Sunday, August 2, 2009

ആ വെട്ടമണഞ്ഞു



മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷനും ആചാര്യനുമായ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു.73 വയസായിരുന്നു. ഇന്നലെ രാത്രി 8.45 നു മലപ്പുറം കെപിഎം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കബറടക്കം ഞായറാഴ്ച വൈകിട്ട്‌ മൂന്നു മണിക്ക്‌ പാണക്കാട്‌ തറവാട്ടില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖം മൂലം ഏറെക്കാലമായി ചികിത്സയിലായിരുന്നു. അമേരിക്കയിലേക്കും ചികിത്സക്കായി കൊണ്ടുപോയിരുന്നു.ഇന്നലെ വൈകിട്ട്‌ കുഴഞ്ഞു വീണതിഞ്ഞാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്‌തിയായിരുന്നു തങ്ങളെന്നു മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു.

മഹാനായ രാഷ്ട്രീയ നേതാവായിരുന്നു തങ്ങളെന്നു പിണറായി വിജയന്‍ പറഞ്ഞു.

ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ സോണിയ ഗാന്ധി അനുശോചിച്ചു.

കക്ഷിരാഷ്ട്രീയത്തിനുപരി അദ്ദേഹത്തെ ബഹുജനങ്ങള്‍ ബഹുമാനിച്ചിരുന്നു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുസ്‌ലിം ലീഗ്‌ രാഷ്ട്രീയത്തില്‍ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു തങ്ങള്‍ക്കുണ്ടായിരുന്നത്‌. 34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു അദ്ദേഹം.

ഈജിപ്‌തിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്നും ഇസ്‌ലാമിക വിജ്ഞാനത്തില്‍ ഉന്നതബിരുദവും അറബ്‌ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്‌.കീറോ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി.

ഒരിക്കലും മായാത്ത പുഞ്ചിരിയും പ്രസന്നതയും. സൗമ്യഭാവം. പതിഞ്ഞ ശബ്ദം. ഹ്രസ്വമായ പ്രാര്‍ഥനയും പ്രസംഗവും. ആര്‍ക്കു മുന്നിലും അടച്ചി ടാത്ത ഹൃദയവാതില്‍. ഏതു സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചുനല്‍കുന്ന നേതാവ്‌ - ഇതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാ ബ്‌ തങ്ങള്‍.

സമൂഹത്തിന്‌ ആത്മീയ രംഗത്തും രാ ഷ്ട്രീയ രംഗത്തും ഒരേ സമയം നേതൃത്വം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം പേരിലൊരാളായിരുന്നു പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍. തന്റെ പിതാവിനു പിന്‍ഗാ മിയായി കേരള മുസ്‌ലിംകള്‍ക്ക്‌ ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാ നത്ത്‌ 30 വര്‍ഷം പിന്നിട്ട വ്യക്‌തിത്വം. സ്വന്തം പിതാവ്‌ ഈ സ്ഥാനത്തിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം. ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമായിരുന്നു ശിഹാബ്‌ തങ്ങളുടെ മുഖമുദ്രകള്‍. അതുകൊണ്ടാണ്‌ അഷ്ടദിക്കില്‍നിന്നും ആളുകള്‍ പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നത്‌.

അനേകകാലം പരസ്പരം പോരടിച്ച വസ്‌തുതര്‍ക്കങ്ങളും കേസുകളുമെല്ലാം ശിഹാബ്‌ തങ്ങളുടെ മധ്യസ്ഥതയില്‍, അദ്ദേഹത്തിന്റെ വിധിയില്‍ തീര്‍പ്പാകുന്നത്‌ പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേര്‍ തങ്ങള്‍ക്കരികിലെത്തി. തങ്ങളുടെ സാമീപ്യവും പ്രാര്‍ഥനയും അനുഗ്രഹവുമായിരുന്നു അവര്‍ക്കുള്ള മരുന്നുകള്‍. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും.

മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടും. പള്ളി, മദ്‌റസാ കമ്മിറ്റികളും യത്തീംഖാനകളും കോളജുകളുമെല്ലാം.

അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടി തങ്ങളെ നേതൃസ്ഥാനത്ത്‌ നിര്‍ബന്ധിച്ചിരുത്തുന്നതാണ്‌ പലതും.

6 comments:

മാണിക്യം said...

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു

ജിപ്പൂസ് said...

മഹാനായ ഒരു മനുഷ്യ സ്നേഹിയെ കൂടിയാണു ശിഹാബ് തങ്ങളുടെ അന്ത്യത്തോടെ കേരളത്തിനു നഷ്ടമായത്.നിര്യാണത്തില്‍ അനുശോചിക്കുന്നു.

രഘുനാഥന്‍ said...

അനുശോചനം അറിയിക്കുന്നു....

ഇനി ഒരു സംശയം ചോദിക്കട്ടെ?

മഹാന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ ആരും ഒന്നും പറയാത്തതെന്ത്??

ഈ അഭിപ്രായം പറഞ്ഞിട്ടുള്ള എത്ര പേര്‍ക്ക് അദ്ദേഹത്തെ നേരിട്ട് വ്യക്തമായി അറിയാം?


ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ രണ്ടു മൂന്നു ദിവസം പത്രക്കാര്‍ താളുകള്‍ നിറയ്ക്കും..
നേതാക്കള്‍ അവരുടെ ഗുണഗണങ്ങള്‍ വാഴ്ത്തും
അത് കഴിഞ്ഞാലുടനെ നേതാക്കള്‍ തങ്ങളുടെ തൊഴുത്തില്‍ കുത്തും വിഴുപ്പലക്കലും തുടരും
അപ്പോള്‍ മരിച്ചവര്‍ മറവിയുടെ മാറാലയാല്‍ മൂടപ്പെടും...
മരിച്ചവരുടെ സഹജീവികള്‍ മാത്രം ആ ഓര്‍മകളുമായി കാലം കഴിക്കും
എല്ലാം ലോക സഹജം.


നല്ല പോസ്റ്റ്‌ ..ആശംസകള്‍

കരീം മാഷ്‌ said...

Ragunadhan this is my Answer to you,
thnks for Smija ji for a detailed note.

മാഷിന്ടെ തൂലിക: ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍

ബഷീർ said...

രാഷ്ടീയ താത്പര്യങ്ങൾക്കപ്പുറം സൌഹൃദം സൂക്ഷിച്ച പാരമ്പര്യത്തിനുടമയായ ശാന്തനായ വ്യക്തിത്വമായിരുനു ശിഹാബ് തങ്ങൾ..അദ്ധേഹത്തിന്റെ മരണം മലയാളികൾക്ക് മൊത്തം നഷ്ടം തന്നെ. ആദരാഞ്ജലികൾ..

|santhosh|സന്തോഷ്| said...

"മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്‌തിയായിരുന്നു തങ്ങളെന്നു "

പടച്ചോനേ................!!!!??