‍ നിക്ഷേപമിറക്കുകയും ചെയ്‌തു. ശബരിയുടെ മുഖ്യ ഉപദേഷ്‌ടാവ്‌. ശബരിയുമായി തെറ്റി നിക്ഷേപമൊട്ടാകെ പിന്‍വലിച്ച്‌ സ്വന്തമായി മറ്റൊരു സമാനസ്‌ഥാപനം തുടങ്ങുകയായിരുന്നു അവര്‍. പിടികിട്ടാപ്പുള്ളിയെപ്പോലെ പൊലീസ്‌ തെരഞ്ഞു നടക്കുമ്പോള്‍ പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടു മുന്നിലെ ഫ്‌ളാറ്റില്‍ നാല്‌പതോളം കേസുകളില്‍ പ്രതിയായ ആര്യനാട്‌ ശ്യാം എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയില്‍ രണ്ടു മാസത്തോളം ആഡംബര ഒളിവു ജീവിതം നയിച്ചവര്‍.ഒടുവില്‍ ഗുണ്ടയെ കേസില്‍ നിന്നൊഴിവാക്കും എന്ന പൊലീസിന്റെ ഉറപ്പിന്റെ ബലത്തില്‍, പൊലീസുമായി ചേര്‍ന്ന്‌ ഒരു കീഴടങ്ങല്‍ നാടകം.

കഥാപാത്രം നാല്‌

ഹേമലത

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍- പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പുകേസിലെ മുഖ്യപ്രതി ശബരീനാഥുമായി ചേര്‍ന്നു ജോലി ചെയ്‌തിരുന്ന ബാങ്കില്‍ ക്രമക്കേടു നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്‌ത ബാങ്കുദ്യോഗസ്‌ഥ. ഒടുവില്‍ പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

ഈ കേസുകളിലെ വിവാദനായികമാരൊന്നും അപസര്‍പകനോവലുകളിലെ കഥാപാത്രങ്ങളല്ല; ഒരു കുറ്റാന്വേഷണ സിനിമയിലെ പ്രതിനായികമാരുമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അന്വേഷണ ഉദ്യോഗസ്‌ഥരെപ്പോലും ഞെട്ടിച്ചുകൊണ്ടു, തങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഈ സ്‌ത്രീകളുടെ പങ്കാളിത്തം കുറ്റവാളികളായ പുരുഷന്മാരെ പോലും പിന്നിലാക്കുന്നതരത്തിലുള്ളതാവുന്നു.

സമൂഹത്തില്‍ സ്‌ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പേരില്‍ അഭിമാനിക്കുമ്പോഴും മലയാളിക്കുമുന്നില്‍ ശോഭാജോണും ചന്ദ്രമതിയും ഡോ.രമണിയും ഹേമലതയുമെല്ലാം ചില കളങ്കങ്ങള്‍ ചാര്‍ത്തുന്നു, നിഴലുകള്‍ വീഴ്‌ത്തുന്നു. അതിലുപരി അവരുടെ ചെയ്‌തികള്‍ നമ്മെ ചിലതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സ്‌ത്രീകളുടെ എണ്ണം കേരളത്തില്‍ അനുദിനം കൂടിവരികയാണ്‌. സ്‌ത്രീകളില്‍ കുറ്റവാസന മുമ്പെന്നത്തേയുംകാള്‍ കൂടുതലാണ്‌. സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്കു പ്രലോഭിപ്പിക്കുന്ന ഘടകങ്ങളെന്താവും? സമൂഹത്തിന്റെ പൊതു സദാചാരബോധത്തെയും, നിയമവ്യവസ്‌ഥയേയും തന്നെ വെല്ലുവിളിച്ചുകൊണ്ട്‌ ഇത്തരത്തില്‍ സാഹസികമായ ജീവിതത്തിലേക്കു വഴിതെറ്റാന്‍ അവരെ പ്രേരിപ്പിക്കുന്ന വ്യവസ്‌ഥിതികളെന്തെല്ലാം? സ്‌ത്രീ കുറ്റവാളികളുടെ പെരുക്കത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇതേക്കുറിച്ചൊരു അന്വേഷണത്തിനു കന്യക മുതിരുന്നത്‌.

ക്രിമിനല്‍ മനോഭാവം മനുഷ്യരില്‍ സഹജമായി എപ്പോഴുമുള്ളതാണെന്ന്‌ പ്രശസ്‌ത മന:ശാസ്‌ത്രജ്‌ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ പറയുന്നു. അതിജീവനത്തിനു വേണ്ടിമാത്രമേ അതു സമയാസമയങ്ങളില്‍ പ്രകടമാക്കുന്നുള്ളൂവെന്നതാണു യാഥാര്‍ഥ്യമെന്നും ഡോ. മാത്യു വെല്ലൂര്‍ വിശദമാക്കുന്നു.

ഇന്നലെ

മുമ്പൊക്കെ ആസൂത്രിത കുറ്റകൃത്യങ്ങളില്‍, സഹായിയുടെയോ പ്രേരകയുടെയോ റോളില്‍ മാത്രമായിരുന്നു സ്‌ത്രീസാന്നിദ്ധ്യം. 1980 വരെയുള്ള പൊലീസ്‌ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകള്‍ പ്രധാനമായി പിടിക്കപ്പെട്ടിട്ടുള്ളത്‌ പോക്കറ്റടി, മോഷണം, കൂട്ടാളികളുമായി ചേര്‍ന്നുള്ള പിടിച്ചുപറി, വ്യാജവാറ്റ്‌, അപൂര്‍വം ചിലര്‍ സ്വയരക്ഷയ്‌ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിങ്ങനെയുള്ളവയ്‌ക്കാണ്‌.

എന്നാല്‍ 1980നു ശേഷം കുറ്റകൃത്യങ്ങളില്‍ സ്‌ത്രീ പങ്കാളിത്തം വിപുലമാകുന്നതായിട്ടാണ്‌ തെളിവുകള്‍. വ്യാജവാറ്റ്‌, വ്യഭിചാരം, കള്ളക്കടത്ത്‌, ബ്‌ളാക്ക്‌മെയിലിംഗ്‌, തട്ടിക്കൊണ്ടുപോക്ക്‌, കൊലപാതകം എന്നിവയില്‍ സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടി. 1971 ല്‍ നിന്ന്‌ 1990ലേക്കെത്തിയപ്പോള്‍ ഇന്ത്യയില്‍ പുരുഷന്മാരുടെ കുറ്റകൃത്യനിരക്കില്‍ 146.70 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന അവിശ്വസനീയവും ആശങ്കപ്പെടുത്തുന്നതുമാണ്‌- 362.53 ശതമാനം!

ഇന്ന്‌

കുറ്റകൃത്യങ്ങളുടെ ലോകത്തു സ്‌ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് പരിശോധിച്ചാല്‍ മനസ്സിലാകും പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ് ഡോ. ജെയിംസ്‌ വടക്കുംചേരി സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ രീതികളില്‍ കാലാനുസരണമായി ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. കന്നുകാലി മോഷണത്തില്‍ നിന്നു വാഹനമോഷണത്തിലേക്കും വ്യഭിചാരത്തില്‍ നിന്ന്‌ വന്‍കിട പെണ്‍വാണിഭത്തിലേക്കും കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ക്കു ഗ്‌ളാമറാകുന്നതോടെ സ്‌ത്രീകളും ആ മേഖലകളിലേക്കു കൂടുതല്‍ കൂടുതല്‍ തെന്നിവീഴുന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ ഗുണ്ടായിസത്തിലും മാഫിയാലോകത്തും മറ്റും സ്‌ത്രീകള്‍ കടന്നുവരുന്നത്‌ മുമ്പില്ലാത്തവണ്ണം ശക്‌തമായിട്ടാണ്‌; അദ്ദേഹം പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പഠനത്തില്‍ മുന്‍ ലോക്‌സഭയിലെ സ്‌ത്രീ പ്രതിനിധികളില്‍ 14 ശതമാനംപേരും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവരാണ്‌ എന്നു കണ്ടെത്തിയിരുന്നു. കണക്കുകള്‍ പറയുന്നത്‌ എപ്പോഴും പിടിക്കപ്പെടുന്നവരുടെ എണ്ണം മാത്രമാണ്‌. പിടിക്കപ്പെടാതെ ദിവസേന നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നോര്‍ക്കണം.

കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, അസം, മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കശ്‌മീര്‍ എന്നീ സംസ്‌ഥാനങ്ങളാണു സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്‌. വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുറച്ചുവര്‍ഷം മുമ്പ്‌, ഭര്‍ത്താവിനെ കൊന്നു ശരീരം തുണ്ടം തുണ്ടമായി അരിഞ്ഞു ബ്രീഫ്‌ കേസിലാക്കി റയില്‍വേ സേ്‌റ്റഷനിലുപേക്ഷിച്ചു ലോകം മുഴുവന്‍ കറങ്ങിനടന്ന്‌ ഒടുവില്‍ ഊട്ടിയില്‍ വച്ചു പൊലീസ്‌ പിടിയിലായ പയ്യന്നൂര്‍ക്കാരി ഡോ. ഓമനയെ മലയാളി മറന്നിട്ടുണ്ടാവില്ല. അതുപോലെ, സ്വന്തം സഹോദരി ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അയാളുമായി ചേര്‍ന്ന്‌ ചേച്ചിയെ വകവരുത്താന്‍ പദ്ധതിയിട്ടു നടപ്പാക്കിയ, കുപ്രസിദ്ധമായ ജഗതി കൊലക്കേസിലെ പ്രതി, കണ്ണൂര്‍സ്വദേശിയേയും. അവര്‍ക്കൊപ്പമാണ്‌, ഭര്‍ത്താവിനു മദ്യത്തില്‍ വിഷം കലക്കിക്കൊടുത്തു കൊന്ന കൊല്ലത്തെ മധ്യവയസ്‌കയായ വീട്ടമ്മയ്‌ക്കും, കടം വാങ്ങിയ പണം തിരികെച്ചോദിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന്‌ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കെ ബഹളമുണ്ടാക്കിയ സ്വന്തം മകളെ ശ്വാസം മുട്ടിച്ചു കഴുത്തുഞെരിച്ചു കൊന്ന യുവതിക്കും ഇടമുണ്ടാവുക.

പുതിയതരം കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നുവരുന്നവരില്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നു പ്രശസ്‌ത അഭിഭാഷകനായ അഡ്വ. വി.ജി. ഗോവിന്ദന്‍ നായര്‍ പറയുന്നു. എന്നാല്‍ സ്‌ത്രീകളില്‍ കുറ്റവാസന കൂടി വരുന്നതായാണ്‌ അഭിഭാഷകവൃത്തിക്കിടെ തനിക്കു മനസ്സിലാക്കാനാവുന്നതെന്നും അദ്ദേഹം പറയുന്നു. പാശ്‌ചാത്യരാജ്യങ്ങളിലെ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്‌. കേരളവും ആ രീതിയിലേക്കാണോ നീങ്ങുന്നതെന്നു സംശയം.

ഐ.ടി.മേഖലയിലെ കുറ്റവാളികളില്‍ സ്‌ത്രീകളുടെ എണ്ണം പെരൂകൂകയാണ്‌. ഇതു വിദ്യാഭ്യാസമുള്ള സ്‌ത്രീകളെ കുറ്റകൃത്യങ്ങളുടെ അത്യാധുനികവഴികള്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണെന്നു ഡോ. ജെയിംസ്‌ വടക്കുംചേരി പറയുന്നു.

കൈക്കൂലി, അഴിമതി എന്നവയിലും കേരളത്തിലെ സ്‌ത്രീകള്‍ പിന്നിലല്ല എന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ മാധ്യമങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സ്‌ത്രീ കുറ്റവാളികള്‍ കൂടുന്നു എന്നു പറയുമ്പോള്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കൂടിവരുന്നതു കണ്ടില്ലെന്നു നടിക്കരുതെന്നു പറയുന്നു സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷകൂടിയായ ജസ്‌റ്റിസ്‌ ഡി. ശ്രീദേവി.

സ്‌ത്രീ കുറ്റവാളിയാകുമ്പോള്‍

അമ്മ, ഭാര്യ, സംരംക്ഷക, കുടുംബബന്ധത്തിന്റെ അച്ചാണി എന്നിങ്ങനെ സമൂഹത്തില്‍ സ്‌ത്രീയുടെ സ്‌ഥാനം വളരെ വലുതാണ്‌, കേരളത്തില്‍. സ്‌ത്രീ കുറ്റവാളികളുടെ എണ്ണം പെരൂകുമ്പോള്‍ നാലു തരത്തിലാണതു സമൂഹത്തെ ബാധിക്കുക. ആത്യന്തികമായി അത്‌ അവളെത്തന്നെയാണ്‌ ബാധിക്കുക. രണ്ടാമത്‌ കുട്ടികളെ. പിന്നീട്‌ കുടുംബത്തെയും അതുകഴിഞ്ഞു സമൂഹത്തെയും. അതുകൊണ്ടുതന്നെ സ്‌ത്രീ കുറ്റവാളികളുടെ എണ്ണം നിസ്സാരമെങ്കില്‍പ്പോലും അതിനെക്കുറിച്ച്‌ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്‌ഥ അതിനെല്ലാമപ്പുറത്താണ്‌.

ഇരകള്‍

ഇന്നത്തെ സ്‌ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം. കോസ്‌മെറ്റിക്‌സുകളുടെയും ആഭരണങ്ങളുടെയും വസ്‌ത്രങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും മറ്റും ആഡംബരവിപണി അവളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ പണം കണ്ടെത്താനായി വരുംവരായ്‌കകളോര്‍ക്കാതെ അവള്‍ തെറ്റുകളുടെ ലോകത്തേക്കു കടന്നുചെല്ലുന്നു.വ്യഭിചാരവും പെണ്‍വാണിഭവും ഗുണ്ടായിസവും കൊലപാതകവും വാഹന-വായ്‌പാ മാഫിയയുമെല്ലാം റിസ്‌കുള്ളതാണെങ്കിലും അവള്‍ക്കു കൈനിറയേ പണം സമ്മാനിക്കുന്നതാണ്‌. (നിത്യേന കൂടുന്ന പോക്കറ്റ്‌മണിയുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളില്‍ മണിക്കൂറിനു വിലപറഞ്ഞു ശരീരം വില്‍ക്കുന്ന കൊച്ചിയിലെ സമ്പന്നകളും വിദ്യാസമ്പന്നകളുമായ വീട്ടമ്മമാരെക്കുറിച്ചു കന്യകയില്‍ നേരത്തേ ഫീച്ചര്‍ വന്നിട്ടുള്ളതോര്‍ക്കുക)അതുകൊണ്ടുതന്നെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവള്‍ മടിക്കുന്നില്ല. പുരുഷന്മാരുടെ പ്രലോഭനങ്ങളാണു സ്‌ത്രീകളെ വഴിതെറ്റിക്കുന്നതും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതുമെന്നു ജസ്‌റ്റിസ്‌ ശ്രീദേവി, താന്‍ കടന്നുവന്ന കേസ്‌ ചരിത്രങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തികം, സാമൂഹികം, ലൈംഗികം, മാനസികം,സാമൂഹികസ്‌ഥിതി, മാറിവരുന്ന സാമൂഹിക ചുമതലകള്‍, സാഹചര്യം, ആധുനികവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും സ്വാധീനം എന്നിവയെല്ലാം സ്‌ത്രീയെ കുറ്റകൃത്യങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്ന ഘടകങ്ങളാണ്‌.

നമ്മുടെ സംസ്‌കാരത്തിനു പൊതുവേ ഉണ്ടായ മൂല്യച്ച്യൂതിയുടെ ഭാഗമാണ്‌ വര്‍ധിച്ചുവരുന്ന സ്‌ത്രീ കുറ്റവാളികളെന്ന്‌ പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ അഡ്വ. വി.ജി.ഗോവിന്ദന്‍ നായര്‍ നിരീക്ഷിക്കുന്നു. ആരും നിയമത്തിനതീതരല്ല എന്ന തിരിച്ചറിവു സമൂഹത്തിനുണ്ടായേ തീരു -അദ്ദേഹം പറയുന്നു.

അണുകുടുംബവ്യവസ്‌ഥിതിയില്‍ മാതാപിതാക്കള്‍ക്കു കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ പോകുന്നതുമൂലം പലപ്പോഴും കുട്ടികളിലെ കുറ്റവാസനകള്‍ കണ്ടെത്താനോ തിരുത്താനോ കഴിയാതെ പോകുന്നു. പണ്ടെല്ലാം പെണ്‍കുട്ടികളെ പ്രായമാകുന്നതു മുതല്‍ നേര്‍വഴി ചൊല്ലിക്കൊടുത്തു വളര്‍ത്തുന്ന ഉത്തരവാദിത്തം അമ്മയുടേതായിരുന്നു.

ഇന്ന്‌, ജോലിത്തിരക്കിനിടെ അമ്മമാര്‍ക്ക്‌ അതിനാവാതെ പോകുന്നു. ഒടുവില്‍ മകള്‍ ക്രിമിനലായി മാറിക്കഴിയുമ്പോഴാണു പലപ്പോഴും അവരതു തിരിച്ചറിയുന്നത്‌-ബാഹ്യലോകത്തോടൊപ്പം. അപ്പോഴേക്കു നേര്‍വഴിയില്‍ നിന്ന്‌ വേറിട്ട്‌ അവര്‍ ഒരുപാടു ദൂരം മുന്നേറിക്കഴിഞ്ഞിരിക്കും.

പിടിക്കപ്പെടുന്ന സ്‌ത്രീ കുറ്റവാളികളുടെ, ആരെയും മോഹിപ്പിക്കുന്ന ആഡംബരജീവിതത്തെക്കുറിച്ചും കോടികളുടെ ബാങ്ക്‌ ബാലന്‍സിനെക്കുറിച്ചുമൊക്കെ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന നിറംപിടിപ്പിച്ചതും അല്ലാത്തതുമായ കഥകള്‍ യുവത്വത്തെ കുറച്ചൊന്നുമല്ല പ്രലോഭിപ്പിക്കുന്നത്‌. ശോഭാജോണിനെയും ചന്ദ്രമതിയെയും ഡോ.രമണിയേയും ആരാധിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചാവും ഒരുപക്ഷേ നാളെ മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വരിക. സിനിമ കണ്ടു ഹോസ്‌റ്റല്‍ വിട്ടു ചാടിപ്പോയി കറങ്ങി നടന്ന പെണ്‍കുട്ടികളുടെ കൂടി നാടാണ്‌ കേരളമെന്നോര്‍ക്കണം -പേരു വെളിപ്പെടുത്തരുത്‌ എന്ന വ്യവസ്‌ഥയില്‍ ഉന്നതനായ ഒരു ഐ.പി.എസ്‌ ഉദ്യോഗസ്‌ഥന്‍ കന്യകയോടു പറഞ്ഞു.

സമൂഹത്തെ നിയന്ത്രിക്കുന്ന മതം, ഈശ്വരവിശ്വാസം, സദാചാരബോധം, നീതിന്യായവ്യവസ്‌ഥകളോടുള്ള ഭയബഹുമാനങ്ങള്‍ എന്നിവയെല്ലാമാണ്‌ ഒരാളെ കുറ്റവാസനകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ രംഗങ്ങളിലെല്ലാം വന്ന അപചയങ്ങള്‍ കൂടുതല്‍ കുറ്റവാളികളുണ്ടാകാന്‍ പ്രേരണയായതായി ഡോ.മാത്യു വെല്ലൂര്‍ നിരീക്ഷിക്കുന്നു.

പണവും സ്വാധീനവുമുണ്ടെങ്കില്‍ പൊലീസിനെ കയ്യിലെടുക്കാമെന്നും കേസുകള്‍ അട്ടിമറിക്കാമെന്നുമുള്ള വിശ്വാസം വ്യാപകമായതാണു കൂടുതല്‍ പേര്‍ കുറ്റങ്ങളിലേക്കു തിരിയാനുള്ള പ്രധാന കാരണം.

ഉന്നത സ്വാധീനം നിലനിര്‍ത്താന്‍ ശോഭാജോണ്‍ തന്റെ താവളത്തില്‍ ഉന്നതര്‍ക്കായി കാഴ്‌ചവച്ചിരുന്ന മാംസസല്‍ക്കാരത്തില്‍ അവരുമായി കിടക്കപങ്കിടാനെത്തിയവരില്‍ സിനിമാനടിമാര്‍വരെയുണ്ടായിരുന്നുവെന്നാണ്‌ മാധ്യമവാര്‍ത്തകള്‍ എന്നോര്‍ക്കുമ്പോഴാണ്‌ ഡോ.മാത്യുവിന്റെ നിരീക്ഷണത്തിന്‌ മറ്റൊരു മാനം കൈവരുന്നത്‌.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ മാത്രമല്ല സമ്പന്നരില്‍ നിന്നു പോലും വനിതാ കുറ്റവാളികള്‍ ഏറെ ഉടലെടുക്കുന്നുവെന്നതിനുദാഹരണമാണ്‌ ഡോ. രമണിയും ചന്ദ്രമതിയുമെല്ലാം.

സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്‌. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന്‌ അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക്‌ അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്‌. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്‌ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.

Saturday, August 8, 2009

മറന്നു പോയ വാരത്തിന്റെ ഓര്‍മക്ക്



പ്രകൃതിയുടെ വരദാനമായ മാതൃത്വത്തിന്റെ അമൃതവര്‍ഷമായ മുലപ്പാലിന്റെ കാര്യം നാം മിക്കപ്പോഴും മറന്നു പോകുന്നു.

പോഷകാഹാരം എന്നു ചോദിച്ചാല്‍ ധനിക-ദരിദ്ര, സാക്ഷര-നിരക്ഷര ഭേദമില്ലാതെ മിക്കയാളുകള്‍ക്കും എണ്ണിപ്പറയാന്‍ ടി.വി.യിലും മറ്റു മാധ്യമ പരസ്യങ്ങളിലും കാണുന്ന ബ്രാന്‍ഡഡ് ഭക്ഷണ പാനീയങ്ങളുടെ പേരുകളേ ഓര്‍മ്മയില്‍ വരൂ.

അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്റ്റിലെ ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

''ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. കാരണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്‍മാര്‍.'' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ നമ്മില്‍ പലരും പലയിടത്തുമായി വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവും.

ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പരമപ്രധാനമായൊരു പങ്ക് പോഷകാഹാരത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല.

Sunday, August 2, 2009

ആ വെട്ടമണഞ്ഞു



മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷനും ആചാര്യനുമായ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.73 വയസായിരുന്നു. ഇന്നലെ രാത്രി 8.45 നു മലപ്പുറം കെപിഎം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കബറടക്കം ഞായറാഴ്ച വൈകിട്ട്‌ മൂന്നു മണിക്ക്‌ പാണക്കാട്‌ തറവാട്ടില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖം മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. അമേരിക്കയിലേക്കും ചികിത്സക്കായി കൊണ്ടുപോയിരുന്നു.ഇന്നലെ വൈകിട്ട്‌ കുഴഞ്ഞു വീണതിഞ്ഞാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്‌തിയായിരുന്നു തങ്ങളെന്നു മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

മഹാനായ രാഷ്ട്രീയ നേതാവായിരുന്നു തങ്ങളെന്നു പിണറായി വിജയന്‍ പറഞ്ഞു.

ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ സോണിയ ഗാന്ധി അനുശോചിച്ചു.

കക്ഷിരാഷ്ട്രീയത്തിനുപരി അദ്ദേഹത്തെ ബഹുജനങ്ങള്‍ ബഹുമാനിച്ചിരുന്നു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുസ്‌ലിം ലീഗ്‌ രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്‌. 34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു അദ്ദേഹം.

ഈജിപ്‌തിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക വിജ്ഞാനത്തില്‍ ഉന്നതബിരുദവും അറബ്‌ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്‌.കീറോ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി.

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൗമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചി ടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ - ഇതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാ ബ്‌ തങ്ങള്‍.

സമൂഹത്തിന്‌ ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളായിരുന്നു പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാ മിയായി കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാ നത്ത്‌ 30 വര്‍ഷം പിന്നിട്ട വ്യക്‌തിത്വം. സ്വന്തം പിതാവ്‌ ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം. ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ്‌ അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നത്‌.

അനേകകാലം പരസ്പരം പോരടിച്ച വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ്‌ തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത്‌ പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും.

മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം.

അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത്‌ നിര്‍ബന്ധിച്ചിരുത്തുന്നതാണ്‌ പലതും.

ഇനിയെന്തൊക്കെ കാണണം;എന്റീശ്വരാ!!



മിസ്‌ വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌ പാര്‍വതി ഓമനക്കുട്ടന്‍ സിനിമയിലേക്ക്‌. യുണൈറ്റഡ്‌ 6 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്‌ ലോക സുന്ദരി വെള്ളിത്തിരയില്‍ എത്തുന്നത്‌. മോഡലിങ്ങിലൂടെ സിനിമയിലെത്തുകയെന്ന പാര്‍വതിയുടെ മോഹം ചെറിയ കാത്തിരിപ്പിനൊടുവില്‍ പൂവണിയുകയാണ്‌. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ വിശാല്‍ ആര്യന്‍ സിങ്‌ സംവിധാനം ചെയ്യുന്ന യുണെറ്റഡ്‌ 6 എന്ന ചിത്രത്തിലൂടെയാണ്‌ മലയാളി സുന്ദരിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. അഞ്ച്‌ നായികമായരുള്ള ചിത്രത്തില്‍ നായകനില്ല. പൂര്‍ണമായും വിദേശത്ത്‌ ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ബാങ്കോക്കാണ്‌. 45 ദിവസത്തെ ഷൂട്ടിംഗിനായി പാര്‍വതി ബുധനാഴ്ച ബാങ്കോക്കിലേക്ക്‌ തിരിച്ചു.

Friday, July 31, 2009

രാജന്‍ പി ദേവിന് കലാ കേരളത്തിന്റെ യാത്രാമൊഴി

അന്തരിച്ച പ്രമുഖ നടന്‍ രാജന്‍ പി ദേവിന് കലാ കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി . അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ അങ്കമാലി കറുകുറ്റി സെന്റ് സേവിയേഴ്സ് പളളി സിമിത്തേരിയില്‍ സംസ്കരിച്ചു.

കറുകുറ്റിയിലെ വീട്ടില്‍ നിന്നും വിലാപയാത്രയായാണ്‌ മൃതദേഹം സെന്റ്‌ സേവ്യേഴ്‌സ്‌ ദേവാലയത്തിന്റെസെമിത്തേരിയിലേക്ക്‌ കൊണ്ടുവന്നത്‌.

കറുകുറ്റിയിലെ സ്വവസതിയില്‍ രാവിലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നാട്ടുകാരും സിനിമാ, സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും എത്തി.

സാസ്കാരിക വകുപ്പു മന്ത്രി എം എ ബേബി, നിയമമന്ത്രി എം വിജയകുമാര്‍ എന്നിവര്‍ സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും രാജന്‍ പി ദേവിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എം എല്‍ എ മാരായ കെ ബാബു, ജോസ് തെറ്റയില്‍, വി ഡി സതീശന്‍, സിനിമാതാരങ്ങളായ ദിലീപ്, ലാലു അലക്സ്, മധുപാല്‍, ക്യാപ്റ്റന്‍ രാജു, ടി പി മാധവന്‍, കവിയൂര്‍ പൊന്നമ്മ, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു.

നാടക നടന്‍ സിനിമ നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജന്‍ പി ദേവിന്റെ അന്ത്യം ഇന്നലെ രാവിലെ 6 മണിയോടെ കൊച്ചിയിലെ ലേകു ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു. 58 വയസ്സായിരുന്നു. രക്‌തം ഛര്‍ദിച്ച്‌ അവശനിലയില്‍ ഞായറാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കരള്‍ രോഗത്തിനൊപ്പം പ്രമേഹവും കലശലായതാണ്‌ മരണത്തിലേക്ക്‌ നയിച്ചത്‌.

അതിനിടെ താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്തു നടക്കുമ്പോഴായിരുന്നു അങ്കമാലിയില്‍ ശവസംസ്കാര ചടങ്ങുകള്‍. പാലേരി മാണിക്യം, ഡീസന്റ് പാര്‍ട്ടീസ്, ഉത്തരാസ്വയംവരം തുടങ്ങിയ ചിത്രങ്ങളുടെയും ഷൂട്ടിംഗ് മുടക്കമില്ലാതെ നടന്നു. ഇതേസമയം, രാജന്‍ പി ദേവിനോടുള്ള ആദരസൂചകമായി അങ്കമാലിയില്‍ ഉച്ചവരെ കടകമ്പോളങ്ങള്‍ അടച്ചിരുന്നു. ഒരു കൊല്ലംമുന്‍പാണ് രാജന്‍ പി ദേവ് ഇവിടെ താമസത്തിന് എത്തിയത്. എന്നിട്ടുപോലും നാട്ടുകാര്‍ ഏറ്റവും മാന്യമായ യാത്ര അയപ്പാണ് അതുല്യനടന് കൊടുത്തത്. പക്ഷേ, സഹപ്രവര്‍ത്തകര്‍ ഞങ്ങളുടെ രാജേട്ടനെ മറന്നു എന്നാണ് ഒരു അടുത്ത ബന്ധു തെല്ല് അമര്‍ഷത്തോടെ പറഞ്ഞത്.

ബുധനാഴ്ച രാവിലെ രാജന്‍ പി ദേവിന്റെ മരണവാര്‍ത്ത അറിഞ്ഞ് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തുമ്പോഴും സമാനമായ കാഴ്ചയായിരുന്നു.

നടന്മാരായ ബാബുരാജ്, സ്ഫടികം ജോര്‍ജ്, സംവിധായകന്‍ വിനയന്‍ തുടങ്ങി കുറച്ചുപേരാണ് അവിടെ ഉണ്ടായിരുന്നത്. സഹപ്രവര്‍ത്തകരെ കാണാത്തതില്‍ അക്ഷമനായി ബാബുരാജ് അസ്വസ്ഥനാവുന്നതും കാണാമായിരുന്നു.

'അമ്മ' സെക്രട്ടറി ബാബുവിനെയും മറ്റും വിളിച്ചപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണ് ഉടന്‍ വരാനാവില്ലെന്ന മറുപടി കിട്ടിയതായിരുന്നു ബാബുരാജിനെ അസ്വസ്ഥനാക്കിയത്.

മൃതദേഹത്തെ അനുഗമിക്കാനോ രാജന്‍ പി ദേവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനോ സമയംകിട്ടാത്ത മിക്ക സഹപ്രവര്‍ത്തകരും പക്ഷേ, നേരിട്ടും വോയ്‌സ് ഓവറിലൂടെയും നല്ലവാക്കുകളുമായി ടിവി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

ഇന്നലെ വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ച രാജന്‍ പി ദേവിന്റെ ഭൌതിക ശരീരത്തില്‍ സിനിമാ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Saturday, June 27, 2009

2009 ആഗസ്റ്റ് ഏഴാം തിയതി;സമയം 12:34:56

August 7, 2009

1 2 3 4 5 6 7 8 9

Amaze your friends, be the first to tell them...

At 12hr 34 minutes and 56 seconds on the 7th of August

This year, the time and date will be

12:34:56 07/08/09

This will never happen in your life again!!!!

Sunday, April 19, 2009

പുസ്തദിനത്തിന്റെ ഓര്‍മക്കായ്

പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയപോലെ വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസമാണ് ഏപ്രില്‍ 23 എന്ന ലോകപുസ്തകദിനം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ ഈ പുസ്തകദിനം വിപുലമായി തന്നെ ആഘോഷിക്കുന്നു.

വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുയും ഒപ്പം പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇത്.എന്നാല്‍ നാം എത്ര പേര്‍ ഈ ദിവസം ഓര്‍ക്കുന്നുണ്ടിന്ന് എന്നുകൂടി ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നല്ലതാണ്.

പ്രശസ്ത ആംഗലകവി വില്യം വേഡ്സ് വര്‍ത്തിന്‍റെയും ആദ്യകാല നോവലിസ്റ്റും ഡോണ്‍ ക്വിക്സോട്ടിന്‍റെ കര്‍ത്താവുമായ മിഗ്വല്‍ ഡി സെര്‍വന്‍റസ്സിന്‍റെയും ചരമദിനവും അതു പോലെ
ആംഗലകവി റൂപര്‍ട്ട് ബ്രൂക്ക്, ജൊസെപ്പ് പ്ളാ മൗറി ഡ്രുവോന്‍, കെ ലാക്സ്നെസ് വ്ലാഡ്മിര്‍ നബൊകോവ് തുടങ്ങിയവരുടെ ജനന മരണ ദിനങ്ങളും ഈ തീയതിയാണ് എന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം!

ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.

ആശയ വിനിമയത്തിന്‍റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.

1996 ലെ യുനെസ്കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്കോ സമ്മേളനം ആഹ്വാനം ചെയ്തു.

പക്ഷേ, ബ്രിട്ടനില്‍ ലോക പുസ്തക ദിനമായി ആചരിക്കുന്നത് മാര്‍ച്ച് മൂന്നിനാണ്.
വായന പുസ്തക പ്രസാധനം എന്നിവയോടൊപ്പം ബൗദ്ധിക സ്വത്തവകാശവും പകര്‍പ്പവകാശവും സംരക്ഷിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം

പുസ്തകം മനുഷ്യന്‍റെ ഉത്തമസുഹൃത്തും വഴികാട്ടിയുമാണ്. മനുഷ്യസഹജമായ വികാരമാണ് വായന. ദുഖിതനെ അത് ആശ്വസിപ്പിക്കുന്നു. ആനന്ദ ഹൃദയനെ കൂടുതല്‍ ആഹ്ളാദചിത്തനാക്കി മാറ്റുന്നു.

പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന പുസ്തകങ്ങള്‍ ആയുധം കൂടിയാണെന്നത് പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്. വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്.

പുസ്തകം ആയുധമാക്കിയായിരുന്നു പുതിയ ചീനയുടെ വളര്‍ച്ച. ഇന്ത്യയില്‍ പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുണ്ടായ കാലതാമസം വളര്‍ച്ചയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കേരളത്തിന്‍റെ അപ്രതിരോധ്യമായ വളര്‍ച്ചയുടെ പ്രധാനനിദാനവും പുസ്തകങ്ങളാണ്.

വായിക്കുക വായിപ്പിക്കുക എന്നത് ജീവിത ദൗത്യമാക്കിയ പി എന്‍ പണിക്കരെ നമുക്ക് സ്മരിക്കാം.മലയാളിയുടെ വായന സജീവമായി നിലനിര്‍ത്തിയ പൈങ്കിളി സാഹിത്യകാരന്മരേയും ഈ ദിനത്തില്‍ ഓര്‍മ്മിക്കണം.

ലോകപുസ്തകദിനാചരണം എന്ന ഗൗരവപൂര്‍ണമായ ഈ ആശയം അവതരിപ്പിച്ചത് അന്തര്‍ദേശീയ പുസ്തക സംഘടനയാണ്. അവര്‍ ഈ നിര്‍ദേശം സ്പാനിഷ് സര്‍ക്കാരിന് നല്‍കി. സ്പാനിഷ് സര്‍ക്കാര്‍ യുനെസ്കോയില്‍ ഒരു പ്രമേയരൂപത്തില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. യുനെസ്കോയുടെ ആഹ്വാനമനുസരിച്ചാണ് ലോകമാകെ ഈ ദിനം കൊണ്ടാടുന്നത്.

ഗ്രാമീണ ഗ്രന്ഥശാലകളുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം മലയാളികളുടെ മാതൃഭൂമിയായി തീര്‍ന്നതിന്‍റെ പിന്നില്‍ പുസ്തകങ്ങള്‍ ചെലുത്തിയ പ്രേരണ അതുല്യമാണ്. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാസ്കാരികാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വായനശാലകളും ഗ്രന്ഥശാലകളും മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

Monday, March 9, 2009

കുളിക്കൂ.............ചൂടകറ്റു!

ദു:ശീലങ്ങള്‍ പലതും വേനല്‍ക്കാലത്ത് നല്ലശീലങ്ങളായിമാറും. പകല്‍ ഉറക്കം മടിയുടെ ലക്ഷണമായാണ് കാണുന്നതെങ്കിലും മിക്ക ഡോക്ടര്‍മാരും ചൂടുകാലത്ത് അല്‍പ്പം പകലുറക്കം ശുപാര്‍ശ ചെയ്യാറുണ്ട്.

അമിതജോലിഭാരത്തില്‍നിന്നും ചൂടുമൂലമുണ്ടാകുന്ന ഊര്‍ജ നഷ്ടത്തില്‍ നിന്നും, തളര്‍ച്ചയില്‍ നിന്നും മോചനം ലഭിക്കുന്നതിനു വേണ്ടിയാണിത്.

ദിവസവും രാവിലെയും വൈകിട്ടും കുളിക്കുന്നതാണ് ഉത്തമം. കുളി രണ്ടില്‍ കൂടുന്നതും കുറയുന്നതും ആരോഗ്യകരമല്ല. വേനല്‍കാലത്ത് രാത്രികളില്‍ അത്യുഷ്ണം പലപ്പോഴും ഉറക്കക്കുറവിന് കാരണമാകാറുണ്ട്.

ഇത് പരിഹരിക്കാന്‍ വൈകിട്ട് എണ്ണതേച്ചു കുളിക്കാം. സോപ്പിനു പകരം ചെറുപയര്‍പൊടിയും കടലമാവും എണ്ണയില്‍ കുഴച്ച് തേച്ചു കുളിക്കുന്നത് ചര്‍മം വരളുന്നത് തടയും.

യാത്രകള്‍ കഴിയുന്നതും 11നു മുന്‍പോ 3.30നു ശേഷമോ ആക്കി ക്രമീകരിക്കാം. സൂര്യതാപം നേരിട്ട് ചര്‍മത്തില്‍ പതിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകും. കട്ടികുറഞ്ഞ, ഇളംനിറങ്ങളിലുള്ള പരുത്തി വസ്ത്രങ്ങളാണ് ചൂടുകാലത്ത് ഏറ്റവും ഉത്തമം. വിയര്‍പ്പ് കെട്ടിനിന്ന് അണുബാധയുണ്ടാകു ന്നത് തടയാന്‍ ഇത് സഹായിക്കും.

വ്യായാമം നല്ലതാണെങ്കിലും ചൂടുകാലത്ത് അമിത വ്യായാമം വിപരീത ഫലം ഉണ്ടാക്കും. അതുകൊണ്ട് വ്യായാമത്തില്‍ മിതത്വം പാലിക്കേണ്ട ത് ആവശ്യമാണ്. വേനല്‍ച്ചൂടിനെ ശപിച്ച് പ്രതിഷേധിക്കാതെ ജീവിത ക്രമത്തിലും ആഹാരരീതിയിലും ചെറിയമാറ്റങ്ങള്‍ വരുത്തി പ്രതിരോധി ക്കുകയാണ് വേണ്ടത്.

കുട്ടികളെപ്പോലെതന്നെ വേനലവധി 'ആഘോഷമാക്കാന്‍ തയ്യാറെടു ക്കുന്ന മറ്റൊരു കൂട്ടരുണ്ട്, രോഗാണുക്കള്‍. മിക്കപ്പോഴും അവധിയുടെ ആഘോഷത്തിമിര്‍പ്പില്‍ ആരോഗ്യം ശ്രദ്ധിക്കാതെവരുന്നതുകൊണ്ട് കുട്ടികളാണ് പകര്‍ച്ചവ്യാധികളുടെ പിടിയിലാകുന്നതില്‍ അധികവും. അടിച്ചുപൊളിയോടൊപ്പം ആരോഗ്യം കൂടി ശ്രദ്ധിച്ചാല്‍ അവധിക്കാലം ശരിക്കും അടിപൊളിയാക്കാം.

കളികള്‍ക്കിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മറന്നു പോകരുത്. ഉച്ചവെയിലിലെ കടുത്ത ചൂടിലും പൊടിക്കും ഇടയില്‍ ഔട്ട്ഡോര്‍ കളികള്‍ ഒഴിവാക്കുന്നത് ശ്വാസകോശ രോഗങ്ങളും ചര്‍മ രോഗങ്ങളും ഒഴിവാക്കാന്‍ സഹായകമാകും. എന്നാല്‍ വെയില്‍ പേടിച്ച് മുഴുവന്‍ സമയവും ടിവിയ്ക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതും നല്ലതല്ല. ദിവസവും രണ്ടു നേരം കുളി ശീലമാക്കണം.

കളികള്‍ക്കിടയിലും മറ്റും ഉണ്ടാവുന്ന മുറിവുകള്‍ ശരിയായി വൃത്തിയാക്കി മരുന്നുതേയ്ക്കണം. മുറിവുകള്‍ വഴി ടെറ്റനസ് ബാധയ്ക്കു സാധ്യതയുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സി.വി.എ.വാര്യര്‍
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല

Monday, February 23, 2009

ഇന്ത്യ കാത്തിരുന്ന നിമിഷം വെറുതെയായില്ല

മുംബൈ ചേരി നിവാസികളുടെ കഥപറഞ്ഞ സ്ലംഡോഗ് മില്യനറിലൂടെ ഇന്ത്യക്കും കേരളത്തിനും ഓസ്കാര്‍ അംഗീകാരം.

മികച്ച സിനിമ, മികച്ച ഗാനം, ശബ്ദ മിശ്രണം, സംവിധായകന്‍, എന്നിവയുള്‍പ്പെടെ സ്ലംഡോഗ് മില്യനര്‍ എട്ട് ഓസ്കര്‍ നേടി.

മികച്ച ഗാനത്തിനും സ്കോറിംഗിനും എ.ആര്‍.റഹ്മാനും ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കൂട്ടിക്കുമാണ് ഓസ്കര്‍ പുരസ്കാരം. സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ജയ്ഹോ എന്ന ഗാനത്തിലൂടെയാണ് എ.ആര്‍. റഹ്മാന്‍ സ്വന്തമാക്കിയത്. ഈ ഗാനത്തിലൂടെ ഗൂല്‍സാറിനും പുരസ്കാരം ലഭിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം സ്ലംഡോഗ് മില്യനറിന്റെ സംവിധായകന്‍ ഡാനി ബോയില്‍ നേടി. റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മില്‍ക് എന്നചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച സീന്‍പെന്‍ ആണ് മികച്ച നടന്‍.

ഇന്ത്യന്‍ പശ്ചാലത്തില്‍ ചിത്രീകരിച്ച സ്മൈല്‍ പിങ്കീസ് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്കര്‍ നേടി. ഓസ്കര്‍ ലഭിക്കുന്ന ആദ്യ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. ഓസ്കര്‍ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി അവാര്‍ഡ് ഏറ്റുവാങ്ങിയ റസൂല്‍ പൂക്കുട്ടി പറഞ്ഞു. പത്ത് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന പൂക്കുട്ടി കൊല്ലം അഞ്ചല്‍ സ്വദേശിയാണ്.

Tuesday, February 17, 2009

ഒരു പതിമൂന്നുക്കാരന്റെ ലീല

പതിമൂന്നു വയസുകാരന്‍ അച്‌ഛനായ സംഭവം ബ്രിട്ടണ്‌ മുഴുവന്‍ നാണക്കേടായി. തന്നേക്കാള്‍ രണ്ടു വയസ്‌ കൂടുതലുള്ള കാമുകി ചാന്റെല്ലെയുമൊത്ത്‌ ഒറ്റ രാത്രിമാത്രം കഴിഞ്ഞ 13കാരനായ ആല്‍ഫി ബാറ്റനാണ്‌ അച്‌ഛനായി ബ്രിട്ടണില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌.

മകള്‍ക്ക്‌ മെയിസി റോക്‌സന്‍ എന്നു പേരിടുകയും ചെയ്‌തു. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരങ്ങള്‍ക്കുമൊപ്പമാണ്‌ ആല്‍ഫിയുടെ താമസം. പിതാവ്‌ വല്ലപ്പോഴും പോക്കറ്റ്‌മണിയായി കൊടുക്കുന്ന 10 പൗണ്ടാണ്‌ ആകെയുള്ള വരുമാനം.

മകളെ വളര്‍ത്തുമെന്നു പറയുന്ന ആല്‍ഫി പക്ഷേ ജീവിക്കാനുള്ള പണം എങ്ങനെ സമ്പാദിക്കുമെന്നു മാത്രം പറയുന്നില്ല. ഒരു ഡയപറിന്‌ എന്തു വില വരുമെന്നു പോലും അറിയാന്‍ കഴിയാത്ത, മുഖത്ത്‌ 'കുട്ടിത്തം' തുളുമ്പുന്ന അച്‌ഛന്‍ പാവപ്പെട്ടവരുടെ കോളനിയായ 'കൗണ്‍സില്‍ എസ്‌റ്റേറ്റിലെ' വീട്ടില്‍ കുടുംബം പുലര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്ത്‌ തലപുകയ്‌ക്കുകയാണ്‌.

1998ല്‍ ഒരു കുട്ടിയുടെ പിതാവായ സീന്‍ സ്‌റ്റുവര്‍ട്ടാണ്‌ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ്‌. എമ്മ വെബ്‌സ്റ്റര്‍ എന്ന കാമുകിയിലാണ്‌ സ്‌റ്റുവര്‍ട്ടിന്‌ മകന്‍ പിറന്നത്‌. ഇരുവരും ആറു മാസത്തിനു ശേഷം വേര്‍പിരിയുകയും ചെയ്‌തു.

ആല്‍ഫി പാറ്റന്റെ മകളുടെ പിതൃത്വം അവകാശപ്പെട്ട്‌ കുടുതല്‍ കൗമാരക്കാര്‍ രംഗത്ത്‌. കുട്ടി മകന്റെ തന്നെയാണെന്ന്‌ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കളും രംഗത്തുവന്നതോടെ കൗമാരക്കാനായ പിതാവിനും 15 വയസുകാരി മാതാവിനും പിറന്ന കുട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുക്കുന്നു.

15 വയസുകാരിയായ ചാന്‍റ്റെല്ലെയ്‌ക്കു പിറന്ന മകളാണ്‌ ഇപ്പോള്‍ ബ്രിട്ടണിലെ സംസാരവിഷയം. 13 വയസുകാരനാണ്‌ പിതാവെന്നു ചാന്‍റ്റെല്ലെ പറയുന്നുണ്ടെങ്കിലും 14ഉം 16ഉം വയസുള്ള രണ്ടു 'പയ്യന്‍'മാരും പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌. ചാന്‍റ്റെല്ലെ കുറഞ്ഞത്‌ നാല്‌ ആണ്‍കുട്ടികളുമായെങ്കിലും കിടക്ക പങ്കിട്ടു കാണുമെന്ന്‌ ഇവരുടെ അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ചാന്‍റ്റെല്ലെയും ഇവരുടെ മാതാവ്‌ പെനെലോപും (38) ആരോപണങ്ങള്‍ നിഷേധിക്കുന്നു.

കഷ്‌ടിച്ചു നാലടി മാത്രം ഉയരമുള്ള ആല്‍ഫിയും ഉറച്ചുതന്നെയാണ്‌. ''മറ്റു ശപ്പന്‍മാര്‍ കള്ളം പറയുകയാണ്‌. അവര്‍ എന്റെ പെണ്ണിന്റെ പേര്‌ മേശമാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ മാത്രമാണ്‌ ചാന്‍റ്റെല്ലെയുടെ ബോയ്‌ഫ്രണ്ട്‌. ഞാന്‍ തന്നെയാണ്‌ അവളുടെ കുട്ടിയുടെ അച്‌ഛനും.'' ആല്‍ഫി ക്ഷുഭിതനാകുന്നു. ഡിഎന്‍എ ടെസ്‌റ്റിനെക്കുറിച്ച്‌ കാര്യമായി ഒന്നും അറിയില്ലെങ്കിലും ചാന്‍റ്റെല്ലെയും സല്‍പ്പേര്‌ സംരക്ഷിക്കാന്‍ അത്‌ വേണമെന്ന്‌ അമ്മ ഉപദേശിച്ചതിനാല്‍ പരിശോധനയ്‌ക്ക് തയാറാണെന്നും അവന്‍ വ്യക്‌തമാക്കി.

മകന്‌ ഒരു പെണ്ണിനെ ഗര്‍ഭവതിയാക്കാനുള്ള കഴിവ്‌ ഇല്ലെന്ന്‌ ആല്‍ഫിയുടെ പിതാവ്‌ ഡെന്നീസ്‌ പറയുന്നു. വര്‍ക്‌ഷോപ്പ്‌ ജീവനക്കാരനായ ഡെന്നീസിന്‌ ആല്‍ഫിയെക്കൂടാതെ എട്ടു മക്കള്‍ കൂടിയുണ്ട്‌. ''അവന്‌ അതിനുള്ള പ്രായം ആയെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഡിഎന്‍എ ടെസ്‌റ്റ് മാത്രമാണ്‌ ഏക പോംവഴിയെന്നു ഞാന്‍ കരുതുന്നു. പെണ്‍കുട്ടിയെ സംശയിക്കുന്നതിനാലല്ല. മറിച്ച്‌ മറ്റുള്ളവരുടെ നാവ്‌ അടക്കാന്‍ വേണ്ടിയാണ്‌.'' ഡെന്നീസ്‌ വ്യക്‌തമാക്കി.

പതിനാറു വയസുള്ള ട്രെയിനി ഷെഫ്‌ റിച്ചാഡ്‌ ഗുഡ്‌സെലും 14 വയസുകാരനായ ടയിലര്‍ ബാര്‍കറുമാണ്‌ പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തുവന്ന മറ്റു രണ്ടുപേര്‍. മൂന്നു മാസത്തോളം ചാന്‍റ്റെല്ലെയുമായി ബന്ധപ്പെട്ടിരുന്നതായി റിച്ചാഡ്‌ പറയുന്നു. ചാന്‍റ്റെല്ലെയുടെ കുഞ്ഞിന്‌ തന്റെ മകന്റെ ഛായയാണെന്ന്‌ റിച്ചാഡിന്റെ അമ്മയും അവകാശപ്പെടുന്നു. ഡിഎന്‍എ പരിശോധനാ ഫലം തന്റെയും ആവശ്യമാണെന്നും റിച്ചാഡ്‌ വ്യക്‌തമാക്കി.

ഒമ്പതു മാസം മുന്‍പ്‌ ചാന്‍റ്റെല്ലെയുമായി കിടക്കപങ്കിട്ടുവെന്ന്‌ അവകാശപ്പെട്ടാണ്‌ ടയിലര്‍ ബാര്‍കര്‍ രംഗത്തുവന്നിരിക്കുന്നത്‌. ''എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌ താനാണ്‌ കുട്ടിയുടെ പിതാവെന്നാണ്‌. എനിക്കും അതുതന്നെ തോന്നുന്നു. ഇത്‌ തമാശയല്ല.'' 20 വയസുകാരന്റെ മുഖഭാവമുള്ള ടയിലര്‍ ആണയിടുന്നു.

സംഭവം അപലപിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ അടക്കമുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു. കൗമാര മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്‌.


രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്ക്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇതെന്ന്‌ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതാവ്‌ ഇയയിന്‍ ഡങ്കന്‍ ചൂണ്ടിക്കാട്ടുന്നു. പശ്‌ചിമ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ കൗമാരക്കാര്‍ മാതാപിതാക്കളാകുന്നത്‌ ബ്രിട്ടണിലാണെന്നും അദ്ദേഹം കണക്കുകള്‍ ചൂണ്ടിക്കാട്ടി പറയുന്നു.

Tuesday, February 10, 2009

ടി.എന്‍. ഗോപകുമാര്‍ തന്റെ മനസുതുറക്കുന്നു

എനിക്ക്‌ നിര്‍ണായകമായ കാലമാണ്‌ ഇരുപതുകള്‍. സ്വന്തം ശരീരത്തെ,താല്‍പ്പര്യത്തെ,മനസിനെ,ചിന്താഗതികളെ ഒക്കെ തൊട്ടറിയാന്‍ ബോധപൂര്‍വമോ അല്ലാത്തതോ ആയ ശ്രമങ്ങള്‍ ആരംഭിക്കുന്ന കാലമാണിത്‌.

ഒരുനിമിഷംപോലും പാഴാക്കാതെ മുന്നേറണമെന്ന്‌ മനസാ സ്വപ്‌നം കണ്ടിട്ടും അക്കാലത്ത്‌ ഒന്നോ രണ്ടോ വര്‍ഷം വെറുതെ പാഴാക്കിക്കളഞ്ഞിട്ടുണ്ട്‌. ആ വര്‍ഷങ്ങള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ ഇത്തിരികൂടി മുമ്പെ പത്രപ്രവര്‍ത്തനത്തെ പിടികൂടാമായിരുന്നു.

കുട്ടിക്കാലത്തെ പത്രപ്രവര്‍ത്തനം സ്വപ്‌നം കണ്ടു.അതിനായി മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരാളാണ്‌ ഞാന്‍. എന്നാല്‍ ഇരുപതുകളില്‍ എത്തിയപ്പോള്‍ എന്റെ തീരുമാനങ്ങളില്‍ ചിലത്‌ വളരെ വൈകിപ്പോയി. അതുകൊണ്ട്‌ മാത്രം മദ്രാസില്‍ പോയി പഠിക്കുന്നതിനും തുടര്‍ന്ന്‌ ജോലി കിട്ടുന്നതിനും ഇത്തിരി കാലതാമസമുണ്ടായി.

ഇരുപത്തിയാറാംവയസില്‍ പത്രപ്രവര്‍ത്തനത്തിനുള്ള അന്താരാഷ്‌ട്ര അവാര്‍ഡ്‌ നേടിയെടുത്തെങ്കിലും എന്റെ ഉഴപ്പിന്റെ കൂടുതല്‍കൊണ്ട്‌ രണ്ടുവര്‍ഷം വൈകികിട്ടിയ അവാര്‍ഡാണതെന്ന്‌ വിശ്വസിക്കുകയാണ്‌ ഞാന്‍.

ഇക്കാലത്ത്‌ പ്രണയത്തേക്കാള്‍ ഞാന്‍ പെട്ടുപോയത്‌ ചില ദു:ശീലങ്ങളാണ്‌. പുകവലി ഉള്‍പ്പെടെയുള്ള ഇത്തരം ശീലങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ടി.എന്‍. ഗോപകുമാര്‍ എന്ന വ്യക്‌തി...

പത്രപ്രവര്‍ത്തകന്‍ ഒക്കെ ഇനിയുമെന്തൊക്കെ ആകുമായിരുന്നു. അതോര്‍ക്കുമ്പോള്‍ ഒരു നഷ്‌ടബോധം. ഇന്ന്‌ അമ്പത്തിരണ്ട്‌ വയസിലെത്തി നില്‍ക്കുമ്പോള്‍ ഇത്തരം ദു:ശീലം ആരോഗ്യത്തില്‍ വരുത്തിയ ചില്ലറ അസ്വാസ്‌ഥ്യങ്ങള്‍ തോന്നുമ്പോള്‍ പലപ്പോഴും ആലോചിക്കാറുണ്ട്‌.

ഇനിയൊരു ഇരുപതുകള്‍ കിട്ടിയാല്‍ ഉറപ്പായും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചേനെയെന്ന്‌. ജീവിതത്തില്‍ പ്രേമനൈരാശ്യം ഉണ്ടാകാത്തതിനാല്‍ ഇരുപതികളിലെ പ്രണയത്തിനോട്‌ വലിയ ആകര്‍ഷണം തോന്നാറില്ല.

അന്ന്‌ എന്റെ പ്രായത്തില്‍ ഞാന്‍ കാട്ടിയ ധൈര്യം,സത്യസന്ധത, ചിന്തകള്‍ ഇതൊന്നും ഇന്നത്തെ കുട്ടികള്‍ക്കില്ലല്ലോയെന്നതില്‍ സങ്കടമുണ്ട്‌. ഇരുപതുകളിലെ എന്റെ പ്രണയങ്ങളൊന്നും തീവ്രമായിരുന്നില്ല. തീവ്രമായുണ്ടായ പ്രണയത്തില്‍ എന്റെ വിവാഹം വന്നു കലാശിക്കുകയും ചെയ്‌തു.

കടപ്പാട്:രശ്മി രഘുനാഥ്

Friday, January 23, 2009

ശ്രീശാന്ത് തന്റെ ആദ്യപ്രണയത്തെ കുറിച്ച്

ശ്രീശാന്ത്:ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയെ നിങ്ങള്‍ അറിയില്ല. അവള്‍ സിനിമാതാരമൊന്നുമല്ല. പേരു ചോദിക്കരുത്. പറയില്ല അവള്‍ ബാംഗൂരിലെ ഫ്ളോറന്‍സ് സ്കൂളില്‍ എന്റെയൊപ്പം പഠിച്ചതാണ്. എട്ടാം ക്ളാസിലാണു ഞാന്‍ ഫ്ളോറന്‍സില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. കൊച്ചിയില്‍ നിന്നു ബാംഗൂര്‍ പോലെയൊരു നഗരത്തിലേക്കു ചെന്നതിന്റെ പരിഭ്രമം തുടക്കത്തില്‍ ഉണ്ടായിരുന്നു.

ക്രിക്കറ്റില്‍ മികച്ച പരിശീലനം നേടുകയെന്ന ലക്ഷ്യവുമായാണു ഞാന്‍ ബാംഗൂരില്‍ എത്തിയത്. പക്ഷേ അവളെ ഇഷ്ടപ്പെടാന്‍ അതൊന്നും തടസമായിരുന്നില്ല. ആദ്യം കണ്ടപ്പോള്‍ തന്നെ അവളുടെ രൂപം എന്റെ മനസില്‍ പതിഞ്ഞു. എന്റെ സ്കൂളിലെ ഏറ്റവും സുന്ദരിയായ കുട്ടി. അവളെ ആകര്‍ഷിക്കാനുള്ള വകുപ്പൊന്നും അന്ന് ഇല്ല. അവളുടെ അംഗീകാരം പരിഗണിക്കാതെ ഞാന്‍ അവളെ സ്നേഹിച്ചു. സ്നേഹിക്കുക എന്നാല്‍ സ്നേഹത്തിന്റെ പരമാവധി.

ചെറിയ പ്രായമല്ലേ ഇപ്പോളാണെങ്കില്‍ വന്നാല്‍ സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ സംസാരിക്കാം. അന്നതു പറ്റില്ലല്ലോ. അക്കാലത്തു മനസ് ഓരോ നിമിഷവും മുള്‍മുനകളിലൂടെയാണു നീങ്ങുന്നത്. ഞാന്‍ ഇഷ്ടമാണെന്നു പറയുമ്പോള്‍ അവള്‍ക്കു നിരസിക്കാനാവാത്ത ഉയരത്തില്‍ ഞാനെത്തും. അവളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസില്‍ അങ്ങനെ പറഞ്ഞു. പ്രാക്ടീസ് ചെയ്യുമ്പോള്‍ പോലും ആ വാശി എന്നെ ഉത്തേജിപ്പിച്ചു.

ഏഴു വര്‍ഷം ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കണ്ടിട്ട്, എത്ര പൊക്കംവച്ചെ ന്നോ എത്ര വണ്ണമുണ്ടെന്നോ ഇപ്പോള്‍ അവള്‍ എങ്ങനെയായിരിക്കുമെന്നോ പോലും ഞാന്‍ ചിന്തിച്ചില്ല. അവളുടെ വീട്ടില്‍ ചെല്ലണം. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയണം. അതുമാത്രമായിരുന്നു ചിന്ത.

പരമ്പരാഗത ബ്രാഹ്മിണ്‍ കുടുംബമായിരുന്നു അവളുടേത്. ഞാന്‍ ചെന്നപ്പോള്‍ അവള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. അവളുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു.

Wednesday, January 7, 2009

അ‌റിഞ്ഞില്ലേ?നിങ്ങളുടെ 2009ലെ നക്ഷത്രഫലം

1. അശ്വതി:അശ്വതി നക്ഷത്രക്കാര്‍ക്ക് വ്യാഴവും, രാഹുവും ഒരുമിച്ചു കര്‍മ്മ സ്ഥാനത്തും, സെപ്റ്റംബര്‍ 9 മുതല്‍ ശനി ആറിലും, നവംബര്‍ 17 മുതല്‍ രാഹു ഭാഗ്യസ്ഥാനത്തും, കേതു സോദര ഭാവത്തിലും വരികയാണ്. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും, താമസം മാറ്റവും, ചിലപ്പോള്‍ ജോലി മാറ്റവും, കര്‍മ്മത്തില്‍ ചില പിഴവുകള്‍ വന്നു അതിജീവിക്കാനും സാദ്ധ്യതയുണ്ട്. ജാതകത്തില്‍ ഗ്രഹാനുകൂല്യമുണ്ടെങ്കില്‍ അപ്രതീക്ഷിതമായ ധനാഗമവും, ശത്രുവിരോധ കുറവും ഉണ്ടാകാം അല്ലെങ്കില്‍ മറിച്ചും സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിള്ളലുണ്ടാകാം. രാഹുദശ അനുഭവിക്കുന്ന അശ്വതിക്കാര്‍ പരമാവധി ഈശ്വരാധീനം വരുത്തണം. സര്‍പ്പപ്രീതി, സെന്റ് ജോര്‍ജ്- ഗീവര്‍ഗീസ് പുണ്യവാളന്മാരെ പ്രാര്‍ത്ഥിക്കുക തുടങ്ങിയവകൊണ്ട് രാഹുമാറ്റം ഗുണകരമാക്കുക. ജാതകത്തില്‍ രാഹുകേതുക്കള്‍ ബലമില്ലെങ്കില്‍ കര്‍മ്മരംഗത്തിന് നഷ്ടവും, ഭാഗ്യക്കേടും സംഭവിക്കാം. മുന്‍കൂര്‍ ശ്രദ്ധിച്ചാല്‍, പരിഹരിച്ചാല്‍ ബുദ്ധിമുട്ടില്‍ നിന്നും ഒഴിവാക്കാം. ഓപ്പറേഷന്‍, ജീവിതപങ്കാളിയുമായുള്ള അകല്‍ച്ച ഇവയും ദോഷമായി ഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യാഴദശ അശ്വതിക്കാര്‍ ആയുരാരോഗ്യവും പ്രത്യേകം ശ്രദ്ധിക്കണം.

2. ഭരണി:ഭരണിക്കും മേല്‍പറഞ്ഞതു തന്നെയാണ് ഗ്രഹസ്ഥിതി. വ്യാഴ, ചൊവ്വ, രാഹു, ശനി ദശക്കാര്‍ക്ക് പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വ ദശ ഭരണിക്കാര്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതെയും, രാഹുദശക്കാര്‍ ഓരോ ചുവടുവയ്പിലും, സാമ്പത്തികകാര്യമുള്‍പ്പെടെ ശ്രദ്ധിച്ചും, ശനിദശ ഭരണിക്കാര്‍ കേസ്വഴക്ക് ആരോപണം വരാതെയും, വ്യാഴദശക്കാര്‍ ജീവിതപങ്കാളി ആയൂരാരോഗ്യം ശ്രദ്ധിച്ചും നീങ്ങണം. ഗ്രഹനില ബലമുള്ളതുകൊണ്ട് നിക്ഷേപ വര്‍ധന, ഭൂമി സ്വത്ത് ലാഭം, വിദ്യാഭ്യാസ വിജയം എന്നിവ ഉണ്ടാകും. ബലമില്ലാത്തവര്‍ക്ക് ഈ മേഖലകളിലെല്ലാം തടസ്സവും നഷ്ടവും സ്ഥിതിചെയ്യുന്ന സ്ഥലം വിട്ട് മനപ്രയാസത്തോടെ ഒഴിഞ്ഞുപോകേണ്ടതായും വരാം. മേല്‍പറഞ്ഞ ഗ്രഹങ്ങളുടെ പ്രീതിക്കായി പൂജാ, പ്രാര്‍ത്ഥനകള്‍ അനുഷ്ഠിച്ചാല്‍ ദോഷം കുറഞ്ഞ് ഗുണം വര്‍ദ്ധിക്കാം.

3. കാര്‍ത്തിക:കാര്‍ത്തികക്ക് കുംഭം രണ്ട് മേടവും, ഇടവും. മേടക്കൂറുകാര്‍ക്ക് വര്‍ഷം ഗുണകരമാണെങ്കില്‍, അത്രയും ഗുണം ഇടവക്കൂറുകാര്‍ക്ക് പ്രതീക്ഷിക്കാന്‍ വഴിയില്ല. മേടക്കൂറുകാര്‍ക്ക് അശ്വതി, ഭരണിക്ക് പറഞ്ഞ ഏറെക്കുറെ അനുഭവങ്ങളും, അതിനുതകുന്ന രീതിയില്‍ പരിഹാരങ്ങളും നടത്തുക. ഇടവക്കൂറുകാര്‍ക്ക്, അഞ്ചിലെ ശനിയും, എട്ടിലെ രാഹുവും, രണ്ടിലെ കേതുവും, അവിചാരിതമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കര്‍മ്മതടസ്സം, രോഗം, എന്നിവയ്ക്കു സാദ്ധ്യതയുണ്ട്. ഗ്രഹനിലയില്‍ രാഹുകേതുക്കളും, ശനി വ്യാഴവും അനുകൂലമാണെങ്കില്‍ കാര്‍ത്തികയ്ക്ക് അവിചാരിതമായ നേട്ടങ്ങള്‍ ഉണ്ടാകും. ഗ്രഹബലമില്ലെങ്കില്‍ ദോഷപരിഹാരം നടത്തി വര്‍ഷത്തെ അനുകൂലമാക്കുക.

4. രോഹിണി:രോഹിണിക്ക് വ്യാഴം അനുകൂലമാണെങ്കിലും രാഹു കേതു ശനിയുടെ മാറ്റം അതിഭദ്രമല്ല. അതിനാല്‍ 2009 സെപ്തംബര്‍ മുതല്‍ രോഹിണി നക്ഷത്രക്കാര്‍ കൂടുതല്‍ ശ്രദ്ധയോടെ നീങ്ങണം. രോഹിണിയ്ക്ക് ഏറെക്കുറെ യൌവനത്തില്‍ രാഹുദശയും, മദ്ധ്യവയസ്സിനോടടുത്തു ശനിദശയുമാണ്. രാഹുദശ നടപ്പുള്ള രോഹിണി ചെറുപ്പക്കാര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ട പല സംഭവങ്ങളും ഉണ്ടാകാം. കുടുംബത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകാം. ശനിദശ അനുഭവിക്കുന്ന രോഹിണിക്കാര്‍ മന്ദതയും, മനപ്രയാസവും, മക്കളെക്കൊണ്ട് ബുദ്ധിമുട്ടുവരാതിരിക്കാനും വാതം, ഞരമ്പുസംബന്ധമായ അസുഖങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാതെയും വന്നു ബുദ്ധിമുട്ടിക്കാതെയും ശ്രദ്ധിക്കണം. വ്യാഴദശയുള്ള രോഹിണിക്കാര്‍ക്ക് ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാല്‍ ഗ്രഹബലമുണ്ടെങ്കില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാം.

5. മകയിരം:മകയിരവും ഇടവം മിഥുനം കൂറിലായി നില്‍ക്കുന്ന നക്ഷത്രങ്ങളാണ്. ഇടവക്കൂറുകാര്‍ക്ക് മിഥുനക്കൂറുകാരെക്കാള്‍ 2009 ഗുണപ്രദമാണ്. മിഥുനക്കൂറുകാര്‍ രാഹു, കേതു, ശനി, വ്യാഴ ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യണം. ശനി, രാഹു, വ്യാഴ ദശ അനുഭവിക്കുന്ന മകയിരംകാര്‍ അതത് ദശാനാഥന്‍മാര്‍ക്ക് പ്രീതികരമായ വ്രതവും, ദോഷ പരിഹാരവും നടത്തണം. മൃത്യുഞ്ജയ മന്ത്ര ജപവും മൃത്യുഞ്ജയ ഹോമവും നന്നായിരിക്കും. വീട്ടില്‍ ഗണപതിഹോമം, ഭഗവതി പൂജ, വെഞ്ചരിക്കല്‍ ഇവ നടത്തുക. ബന്ധങ്ങളും, കര്‍മ്മരംഗവും കുഴപ്പത്തിലാകാതെ ശ്രദ്ധിക്കണം. മുന്‍കൂര്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കണ്ണില്‍ കൊള്ളാതെ പുരികത്ത് കൂടി കടന്നുപോകും.

6. തിരുവാതിര:തിരുവാതിരയ്ക്ക് ഏറ്റവും പ്രശ്ന സങ്കീര്‍ണ്ണമായ ഒരു വര്‍ഷമായിരിക്കും 2009. വ്യാഴത്തിന്റെ വിപരീതാവസ്ഥ, രാഹുകേതുക്കളുടെ ഇപ്പോഴത്തെ നിലയും മാറ്റവു. ശനി കണ്ടകനായി വരുന്നതും എല്ലാം. ശനി, വ്യാഴം, രാഹു, കേതു പ്രീതി വരുത്തണം. നവഗ്രഹ പ്രീതിയും വരുത്തണം. വിവാഹാദി മംഗളകര്‍മ്മങ്ങളിലും, കുടുംബകാര്യങ്ങളിലും വളരെ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം. വിവാഹം കഴിഞ്ഞവര്‍ ദീര്‍ഘമംഗല്യ ഭാഗ്യത്തിന് പ്രാര്‍ത്ഥനയും പൂജകളും നടത്തുക. ഒരുവര്‍ഷം ചിപ്പിക്കകത്തുപെട്ട മഞ്ഞുതുള്ളിപോലെ പരമാവധി ഒരുങ്ങി ജീവിക്കുക. ശനി, വ്യാഴ ദശ നടപ്പുള്ളവരും കേതു ആദിത്യ ദശ നടക്കുന്ന തിരുവാതിരക്കാരും ആവും വിധം ഈശ്വരാധീനം നേടുക. അത്രമാത്രമേ ഒരു ഉപായമുള്ളൂ.

7. പുണര്‍തം:പുണര്‍തവും രണ്ട് കൂറുള്ള നക്ഷത്രമാണ്. മിഥുനക്കൂറും, കര്‍ക്കിടകക്കൂറും, ഇതില്‍ മിഥുനക്കൂറുകാര്‍ക്ക്, തിരുവാതിരയോട് ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ വായിച്ച് അതുപോലെ ജാഗ്രതയോടെ 2009 തള്ളിനീക്കുക. കര്‍ക്കിടകക്കൂറുകാര്‍ക്ക് വിവാഹം, മംഗള കര്‍മ്മങ്ങള്‍, ഇവയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്. പക്ഷേ, വ്യാഴത്തിന് ബലമില്ലാത്തതിനാലും രാഹുബന്ധമുള്ളതിനാലും ഗുണം പരമാവധി ലഭിക്കണമെങ്കില്‍ നല്ലവണ്ണം ഈശ്വരപ്രീതികൂടി നേടണം. ശനിദശ അനുഭവിക്കുന്ന പുണര്‍തം കാര്‍ മൃത്യുഞ്ജയ അര്‍ച്ചന, ജപം, പൂജ നടത്തുന്നത് കുറെക്കൂടി ഗുണകരമാണ്.

8. പൂയം:പൂയത്തിനും പ്രത്യക്ഷത്തില്‍ ഗുണകരമായ വര്‍ഷമെന്ന് തോന്നിയാലും, അനുഭവിക്കുന്ന ദശയ്ക്കനുസരിച്ചു ഗുണദോഷം കൂടിയും കുറഞ്ഞും വരുമെന്നതിനാല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കേതു, ആദിത്യന്‍, ദശ അനുഭവിക്കുന്നവര്‍ ഗണപതി, ദുര്‍ഗ്ഗ, ചാമുണ്ടി പ്രീതി കേതുവിനും ആദിത്യന് ശിവ, സൂര്യപ്രീതിയും നേടുക. സര്‍പ്പപ്രീതിയും നേടണം, ദിവ്യമാതാവിനേയും, സെന്റ് ജോര്‍ജ്, ഗീവര്‍ഗീസ് പുണ്യവാളനേയും അവരുടെ വിശ്വാസമനുസരിച്ച് പ്രാര്‍ത്ഥിച്ച് ഈശ്വരീയത വര്‍ദ്ധിപ്പിച്ചാല്‍ അനേക വര്‍ഷമായി സ്വപ്നം കാണുന്ന ജീവിതോദ്ദേശ്യം സഫലീകരിക്കാം. ശുക്രദശ അനുഭവിക്കുന്നവര്‍ ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വരാതെയും സ്വഭാവദൂഷ്യം വരാതെയും ശ്രദ്ധിക്കണം. വിഷ്ണുപ്രീതി, ആര്‍ജിച്ചാല്‍ ഭാഗ്യകടാക്ഷം വര്‍ദ്ധിക്കും.

9. ആയില്യം:ആയില്യത്തിനും ഗുണകരമായ വര്‍ഷമാണ് . എന്നാല്‍ ഗുണഫലം പൂര്‍ണ്ണ അളവില്‍ ലഭിക്കണമെങ്കില്‍ ഈശ്വരീയത വര്‍ദ്ധിപ്പിക്കണം. ഭൂമിലാഭം, ഗൃഹലാഭം, എന്നിവ ഉണ്ടാകാവുന്ന വര്‍ഷമാണ്. കുറച്ചുകാലമായി നിലനിന്ന അശാന്തിയ്ക്ക് ഒരു അയവ് വരും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കേതു. ആദിത്യന്‍, ചൊവ്വാ ദശ ആയില്യക്കാര്‍ക്ക് അതത് ഗ്രഹങ്ങള്‍ക്ക് പ്രീതികരമായ പ്രാര്‍ത്ഥനയും, പൂജയും എടുക്കുന്നത് നല്ലതാണ്. ചന്ദ്രദശക്കാര്‍ക്ക്, ജാതകത്തില്‍ ചന്ദ്രന് ബലമുണ്ടെങ്കില്‍ വിപുലമായ ഗുണങ്ങള്‍ ഉണ്ടാകാം. വിദേശത്തു നിന്ന് ആദായം, വിദേശയാത്ര, എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. അന്നദാനം പാവങ്ങള്‍ക്ക് നല്‍കുന്നതും ഉത്തമമാണ്.

10. മകം:മകരത്തിന് വ്യാഴവും, ശനിയും, രാഹുകേതുക്കളും അത്ര ഗുണകരമല്ല. മാറ്റങ്ങള്‍ പോലും ഇടത്തേ കാലിലെ മജ് വലത്തേകാലിലായി എന്ന മട്ടിലാണ്. അതിനാല്‍ മൃത്യുഞ്ജയ മന്ത്രജപം, പൂജയും മേല്‍ പറഞ്ഞ ഗ്രഹങ്ങള്‍ക്ക് ശാന്തി പൂജകളും ചെയ്യുന്നതു നല്ലതാണ്. രാഹു, ചൊവ്വ, വ്യാഴം, ശനി ദശ നടപ്പുള്ള മകം നക്ഷത്രക്കാര്‍ വളരെ ശ്രദ്ധിക്കണം. ശുക്രദശയുള്ള യുവതീ യുവാക്കളും ആദിത്യ ദശയുള്ള വരും വിവാഹം തുടങ്ങിയ മംഗളകാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നതിന് മുന്‍പ് ഗുണദോഷം ശരിയാം വണ്ണം വിലയിരുത്തണം. സാമ്പത്തിക കാര്യത്തിലും നല്ല നിയന്ത്രണം വേണ്ടിവരും.

11. പൂരം:പൂരത്തിനും മകരത്തിന്റെ അവസ്ഥയാണ്. മൃത്യുഞ്ജയ മന്ത്രജപം, മൃത്യുഞ്ജയ അര്‍ച്ചന, വിഷ്ണുപ്രീതി, രാഹുപ്രീതി, ശനിപ്രീതി, കേതു പ്രീതി വരുത്തണം. ഭവനത്തില്‍ ഒരു ഗണപതി ഹോമവും, ഭഗവതി പൂജയും, അല്ലെങ്കില്‍ വിശ്വാസമനുസരിച്ച് വെഞ്ചരിക്കലും നടത്തുന്നത് നന്ന്. ദേഹരക്ഷ ധരിക്കുന്നതും കൊള്ളാം. രാഹു, വ്യാഴം, ശനി ദശക്കാര്‍ വളരെ ശ്രദ്ധിക്കണം. ഒന്ന് ഒതുങ്ങിയും പതുങ്ങിയും സത്യസന്ധമായി കര്‍മ്മം ചെയ്തും, വാഗ്വാദങ്ങളില്‍ ഇടപെടാതെ കഴിച്ചു കൂട്ടണം.

12. ഉത്രം:2009 സെപ്റ്റംബര്‍ വരെയുള്ളത്ര ഈശ്വരാധീനം സെപ്റ്റംബര്‍ കഴിഞ്ഞാല്‍ ഉത്രത്തിന് ലഭിക്കില്ല. ഉത്രത്തിന് രണ്ട് കൂറുണ്ട്. ചിങ്ങക്കൂറുകാര്‍ക്ക് മകം, പൂരത്തിന്റെ അവസ്ഥയും, കന്നിക്കൂറ് ഉത്രത്തിന് സെപ്തംബര്‍ വരെ കൂടുതല്‍ ദൈവാധീനം, അതുകഴിഞ്ഞാല്‍ ദൈവാധീന കുറവും വരാം. ചൊവ്വ, രാഹു, വ്യാഴം, ശനി, കേതു പ്രീതി വരുത്തുകയും, മൃത്യുഞ്ജയ മന്ത്രജപവും, അര്‍ച്ചനയും പൂജയും നടത്തുകയും, ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്‍പായസം നടത്തുകയും ചെയ്യുക. യേശുദേവനേയും, അമ്മമാതാവിനേയും ഉപാസിക്കുന്നതും ഗുണകരമാണ്.

13. അത്തം:അത്തത്തിന് 2009 സെപ്തംബര്‍ വരെയുള്ളതിനേ ദൈവാധീനക്കുറവ് സെപ്തംബറിന് ശേഷം വരാം. രാഹുദശയനുഭവിക്കുന്ന യുവതീ യുവാക്കളും, ശനിദശയനുഭവിക്കുന്നവരും വളരെ ശ്രദ്ധിക്കണം. പരമാവധി സര്‍പ്പപ്രീതിയും, ശനിപ്രീതിയും നേടുക. അങ്ങേയറ്റം ആത്മനിയന്ത്രണം പാലിച്ചു 2009 തള്ളിവിടുക. എന്നാല്‍ സന്താനങ്ങള്‍ക്ക് സൌഭാഗ്യം, വിദ്യ, വിവാഹം, വിദേശയാത്ര, ജോലി എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ശനിയാഴ്ച വ്രതമെടുക്കുന്നതും, വീട്ടില്‍ ഈശ്വരീയത വര്‍ദ്ധിപ്പിക്കാനുതകുന്ന പ്രാര്‍ത്ഥനയും പൂജകളും ചെയ്യുന്നതും ഗുണകരമാണ്.

14. ചിത്തിര:ചിത്തിര, കന്നി, തുലാം എന്നീ രണ്ട് കൂറുള്ള നക്ഷത്രമാണ്. വെവ്വേറെ രീതിയിലാണെങ്കിലും ചിത്തിരക്ക് ഏകദേശം തുല്യ ഫലമാണ്. രാഹു ദശയുള്ള ചിത്തിര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിലും, ശനിദശയുള്ള ചിത്തിരക്കാര്‍ക്ക് ജീവിതസൌഭാഗ്യത്തിനും പ്രത്യേകം ഈശ്വരീയത വരുത്തണം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനും സന്താനങ്ങള്‍ക്കും ഗുണംവരാനും സാദ്ധ്യതയുണ്ട്. ചിത്തിര പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. 54 ചൊവ്വാഴ്ച ഭദ്രകാളി, ദുര്‍ഗ്ഗാ, മുരുക ക്ഷേത്രത്തിലേതിലെങ്കിലും നെയ്ദീപം കത്തിക്കുകയോ, വേളാങ്കണ്ണി മാതാവ് പോലുള്ള മാതാക്കള്‍ക്ക് മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുന്നതും ഗുണകരമാണ്.

15. ചോതി:ജന്മദശാധിപന്‍ രാശിമാര്‍ പതിനൊന്നില്‍ വരുന്ന വര്‍ഷമാണ്. ജീവിതത്തിന് തന്നെ അടിസ്ഥാനപരമായ പുരോഗതിക്ക് തുടക്കം കുറിക്കുന്ന വര്‍ഷം. വിവാഹം, ജോലി, പരീക്ഷാ വിജയം, നിക്ഷേപം, ഗ്രഹനിര്‍മ്മാണം, പുതുക്കള്‍, വാഹനം തുടങ്ങിയവയ്ക്കും സാദ്ധ്യതയുണ്ട്. എന്നാല്‍ ശനി ദശയും, ബുധദശയും, കേതുദശയും അനുഭവിക്കുന്ന ചോതി നക്ഷത്രക്കാര്‍ അതത് ഗ്രഹ പ്രീതിക്ക് വേണ്ടത് ചെയ്യണം.

16. വിശാഖം:തുലാം വൃശ്ചികം കൂറുകളിലായി നില്‍ക്കുന്ന നക്ഷത്രമാണ് വിശാഖം. വൃശ്ചികക്കൂറിന് സെപ്തംബറിന് ശേഷം കുറെക്കൂടി ഗുണകരമാണ്. ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചാല്‍ വിദ്യാ വിജയം, കര്‍മ്മ ഗുണം, ഭൂമിലാഭം, ഗൃഹനിര്‍മ്മാണം തുടങ്ങി പല നല്ല കാര്യങ്ങളും നടക്കാവുന്ന വര്‍ഷം. രാഹു, ശനി, കേതു പ്രീതികരങ്ങളായ പ്രാര്‍ത്ഥനകളും പൂജകളും ചെയ്യുന്നത് ഗുണം വര്‍ദ്ധിക്കാന്‍ ഉപകരിക്കും.

17. അനിഴം:അനിഴത്തിനും ശ്രദ്ധിച്ചാല്‍ നന്മയുടെ വര്‍ഷമാണ്. എന്നാല്‍ ബുധദശയനുഭവിക്കുന്ന യുവാക്കള്‍ പഠനത്തില്‍ ജാഗ്രതകാണിക്കണം. സന്താന ലാഭം, സന്താനങ്ങളെക്കൊണ്ടു ഗുണം, ദാമ്പത്യ ഗുണം, ഗൃഹലാഭം, കര്‍മ്മ ഗുണം എന്നിവ അനുഭവത്തില്‍ വരാം. ആദിത്യന്‍, കേതു. ബുധ ദശക്കാര്‍ പ്രത്യേക ഈശ്വരാധീനം വരുത്തണം. സഹോദര ഗുണവും, സൌഹൃദവര്‍ദ്ധനയും, വിദേശയാത്രയും ഗുണവും ഉണ്ടാകാം.

18. കേട്ട:കേട്ടയ്ക്കും 2009 സെപ്റ്റംബര്‍ മുതല്‍ കൂറെക്കൂടി നല്ല കാലമാണ്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ചില അവിചാരിത പ്രയാസങ്ങളും മറ്റും ഉണ്ടാകാം. എന്നിരുന്നാലും രാഹു, ചൊവ്വ ദശ ഒഴികെയുള്ള കേട്ടക്കാര്‍ക്ക് വിവിധ രീതിയിലുള്ള ഗുണാനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് അപ്രതീക്ഷിത ഗുണം ഉണ്ടായി സന്തോഷിക്കാനും ഇടവരും.

19. മൂലം:മൂലത്തിനും ഏറെക്കുറെ നല്ല വര്‍ഷമാണ്. ബന്ധുവര്‍ധന, ധനം. സുഖം, കര്‍മ്മം, ഗൃഹം, വാഹന ഗുണം ഉണ്ടാകാം. 2009 സെപ്റ്റംബര്‍ മുതല്‍ ശരീരത്തിന് പീഢയും രാഹുദശയാണെങ്കില്‍ ഓപ്പറേഷനോ വരെ ഉണ്ടാകാം. ജീവിതപങ്കാളിക്കും ചില അരിഷ്ടതകള്‍ വരാം. ചൊവ്വ. രാഹു, ശനി ദശ മൂലംകാര്‍ അതത്. ദശാനാഥന്‍മാരെ പ്രീതിപ്പെടുത്തണം.

20. പൂരാടം:പൂരാടത്തിനും ഉയര്‍ച്ചയുടെ വര്‍ഷമാണ്. സല്‍പേരിന് കളങ്കവും, ധനനഷ്ടവും, മറ്റുള്ളവരില്‍നിന്നും വഞ്ചനയും വരാതെ ശ്രദ്ധിക്കുന്നത് നന്ന്. എല്ലാരംഗത്തും, ധനം, കര്‍മ്മം, ഗൃഹം, സൌഹൃദത്തിലെല്ലാം ഉയര്‍ച്ചയും നന്മയുമുള്ള വര്‍ഷം. രാഹു. ചൊവ്വ, ശനി ദശ പൂരാടക്കാര്‍ക്ക് അതത് ദശാനാഥന്‍മാര്‍ക്ക് പ്രീതികരമായത് ചെയ്യണം.

21. ഉത്രാടം:ഉത്രാടം ധനു മകരം കൂറുകളില്‍ നില്‍ക്കുന്ന നക്ഷത്രമാണ്. ധനു ആദ്യ ഉത്രാടക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കുമ്പോള്‍, മകരക്കൂറുകാര്‍ക്ക് മനഃപ്രയാസത്തിന്റെ വര്‍ഷമാണ്. പ്രത്യേകിച്ചും ചൊവ്വ, രാഹു, ശനി ദശക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നിരുന്നാലും ദീര്‍ഘകാലമായി ആഗ്രഹിച്ച ഗൃഹനിര്‍മ്മാണം, സന്താനങ്ങളുടെ നന്മ, കര്‍മ്മഗുണം എന്നിവ ഉണ്ടാകും. ആയുരാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധിക്കണം.

22. തിരുവോണം:ഈശ്വരാധീനം കുറഞ്ഞും അഷ്ടമ ശനിയുമായാണ് തിരുവോണം നക്ഷത്രക്കാര്‍ക്ക് വര്‍ഷാരംഭം. എന്നാല്‍ 2009 സെപ്തംബറില്‍ അഷ്ടമ ശനിമാറുകയും, നവംബറില്‍ രാഹു പന്ത്രണ്ടിലേക്ക് മാറുകയും ചെയ്യുമ്പോള്‍ ശനിദോഷം മാറിയാലും, വ്യാഴ, രാഹു ദേഷം നിലനില്‍ക്കും. അതിനാല്‍ പരമാവധി ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചും രാഹു, വ്യാഴ, ശനി പ്രീതി വരുത്തിയും നീങ്ങുക. രാഹു, വ്യാഴ ദശയുള്ളവരും ശനിദശ തിരുവോണക്കാര്‍ക്കും കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഒരു നിശ്ചലാവസ്ഥയ്ക്ക് മാറ്റം വന്ന് പുരോഗതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി അനുഭവത്തില്‍ വരും.

23. അവിട്ടം:അവിട്ടം മകര കൂറും കുംഭകൂറുമുണ്ട്. മകരക്കൂറിന് തിരുവോണത്തിന്റെ അതേ അവസ്ഥയും, എന്നാല്‍ കുംഭക്കൂറുകാര്‍ക്ക് വെള്ളം വറ്റിയ സ്ഥലത്തെ വള്ളം തുഴയുന്നതുപോലെ ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ വരാവുന്നതാണ്. വ്യാഴവും കൂടി വ്യയ ദുരിതസ്ഥാനത്തെത്തി കയറുക ശനി സ്വാഗതം ചെയ്തു അഷ്ടമശനിയില്‍ എത്തിക്കുന്ന വര്‍ഷം. ആയുരാരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. മൃത്യുഞ്ജയ മന്ത്രജപം, അര്‍ച്ചന, ഹോമവും, വിഷ്ണുപ്രീതിയും, സര്‍പ്പപ്രീതിയും, ദേഹരക്ഷയും, വാസസ്ഥാനത്ത് ഭൂമി പൂജയും, വാസ്തു ദോഷം തീര്‍ക്കലും, ഗ്രഹ ഐശ്വര്യത്തിന് പൂജാദികള്‍ നടത്തുന്നതും ഉത്തമമാണ്.

24. ചതയം:അവിട്ടം കുംഭക്കൂറിന്റെ അതേ അവസ്ഥയാണ് ചതയത്തിനും. എന്നാല്‍ ചതയത്തിന്റെ ജന്മദശാ നാഥന്‍ വര്‍ഷാന്ത്യ്രം ലാഭ സ്ഥാനത്ത് വരുന്നത് ഗുണപ്രദമാണ്. അവിട്ടം കുംഭക്കൂറിന് പറഞ്ഞ പരിഹാരങ്ങളും ഒപ്പം ധനക്രയവിക്രയത്തില്‍ ശ്രദ്ധയും, വാഹനം, രാത്രിയാത്ര ഇവയില്‍ നിന്ന് ബുദ്ധിമുട്ട് വരാതെയും ശ്രദ്ധിക്കണം. ശനി, ബുധ ദശ അനുഭവിക്കുന്ന ചതയംകാര്‍ അതീവ ജാഗ്രതയോടെ ജീവിക്കണം.

25. പൂരുരുട്ടാതി:പൂരുരുട്ടാതി കുംഭം മീനം കൂറുകളിലായാണ് നില. കുംഭക്കൂറുകാര്‍ക്ക് അവിട്ടം, കുംഭക്കൂറിന്റെയും, ചതയത്തിന്റേയും അവസ്ഥയാണ്. കേതു, ശുക്ര ആദിത്യ എന്നീ ദശയും, ഗ്രഹനിലയില്‍ ബുധന്‍ ബലമില്ലാതെ നില്‍ക്കുന്ന പൂരുരുട്ടാതിക്കാരും പരമാവധി ഈശ്വരാധീനം വരുത്തണം. മീനക്കൂറ് പൂരുരുട്ടാതിക്ക് അല്പം കൂടി ഈശ്വരാധീനം ഉണ്ട്. ശ്രദ്ധിച്ചാല്‍ എല്ലാ മേഖലയിലും നല്ല മുന്നേറ്റം നടത്താവുന്ന വര്‍ഷമായി മാറും. ശനി, രാഹു, ചൊവ്വ പൂരുരുട്ടാതിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈശ്വരാധീനം വരുത്താന്‍ അമാന്തിക്കരുത്.

26. ഉത്രട്ടാതി:വ്യാഴം അനുകൂലം, 2009 സെപ്തംബര്‍ ആകുമ്പോള്‍ കണ്ടകശനി, വര്‍ഷാന്ത്യം രാഹുവും വിപരീതമാകും. ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാല്‍ അല്പ സ്വല്പ ബുദ്ധിമുട്ടുകള്‍ തടസ്സ രൂപേണ വന്നാലും ധാരാളം നേട്ടങ്ങളുടെ വര്‍ഷമായി മാറും. എന്നാല്‍ കര്‍മ്മ രംഗത്ത് ഒരു പ്രത്യേക കണ്ണ് വേണം. അല്ലെങ്കില്‍ ജോലി നഷ്ടം, തുടങ്ങി പലകോട്ടങ്ങളും ഉണ്ടാകാം.

27. രേവതി:രേവതിയ്ക്കും ഉത്രട്ടാതിയുടെ ഗോചരാന്‍ അവസ്ഥയാണ്. ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ ഗുണകരമാണെങ്കില്‍ നല്ല മുന്നേറ്റവും, അല്ലെങ്കില്‍ വര്‍ഷ മദ്ധ്യം കഴിഞ്ഞാല്‍ മനഃപ്രയാസവും, പുരോഗതിക്കുറവും വരാം. രേവതിയില്‍ രാഹു, ചൊവ്വ, ആദിത്യ ദശ നടപ്പുള്ളവര്‍ സര്‍പ്പപ്രീതി, ദേവിമുളക പ്രീതി- ആദിത്യ, ശിവ പ്രീതിയും, സെപ്തംബറിന് ശേഷം ശനീശ്വര- അയ്യപ്പ പ്രീതിയും നേടുക. ശനിയാഴ്ചകളില്‍ ശ്രീയേശുവിന് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും, സെന്റ് ജോര്‍ജ്, ഗ്രീഗോറിയോസ് പുണ്യവാളന്മാരെ ഭജിക്കുന്നതും നല്ലതാണ്.

പ്രഫ. ദേശികം രഘുനാഥന്‍,
എം. ജി. കോളജ്,
തിരുവനന്തപുരം.