മെഴ്സിസൈഡ് പൊലീസില്‍ ഐടി വിദഗ്ധനായിരുന്ന പീറ്റര്‍ അലക്സ് ഡെയര്‍ കിന്‍ലോക്ക് എന്ന സ്ക്കോട്ട്ലാന്റ്ക്കാരനായ പീറ്റര്‍ കിന്‍ലോക്ക് എന്ന പര്‍വ്വതാരോഹകന്‍ അദേഹത്തിന്റെ 29 ആം വയസ്സില്‍ (17 ജൂലായ് 1981 - 26 മെയ് 2010) സമുദ്രനിരപ്പില്‍നിന്ന് 29035 അടി (ഏകദേശം 8720 മീറ്റര്‍) ഉയരത്തില്‍. -35 ഡിഗ്രി സെല്‍ഷ്യസില്‍ കട്ടയായി കിടക്കുന്ന മഞ്ഞില്‍ കിടന്ന് ഈ ലോകത്തോട് വിടപറഞ്ഞു.
2010 മേയ് 25ന് ഉച്ചയ്ക്ക് എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയപ്പോള്‍ സ്കോട്ട്ലന്‍ഡ്കാരന്‍ പീറ്റര്‍ ഭൂമിയിലെ വിജയികളില്‍ ഏറ്റവും ഉന്നതനായിരുന്നു. പീറ്ററിന്റെ ടീം ലീഡറായ ഡേവിഡ് ഒബ്രിയെന്‍ രണ്ടുമണിയോടെ താഴെ ക്യാംപ് മൂന്നിലേക്ക് നല്‍കിയ വാക്കിടോക്കി സന്ദേശമനുസരിച്ച് എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാര്‍. പ്രത്യേകിച്ച് പീറ്റര്‍ അത്യുല്‍സാഹത്തിലായിരുന്നു കാരണം അത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷം ആയിരുന്നു, പക്ഷെ ഈ ആഗ്രഹം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അദേഹം ഈ ലോകത്തുന്നിന്നേ യാത്രയായി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിക്കുന്ന 30 ആമത്തെ പര്‍വതാരോഹകനാണ്‍ ഇദേഹം.
തിരിച്ചിറക്കം ആരംഭിച്ച് അല്‍പസമയത്തിനുള്ളില്‍ സ്ഥിതി മാറി. കാറ്റിന്റെ ശക്തി കൂടി. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു. പീറ്ററിന്റെ ചുവടുകള്‍ ഇടറി. കാഴ്ച മങ്ങുന്നതായി തോന്നി. ഹിമാലയന്‍ മേഖലയിലെ തദ്ദേശീയരായ ഗൈഡുകളായ കൂടെയുണ്ടായിരുന്ന ഷെര്‍പകള്‍ക്ക് കാര്യം മനസിലായി. കൊടുമുടികളില്‍ സംഭവിക്കാവുന്ന അപകടങ്ങളില്‍ ഒന്ന് റെറ്റിനല്‍ ഹെമറേജ്, കണ്ണിനുള്ളിലെ രക്തസ്രാവം.
മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തൂവെള്ളക്കാഴ്ചകളില്‍ നിന്ന് പീറ്റര്‍ കൂരിരുട്ടിലേക്കെത്തി. നൂറു ശതമാനം അന്ധത. മാത്രമല്ല അതിശൈത്യത്തിന്റെ ആഘാതം (ഫ്രോസ്റ്റ്ബൈറ്റ്) കൈവിരലുകളില്‍ കണ്ടുതുടങ്ങി. 8600 മീറ്റര്‍ ഉയരത്തിലെ മഷ്റൂം റോക്ക് പോയിന്റില്‍പീറ്റര്‍ വീണു. കൂട്ടുകാര്‍ മരുന്നും വെള്ളവും ഓക്സിജനും ഭക്ഷണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും പീറ്ററിന്റെ ശരീരം പ്രതികരിച്ചില്ല. ക്യാംപ് മൂന്നിലേക്ക് ആറുമണിയോടെ വീണ്ടും ഡേവിഡ് ഒബ്രിയെന്റെ വാക്കിടോക്കി സന്ദേശം.
പീറ്ററിന്റെ നില മോശം. സഹായത്തിനായി ആരെങ്കിലും വരണം. മൂന്നുപേര്‍ വന്നെങ്കിലും അവരും നിസ്സഹായരായി നോക്കിനിന്നതേ ഉള്ളു. ഒരാളെ താങ്ങിയെടുത്ത് താഴെയെത്തിക്കുക എന്നത് എവറസ്റ്റില്‍ വളരെ പ്രയാസമാണ്. ഇനി മടക്കമില്ലെന്ന് പീറ്ററും ഉറപ്പിച്ച മട്ടായി. കനക്കുന്ന ഇരുട്ട്, ശക്തമാകുന്ന കാറ്റ്, കുറയുന്ന ശ്വാസവായു, നിലത്ത് മരിച്ചുകൊണ്ടിരിക്കുന്ന സഹയാത്രികന്‍. പീറ്ററിനെ പരിചരിച്ചിരുന്നവര്‍ക്കും അസ്വസ്ഥത തുടങ്ങി.
മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ക്യാംപില്‍ നിന്ന് സന്ദേശമെത്തി. നടക്കാന്‍ കഴിയുന്നവര്‍ ഇറക്കം തുടരണം. അങ്ങനെ രാത്രി രണ്ടോടെ ഡേവിഡും
കൂട്ടരും ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെടുത്തു. പീറ്ററിനെ മരിക്കാന്‍ വിട്ട് താഴേക്ക് മടങ്ങുക. നിറകണ്ണുകളോടെ ആ ക്യാംപിലെത്തി. അപ്പോള്‍ അവിടെ പീറ്ററിന്റെ ജീവനായുള്ള പ്രാര്‍ഥന നടക്കുകയായിരുന്നു.
പീറ്ററിന്റെ പ്രണയിനിയായ ടര്‍ക്കിഷ് യുവതി മൃദേഹം നാട്ടിലെത്തിക്കണമെന്ന് ടിബറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഓരോ കൊടുമുടികള്‍ കീഴടക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അഞ്ചാമതായാണ് പീറ്റര്‍ എവറസ്റ്റ് കയറിയത്.
പീറ്ററിന്റെ മരണവാര്‍ത്തയറിഞ്ഞ പിതാവ് പറഞ്ഞത് ഇങ്ങനെ. പീറ്ററിന്റെ ജീവിതാഭിലാഷമായിരുന്നു എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത്. അത് പൂര്‍ത്തിയാക്കിയ പീറ്റര്‍ സമാധാനമായി പോകട്ടെ.
എവറസ്റ്റ് കയറുന്ന 100 പേരില്‍ 9 പേര്‍ മരിക്കുന്നെന്നാണ് ഏകദേശ കണക്ക്. പലരുടെയും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. അതിനാല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശവപ്പറമ്പും എവറസ്റ്റാണെന്ന് പറയാം.
ഉയരങ്ങളെ അത്രമാത്രം സ്നേഹിച്ച ഈ ആത്മാവിനു നിത്യശാന്തി നേരുന്നു.
കടപ്പാടുകള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, മലയാള മനോരമ, ന്തി ഇന്‍ഡിപെന്റന്‍ഡ്,യാഹു.