Tuesday, August 10, 2010
ശാന്താദേവിയുടെ ജീവിതം സത്യമാക്കിയ 'ദ ബ്രിഡ്ജ്'
വെള്ളിത്തിരയിലും നാടകവേദിയിലും അനശ്വര ചിത്രങ്ങള്‍ ഒരുക്കിയ കോഴിക്കോട് ശാന്താദേവിയിന്ന് കഥാപാത്രങ്ങളും ഉറ്റവരും കയ്യൊഴിഞ്ഞതിന്റ വേദനയിലാണ്.
നല്ലളത്തെ വീട്ടില്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളുടെ സ്‌നേഹമയിയായ ഈ അമ്മ. മൂത്തമകന്‍ സുരേഷ്ബാബുവിനും കുടുംബത്തിനുമൊപ്പമായിരുന്നു നേരത്തേ ശാന്താദേവി താമസം. രണ്ടുമാസം മുമ്പ് മകനും കുടുംബവും സേലത്തേക്ക് താമസം മാറ്റി. അതോടെ വാര്‍ധക്യത്തിന്റെ അവശതകളെ നേരിടാനാകാതെ തളരുകയാണിവര്‍.
മകനും കുടുംബവും താമസം മാറുമ്പോള്‍ മുറികളെല്ലാം പൂട്ടിയതിനാല്‍ വീട്ടിലെ സ്വീകരണ മുറിയിലാണ് ഉറക്കവും വിശ്രമവുമെല്ലാം. തൊട്ടടുത്തുള്ള അടച്ചുറപ്പില്ലാത്ത മുറിയില്‍ സാംസ്‌കാരിക കേരളം നല്കിയ ബഹുമതികളും അവാര്‍ഡുകളും അലങ്കോലമായി കിടക്കുന്നു. സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിന്നിവര്‍.
അയല്‍വാസികള്‍ സ്‌നേഹത്തോടെ നല്കുന്ന ആഹാരം മാത്രമാണ് ആശ്രയം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ശാരീരികമായി തളര്‍ത്തുന്നു. രണ്ട്മാസം മുമ്പ് കാലിനേറ്റ പരിക്ക്മൂലം ഒരടിപോലും ഒറ്റയ്ക്ക് നടക്കാനാകില്ല. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നതിനിടെ വീണ് തലയ്ക്ക് പലകുറി പരിക്കേറ്റു.
രഞ്ജിത്ത് സാക്ഷാത്കാരം നിര്‍വഹിച്ച 'കേരളകഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ്' എന്ന ഹ്രസ്വസിനിമ ശാന്താദേവി ഒടുവില്‍ വേഷമിട്ട ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രത്തില്‍ നിസ്സഹായനായ മകന്‍ ഉപേക്ഷിക്കുന്ന വൃദ്ധയായ അമ്മയുടെ വേഷമാണ് അവര്‍ക്ക്. അത് അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ .
1992ല്‍ 'യമനം' സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കു ലഭിച്ച ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മാറോടടുക്കുമ്പോഴും തന്നെ ഒറ്റപ്പെടുത്തിയവരെ തള്ളിപ്പറയാന്‍ ഈ അമ്മയ്ക്കാകുന്നില്ല. 480ലേറെ ചലച്ചിത്രങ്ങള്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേതുമടക്കം നൂറ്കണക്കിന് അവാര്‍ഡുകള്‍, ബഹുമതികള്‍. എന്നിട്ടും ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിസ്മൃതിയിലേക്ക് തള്ളി. എപ്പോഴെങ്കിലും തേടിയെത്തുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഈ അഭിനേത്രിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശ്രയം.
കടപ്പാട് : മാതൃഭൂമി
Friday, August 6, 2010
ജൂലിയ റോബര്‍ട്‌സ് പേരുമാറ്റുമോ?
ഹോളിവുഡിന്റെ സൗന്ദര്യ റാണി ജൂലിയ റോബര്‍ട്‌സ് ഹിന്ദുമതം സ്വീകരിച്ചു. അടുത്ത ജന്‍മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ഹിന്ദുവായി മാറിയതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജൂലിയ വെളിപ്പെടുത്തി.
അടുത്തിടെ ഷൂട്ടിംഗിനായി ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
താനും ഭര്‍ത്താവും മൂന്ന് കുട്ടികളും ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ജൂലിയ പറഞ്ഞു. പ്രശസ്ത ക്യാമറമാനായ ഡാനിയേല്‍ മോഡറാണ് ജൂലിയയുടെ ഭര്‍ത്താവ്. ബാപിസ്റ്റ്, കത്തോലിക്ക സഭാ വിശ്വാസികളാണ് ജൂലിയയുടെ മാതാപിതാക്കള്‍ .
റിലീസാകാനിരിയ്ക്കുന്ന 'ഈറ്റ് പ്രേ ലവ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ജൂലിയ ഇന്ത്യയിലെത്തിയതും ഹിന്ദുമതത്തെ അടുത്തറിഞ്ഞതും. ചിത്രത്തില്‍ തന്റെ സ്വത്വം തേടി ലോകം മുഴുവന്‍ ചുറ്റുന്ന വിവാഹ മോചിതയായ ഒരു സ്ത്രീയുടെ റോളിലാണ് ജൂലിയ പ്രത്യക്ഷപ്പെടുന്നത്.
സ്വകാര്യ ജീവിതത്തില്‍ അനുഭവിക്കുന്ന ദുഖങ്ങളാണ് നാല്‍പ്പത്തിരണ്ടുകാരിയായ ജൂലിയ ഹിന്ദുമതം സ്വീകരിച്ചതിനു പിന്നിലെന്ന് സൂചനകളുണ്ട്. ഈ ജന്മത്തില്‍ കൂട്ടുകാരും ബന്ധുക്കളും ദുഖങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അടുത്ത ജന്മത്തിലെങ്കിലും അതിനു മാറ്റം ഉണ്ടാവണമെന്നുമാണ് ജൂലിയ ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിലെ പ്രധാന ആശയങ്ങളിലൊന്നായ പുനര്‍ജന്മത്തിലും നടി വിശ്വസിയ്ക്കുന്നുണ്ട്.
Subscribe to:
Posts (Atom)